Supplied: Villa Vie Residences
Australia

പണം തീർന്നു, ആഡംബര കപ്പൽയാത്ര വഴിമുട്ടി; ലക്ഷങ്ങൾ നഷ്ടപ്പെട്ട് ഓസ്‌ട്രേലിയൻ യാത്രക്കാർ പെരുവഴിയിൽ

Elizabath Joseph

ബ്രിസ്ബെയ്ൻ: റിട്ടയർമെന്റ് ജീവിതം ലോകം ചുറ്റിക്കാണാൻ ആഡംബര കപ്പലിൽ ലക്ഷങ്ങൾ മുടക്കി ടിക്കറ്റെടുത്ത ഓസ്‌ട്രേലിയൻ പൗരന്മാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും അനിശ്ചിതത്വത്തിലും. യുഎസ് ആസ്ഥാനമായുള്ള 'വില്ല വീ റെസിഡൻസസ്' (Villa Vie Residences) നടത്തുന്ന 'വില്ല വീ ഒഡീസി' എന്ന ആഡംബര കപ്പലാണ് കമ്പനിയുടെ പണം തീർന്നതിനെ തുടർന്ന് കമ്പോഡിയയിലെ സിഹാനൂക്‌വിൽ (Sihanoukville) തുറമുഖത്ത് സർവീസ് അപ്രതീക്ഷിതമായി നിർത്തിവെച്ചത്. ഇതോടെ കപ്പലിലുണ്ടായിരുന്ന ഇരുന്നൂറിലധികം അന്താരാഷ്ട്ര യാത്രക്കാരോട് സാധനങ്ങളുമായി കപ്പലിൽ നിന്ന് ഇറങ്ങിപ്പോകാൻ അധികൃതർ നിർദ്ദേശിക്കുകയായിരുന്നു.

മൂന്നര വർഷം കൊണ്ട് 147 രാജ്യങ്ങളിലെ 425 തുറമുഖങ്ങൾ സന്ദർശിക്കാൻ ലക്ഷ്യമിട്ട് 2024-ൽ ബെൽഫാസ്റ്റിൽ നിന്നാണ് ഈ റെസിഡൻഷ്യൽ ക്രൂയിസ് കപ്പൽ യാത്ര തിരിച്ചത്. സ്വന്തം വീടുകൾ വിറ്റും വിരമിക്കൽ സമ്പാദ്യം (Superannuation) മുഴുവൻ ചെലവഴിച്ചുമാണ് പലരും ഇതിൽ ക്യാബിനുകൾ വാങ്ങിയത്. ബ്രിസ്ബെയ്ൻ സ്വദേശിയായ മുൻ അധ്യാപിക ലിസ മക്കെക്ക് കപ്പലിൽ കയറുന്നതിന് മുൻപ് തന്നെ തങ്ങളുടെ 63,500 ഡോളർ നഷ്ടമായി. കപ്പലിൽ താമസിക്കാൻ 170,000 ഡോളർ നൽകിയ റിന കവാസ ഉൾപ്പെടെയുള്ള മറ്റ് ഓസ്‌ട്രേലിയൻ യാത്രക്കാർ തങ്ങളുടെ യാത്ര പൂർത്തിയാക്കാൻ 18 മാസം കൂടി ബാക്കിനിൽക്കെയാണ് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ പെടാപ്പാട് പെടുന്നത്.

ഇറാനിലെ യുദ്ധസാഹചര്യങ്ങളെ തുടർന്ന് ഏഷ്യൻ മേഖലയിൽ ക്രൂയിസ് ഇന്ധനച്ചെലവ് ക്യാബിനൊന്നിന് ശരാശരി 1,800 ഡോളറിൽ നിന്ന് 8,000 ഡോളറിലേക്ക് കുതിച്ചുയർന്നതാണ് കമ്പനിയെ പാപ്പരത്തത്തിലേക്ക് നയിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം. ഇന്ധനച്ചെലവിനായി യാത്രക്കാരിൽ നിന്ന് ലക്ഷക്കണക്കിന് രൂപ അധികമായി പിരിച്ചെടുത്തെങ്കിലും പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചില്ല. കാർണിവൽ, റോയൽ കരീബിയൻ തുടങ്ങിയ ലോകത്തിലെ മുൻനിര ക്രൂയിസ് കമ്പനികളെയും ഇന്ധനവില വർദ്ധനവ് കാര്യമായി ബാധിച്ചിട്ടുണ്ട്. തങ്ങൾക്ക് നഷ്ടപ്പെട്ട പണം ഇനി തിരികെ ലഭിക്കാൻ യാതൊരു സാധ്യതയുമില്ലെന്ന ഭീതിയിലാണ് യാത്രക്കാർ.

SCROLL FOR NEXT