പെർത്തിൽ അതീവ ജാഗ്രത Sky News Weather
Western Australia

ഓസ്‌ട്രേലിയയുടെ പടിഞ്ഞാറൻ തീരങ്ങളിൽ കനത്ത കൊടുങ്കാറ്റും പേമാരിയും; പെർത്തിൽ അതീവ ജാഗ്രത

ശനിയാഴ്ച രാവിലെ മുതൽ സെൻട്രൽ വെസ്റ്റ് മേഖലകളിൽ ആരംഭിക്കുന്ന മഴ രാത്രിയോടെ ശക്തമായ അന്തരീക്ഷച്ചുഴിയായി മാറി തെക്കുപടിഞ്ഞാറൻ തീരങ്ങളെ ലക്ഷ്യമാക്കി നീങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കി

Elizabath Joseph

പെർത്ത്: ഈ ആഴ്ചാവസാനത്തോടെ വെസ്റ്റേൺ ഓസ്‌ട്രേലിയയുടെ (WA) ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത നാശനഷ്ടങ്ങൾ വിതച്ചേക്കാവുന്ന ശക്തമായ കൊടുങ്കാറ്റും ഇടിമിന്നലോടു കൂടിയ പേമാരിയും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ശനിയാഴ്ച രാവിലെ മുതൽ സെൻട്രൽ വെസ്റ്റ് മേഖലകളിൽ ആരംഭിക്കുന്ന മഴ രാത്രിയോടെ ശക്തമായ അന്തരീക്ഷച്ചുഴിയായി മാറി തെക്കുപടിഞ്ഞാറൻ തീരങ്ങളെ ലക്ഷ്യമാക്കി നീങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കി. കടുത്ത അസ്ഥിരത നിലനിൽക്കുന്നതിനാൽ ഈ പ്രദേശങ്ങളിൽ വിനാശകരമായ കാറ്റും അതിശക്തമായ ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുണ്ട്.

ശനിയാഴ്ച വൈകുന്നേരം മുതൽ സംസ്ഥാനത്തിന്റെ 'സൗത്ത് വെസ്റ്റ് ലാൻഡ് ഡിവിഷനിൽ' കടുത്ത കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. രാത്രിയോടെ ശക്തമാകുന്ന ഈ ശീതക്കാറ്റ് ഞായറാഴ്ച പുലർച്ചയോടെ തലസ്ഥാന നഗരമായ പെർത്ത് ഉൾപ്പെടെയുള്ള ലോവർ വെസ്റ്റ് മേഖലകളിലേക്ക് വ്യാപിക്കും. പെർത്തിൽ ശനിയാഴ്ച വൈകുന്നേരവും രാത്രിയും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മരങ്ങൾ കടപുഴകി വീഴാൻ ശേഷിയുള്ള കാറ്റിനും സാധ്യതയുണ്ട്. നഗരത്തിൽ താപനില പരമാവധി 22 ഡിഗ്രി വരെയും രാത്രികാലങ്ങളിൽ 7 ഡിഗ്രി വരെ താഴാനും സാധ്യതയുണ്ട്.

മറ്റ് പ്രധാന ഓസ്‌ട്രേലിയൻ നഗരങ്ങളിലെ കാലാവസ്ഥ:

സിഡ്‌നി: ആകാശം പൊതുവെ മേഘാവൃതമായിരിക്കുമെങ്കിലും മഴയ്ക്ക് സാധ്യതയില്ല. പരമാവധി താപനില 21 ഡിഗ്രിയും കുറഞ്ഞ താപനില 12 ഡിഗ്രിയുമായിരിക്കും.

മെൽബൺ: ശനിയാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കൂടിയ താപനില 18 ഡിഗ്രിയും കുറഞ്ഞ താപനില 11 ഡിഗ്രിയുമായിരിക്കും.

ബ്രിസ്‌ബെയ്ൻ: നല്ല വെയിലുള്ള തെളിഞ്ഞ കാലാവസ്ഥയായിരിക്കും. പരമാവധി താപനില 23 ഡിഗ്രിയും കുറഞ്ഞ താപനില 15 ഡിഗ്രിയും രേഖപ്പെടുത്താം.

അഡ്‌ലെയ്ഡ്: ശനിയാഴ്ച കനത്ത മഴ പെയ്യാൻ സാധ്യതയുണ്ട്. ഉയർന്ന താപനില 17 ഡിഗ്രിയും കുറഞ്ഞ താപനില 13 ഡിഗ്രിയുമായിരിക്കും.

ക്യാൻബറ: ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കും. നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. താപനില കടുത്ത തണുപ്പുള്ള 4 ഡിഗ്രി വരെ താഴാം. പരമാവധി 15 ഡിഗ്രി.

SCROLL FOR NEXT