Australia

വിർജിൻ ഓസ്‌ട്രേലിയയും ടാൻജറിനും കൈകോർക്കുന്നു; ഉപഭോക്താക്കൾക്ക് 24,000 ബോണസ് പോയിന്റുകൾ

ഓഫറിന്റെ ഭാഗമായി, ടാൻജറിന്റെ രണ്ട് പുതിയ എൻബിഎൻ, മൊബൈൽ ബ്രോഡ്ബാൻഡ് അല്ലെങ്കിൽ സിം-ഒൺലി മൊബൈൽ പ്ലാനുകളിൽ ചേരുന്ന പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കൾക്ക് പരമാവധി 24,000 ബോണസ് പോയിന്റുകൾ ലഭിക്കും.

Safvana Jouhar

ഓസ്‌ട്രേലിയൻ യാത്രക്കാർക്ക് സ്വപ്നയാത്രയ്ക്കായി ഫ്രീക്വന്റ് ഫ്ലയർ പോയിന്റുകൾ നേടാൻ പുതിയ അവസരം. വിർജിൻ ഓസ്‌ട്രേലിയയുടെ വെലോസിറ്റി ഫ്രീക്വന്റ് ഫ്ലയർ പദ്ധതിയും എൻബിഎൻ, മൊബൈൽ സേവനദാതാക്കളായ ടാൻജറിനും ചേർന്നാണ് പുതിയ ഓഫർ അവതരിപ്പിച്ചത്. ഇതിലൂടെ ഉപഭോക്താക്കൾക്ക് ഇന്റർനെറ്റ്, മൊബൈൽ ഫോൺ ബില്ലുകൾ വഴി അധിക വെലോസിറ്റി പോയിന്റുകൾ നേടാം. പരിമിതകാല ഓഫറിന്റെ ഭാഗമായി, ടാൻജറിന്റെ രണ്ട് പുതിയ എൻബിഎൻ, മൊബൈൽ ബ്രോഡ്ബാൻഡ് അല്ലെങ്കിൽ സിം-ഒൺലി മൊബൈൽ പ്ലാനുകളിൽ ചേരുന്ന പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കൾക്ക് പരമാവധി 24,000 ബോണസ് പോയിന്റുകൾ ലഭിക്കും.

നിലവിലുള്ള ടാൻജറിൻ സേവനങ്ങളുമായി വെലോസിറ്റി അംഗത്വം അടുത്ത വർഷം ജനുവരി 16-നകം ബന്ധിപ്പിക്കുന്ന അർഹരായ ഉപഭോക്താക്കൾക്ക് 1,000 ബോണസ് പോയിന്റുകളും ലഭിക്കും. കൂടാതെ, പ്രതിമാസ ബിൽ പൂർണമായി അടയ്ക്കുന്നവർക്ക് യോഗ്യമായ ഓരോ ഒരു ഡോളർ ചെലവിനും രണ്ട് പോയിന്റുകൾ വീതം ലഭിക്കും. വെലോസിറ്റി പോയിന്റുകൾ ഉപയോഗിച്ച് 5,900 പോയിന്റ് മുതൽ വൺവേ ഇക്കോണമി റിവാർഡ് സീറ്റുകൾ ബുക്ക് ചെയ്യാം.

ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിലുള്ള എൻബിഎൻ, മൊബൈൽ സേവനങ്ങൾക്കപ്പുറം കൂടുതൽ പ്രതിഫലം നൽകുകയാണ് ലക്ഷ്യമെന്ന് ടാൻജറിൻ ടെലികോം ചീഫ് ഓപ്പറേറ്റിങ് ഓഫീസർ റിച്ചാർഡ് ബ്രാൻസൺ പറഞ്ഞു. ദൈനംദിന ചെലവുകളിലൂടെ യാത്രാ റിവാർഡുകൾക്കുള്ള പോയിന്റുകൾ സമ്പാദിക്കാൻ പുതിയ ഓഫർ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദൈനംദിന ചെലവുകൾക്കുള്ള വിഭാഗങ്ങളിൽ ഇന്റർനെറ്റ്, മൊബൈൽ ബില്ലുകളും ഉൾപ്പെടുത്തുന്നതിലൂടെ അംഗങ്ങൾക്ക് വെലോസിറ്റി പോയിന്റുകൾ നേടാനുള്ള കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്ന് വെലോസിറ്റി ഫ്രീക്വന്റ് ഫ്ലയർ ചീഫ് എക്സിക്യൂട്ടീവ് ആൻഡ്രൂ ക്ലിയറിയും പറഞ്ഞു. ടാൻജറിൻ–വെലോസിറ്റി ഫ്രീക്വന്റ് ഫ്ലയർ പുതിയ സേവന ഓഫർ വ്യാഴാഴ്ച ആരംഭിച്ച് ഈ വർഷം ഡിസംബർ 17 വരെ തുടരും. അർഹതയും ഓഫർ വ്യവസ്ഥകളും അനുസരിച്ച് ആറ് മാസത്തിനുള്ളിൽ പ്രതിമാസ ഗഡുക്കളായാണ് പോയിന്റുകൾ ലഭിക്കുക.

SCROLL FOR NEXT