ആല്‍ബനി സ്നേക്ക് റൺ ABC News
Western Australia

ഓസ്‌ട്രേലിയയിലെ ഏറ്റവും പഴയ സ്കേറ്റ് പാർക്കായ ‘ദി സ്നേക്ക് റൺ’ന് 50 വയസ്

രാജ്യത്തിലെ ഏറ്റവും പഴക്കമുള്ള സ്കേറ്റ് പാർക്കായ ഈ സ്മാരക പൈതൃക കേന്ദ്രം, ലോകത്ത് ഇപ്പോഴും നിലനിൽക്കുന്ന രണ്ടാമത്തെ ഏറ്റവും പഴയ സ്കേറ്റ് പാർക്കുമാണ്.

Elizabath Joseph

പശ്ചിമ ഓസ്‌ട്രേലിയയുടെ തെക്കൻ തീരദേശ നഗരമായ ആൽബനിയിൽ സ്ഥിതിചെയ്യുന്ന Albany Snake Run സ്കേറ്റ് പാർക്ക് 50-ാം വാർഷികം ആഘോഷിക്കുന്നു. രാജ്യത്തിലെ ഏറ്റവും പഴക്കമുള്ള സ്കേറ്റ് പാർക്കായ ഈ സ്മാരക പൈതൃക കേന്ദ്രം, ലോകത്ത് ഇപ്പോഴും നിലനിൽക്കുന്ന രണ്ടാമത്തെ ഏറ്റവും പഴയ സ്കേറ്റ് പാർക്കുമാണ്.

1970-കളുടെ മധ്യത്തിൽ സ്കേറ്റ് ബോർഡിംഗ് ജനപ്രിയമാകുമ്പോൾ, പ്രാദേശിക കുട്ടികളും യുവാക്കളും റോഡുകളിലും ഫുട്പാത്തുകളിലുമുള്ള അപകടങ്ങൾ ഒഴിവാക്കാൻ പ്രത്യേകം സ്കേറ്റിംഗ് കേന്ദ്രം വേണമെന്ന ആവശ്യം ഉന്നയിച്ചു. സമൂഹത്തിന്റെ ശക്തമായ ഇടപെടലോടെയാണ് ഈ ആശയം യാഥാർഥ്യമായത്.

സ്കൂൾ വിദ്യാർത്ഥിയായിരുന്ന ഗ്രഹാം മകോളെയും കൂട്ടരും, ആൽബനി മേയർ ഹാരോൾഡ് സ്മിത്തിന്റെയും മുതിർന്നവരുടെ പിന്തുണയോടെയും ഫണ്ട് ശേഖരണം ആരംഭിച്ചു. ലോട്ടറി ടിക്കറ്റുകൾ വിൽക്കുകയും, മേളകളിൽ പാനീയങ്ങളും മിഠായികളും വിറ്റും, നഗരമാകെ വീടുകളിലെത്തി സംഭാവന ശേഖരിച്ചുമാണ് പണം സമാഹരിച്ചത്.

സമൂഹം ആകെ 3,000 ഡോളർ സമാഹരിച്ചു. ആൽബനിയിലെ മൗണ്ട് ക്ലാരൻസ് പ്രദേശത്തെ പഴയ ഗ്രാവൽ ഖ്വാറിയിലാണ് സ്കേറ്റ് പാർക്ക് നിർമ്മിച്ചത്. സ്കേറ്റർമാരിൽ പലരും സർഫർമാരായിരുന്നു എന്നതിനാൽ, തിരമാലയെ അനുസ്മരിപ്പിക്കുന്ന വളവുകളുള്ള ഡിസൈൻ ആണ് പാർക്കിന് നൽകിയത്.

1976 ഫെബ്രുവരിയിൽ തുറന്ന സ്കേറ്റ് പാർക്ക് ഉടൻ തന്നെ യുവാക്കളുടെ പ്രിയകേന്ദ്രമായി. സ്കൂൾ സമയങ്ങളിലും അവധിദിനങ്ങളിലും പാർക്ക് തിരക്കേറിയതായിരുന്നു. 1979-ൽ ഓസ്‌ട്രേലിയയിലെ ആദ്യ ദേശീയ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിനും ഈ വേദി സാക്ഷ്യം വഹിച്ചു.

പിന്നീടുള്ള ദശകങ്ങളിൽ ലോകമെമ്പാടുമുള്ള സ്കേറ്റ് പാർക്കുകളുടെ രൂപകൽപ്പനയെ ‘സ്നേക്ക് റൺ’ സ്വാധീനിച്ചു. ഇന്ന് ബൗൾസ്, റാംപുകൾ എന്നിവ ആധിപത്യം പുലർത്തുന്നുണ്ടെങ്കിലും, ഈ സ്വാഭാവികവും തിരമാലയെ അനുസ്മരിപ്പിക്കുന്നതുമായ ശൈലി വീണ്ടും തിരികെയെത്താമെന്ന പ്രതീക്ഷയാണ് പഴയ സ്കേറ്റർമാർ പങ്കുവെക്കുന്നത്.

SCROLL FOR NEXT