മെൽബണിന്റെ തെക്കുകിഴക്കൻ മേഖലയിലെ ബെർവിക്കിൽ നിന്ന് 1972 മോഡൽ ഹോൾഡൻ മൊനാരോ കാർ മോഷണം പോയി. ഏകദേശം 1.2 ലക്ഷം ഓസ്‌ട്രേലിയൻ ഡോളർ വിലമതിക്കുന്ന വെള്ളി നിറത്തിലുള്ള വിന്റേജ് കാറിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. ജാക്ക് വില്യം വേയിലെ വീട്ടിൽ ഓഗസ്റ്റ് 14ന് ഉച്ചയ്ക്ക് 1 മണിക്കും ഓഗസ്റ്റ് 16ന് ഉച്ചയ്ക്ക് 1.45നും ഇടയിലാണ് മോഷണം നടന്നതെന്ന് പൊലീസ് പറഞ്ഞു. വീട്ടിലെ ഗാരേജിൽ അതിക്രമിച്ച് കയറിയ അജ്ഞാത വ്യക്തിയോ വ്യക്തികളോ കാർ മോഷ്ടിക്കുകയായിരുന്നു. മോഷണം നടക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. കാർ കണ്ടെത്തുന്നതിനായി പൊലീസ് അതിന്റെ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിവരമുള്ളവർ ക്രൈം സ്റ്റോപ്പേഴ്സിനെ ഓൺലൈനിലൂടെയോ 1800 333 000 എന്ന നമ്പറിലൂടെയോ ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർഥിച്ചു.