ബ്രിസ്ബെയ്ൻ: വസ്ത്രത്തിന്റെ സിപ്പ് ഇട്ട് ശരീരം മറയ്ക്കണമെന്ന് വിർജിൻ ഓസ്ട്രേലിയ (Virgin Australia) എയർലൈൻസ് ജീവനക്കാരി പരസ്യമായി ആവശ്യപ്പെട്ടതിൽ കടുത്ത വിവേചനവും 'ബോഡി ഷെയ്മിംഗും' നേരിട്ടതായി പ്രമുഖ ഓസ്ട്രേലിയൻ ഫിറ്റ്നസ് ഇൻഫ്ലുവെൻസർ കെയ്റ്റ്ലിൻ ലിൻഡൻ (33). ബ്രിസ്ബെയ്നിൽ നിന്ന് മെൽബണിലേക്ക് മടങ്ങാൻ എയർപോർട്ടിലെ ബോർഡിംഗ് ഗേറ്റിൽ വരിനിൽക്കുമ്പോഴാണ് ജീവനക്കാരി തന്നെ മാത്രം മാറ്റിനിർത്തി വസ്ത്രധാരണം എയർലൈൻസിന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമല്ലെന്ന് പറഞ്ഞ് അപമാനിച്ചതെന്ന് ഇവർ ആരോപിച്ചു.
സ്പോർട്സ് ബ്രായും മുകളിൽ സിപ്പ് തുറന്നിട്ട ജാക്കറ്റും വർക്കൗട്ട് പാന്റ്സുമായിരുന്നു കെയ്റ്റ്ലിന്റെ വേഷം. ഒപ്പമുണ്ടായിരുന്ന സുഹൃത്തും സമാനമായ വസ്ത്രം ധരിച്ച് ജാക്കറ്റിന്റെ സിപ്പ് തുറന്നിട്ടിരുന്നിട്ടും അവർക്ക് ബോർഡിംഗ് അനുവദിച്ചതായും, തന്റെ മാറിടത്തിന്റെ വലിപ്പം കാരണമാണ് തന്നെ മാത്രം ലക്ഷ്യമിട്ടതെന്നും കെയ്റ്റ്ലിൻ വ്യക്തമാക്കി. എയർലൈൻസിന്റെ ഡ്രസ്സ് കോഡ് നിയമങ്ങളിൽ ഷർട്ട്, പാന്റ്സ് അല്ലെങ്കിൽ ഷോർട്സ്, ചെരിപ്പുകൾ എന്നിവ നിഷ്കർഷിക്കുന്നുണ്ടെങ്കിലും ജാക്കറ്റിന്റെ സിപ്പ് നിർബന്ധമായും ഇടണമെന്നോ സ്പോർട്സ് ബ്രാ ധരിക്കരുതെന്നോ പറയുന്നില്ല. സംഭവത്തിൽ തനിക്ക് കടുത്ത മാനസിക വിഷമമുണ്ടായെന്നും വിഷയത്തിൽ നിയമസംഘവുമായി ബന്ധപ്പെട്ട് വിശദീകരണം തേടിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
സംഭവം വിവാദമായതോടെ കെയ്റ്റ്ലിനെ നേരിട്ട് സമീപിച്ച് വിർജിൻ ഓസ്ട്രേലിയ അധികൃതർ ഖേദം പ്രകടിപ്പിച്ചു. എല്ലാ യാത്രക്കാരെയും തുല്യമായും ബഹുമാനത്തോടെയും പരിഗണിക്കാൻ എയർലൈൻ പ്രതിജ്ഞാബദ്ധമാണെന്നും, വിഷയം അതീവ ഗൗരവത്തോടെ കണ്ട് ആഭ്യന്തര അന്വേഷണം ആരംഭിച്ചതായും വിർജിൻ ഓസ്ട്രേലിയ വക്താവ് അറിയിച്ചു.