Western Australia

പെർത്തിൽ ഒമ്പത് വർഷത്തിനിടയിലെ ഏറ്റവും തണുത്ത ഓഗസ്റ്റ് പ്രഭാതം

പെർത്തിൽ ചൊവ്വാഴ്ച പുലർച്ചെ 2.5 ഡിഗ്രി സെൽഷ്യസ് ആണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. ഓഗസ്റ്റ് മാസത്തിലെ നഗരത്തിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത് ഒമ്പത് വർഷത്തിനിടെ.

Safvana Jouhar

പെട്ടെന്നുണ്ടായ കാലാവസ്ഥാ മാറ്റത്തെ തുടർന്ന് പെർത്തിലും സമീപ പ്രദേശങ്ങളിലും ഈ ആഴ്ച ഒമ്പത് വർഷത്തിനിടയിലെ ഏറ്റവും തണുത്ത പ്രഭാതമാണ് അനുഭവപ്പെട്ടത്. തിങ്കളാഴ്ച വെസ്റ്റേൺ ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ ലഭിച്ചു. പെർത്തിൽ മാത്രം 16 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. പിന്നീട് കാലാവസ്ഥ തെളിഞ്ഞതോടെ കാറ്റ് ശമിക്കുകയും രാത്രിയിൽ താപനില കുത്തനെ താഴുകയും ചെയ്തു.

പെർത്തിൽ ചൊവ്വാഴ്ച പുലർച്ചെ 2.5 ഡിഗ്രി സെൽഷ്യസ് ആണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. ഓഗസ്റ്റ് മാസത്തിലെ നഗരത്തിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത് ഒമ്പത് വർഷത്തിനിടെ. സമീപ പ്രദേശങ്ങളിലും കടുത്ത തണുപ്പാണ് അനുഭവപ്പെട്ടത്. പെർത്തിൽ നിന്ന് 174 കിലോമീറ്റർ തെക്കുള്ള ബൻബറിയിൽ താപനില 0.8 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു. അഞ്ച് വർഷത്തിനിടയിലെ ഏറ്റവും തണുത്ത പ്രഭാതവും ഓഗസ്റ്റിലെ പത്ത് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനിലയുമാണിത്.

പെർത്തിൽ നിന്ന് 70 കിലോമീറ്റർ തെക്കുള്ള മാൻഡുറയിൽ കുറഞ്ഞ താപനില 5.4 ഡിഗ്രിയായിരുന്നു. ഓഗസ്റ്റിലെ പത്ത് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. എന്നാൽ വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ ഏറ്റവും തണുത്ത പ്രദേശമായി മാറിയത് പെർത്തിൽ നിന്ന് 100 കിലോമീറ്റർ കിഴക്കുള്ള സെൻട്രൽ വീറ്റ്‌ബെൽറ്റിലെ യോർക്ക് പട്ടണമാണ്. ഇവിടെ താപനില മൈനസ് 1 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു. അതേസമയം, ബുധനാഴ്ച മുതൽ താപനില ഉയരാൻ തുടങ്ങുമെന്നാണ് കാലാവസ്ഥാ പ്രവചനം. തണുത്ത കാറ്റിന്റെ പ്രവാഹം സൗത്ത് ഓസ്‌ട്രേലിയയിലേക്ക് നീങ്ങുന്നതോടെ വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ വരണ്ടതും ശാന്തവുമായ കാലാവസ്ഥ തിരിച്ചെത്തും. വ്യാഴാഴ്ച പെർത്തിലെ കുറഞ്ഞ താപനില ഏകദേശം 6 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നാണ് പ്രവചനം. വാരാന്ത്യത്തോടെ ഇത് വീണ്ടും പത്ത് ഡിഗ്രിക്ക് മുകളിലെത്തും.

SCROLL FOR NEXT