Victoria

വിക്ടോറിയയിലെ കോലകളുടെ ആരോഗ്യം ഗുരുതരാവസ്ഥയിൽ

പുതിയ സർവേ രീതികൾ പ്രകാരം വിക്ടോറിയയിലെ കോലകളുടെ എണ്ണം 2024-ൽ ഏകദേശം 2,24,800 ആയി കണക്കാക്കപ്പെട്ടിട്ടുണ്ട്.

Safvana Jouhar

വിക്ടോറിയൻ സംസ്ഥാനത്തെ കോലകളുടെ (Koala) ആരോഗ്യനില അതീവ ഗുരുതരമാണെന്ന് വ്യക്തമാക്കുന്ന ശാസ്ത്രീയ പഠന റിപ്പോർട്ട് വിക്ടോറിയൻ സർക്കാർ ഒരു വർഷത്തിലേറെയായി പുറത്തുവിടാതെ ഒളിച്ചുവെച്ചതായി വെളിപ്പെടുത്തൽ. ആർതർ റൈലാ ഇൻസ്റ്റിറ്റ്യൂട്ടും പ്രമുഖ സർവ്വകലാശാലകളിലെ ശാസ്ത്രജ്ഞരും ചേർന്ന് തയ്യാറാക്കി 2025 ജൂണിൽ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടാണ് അടുത്തിടെ പരസ്യപ്പെടുത്തിയത്. സംസ്ഥാനത്തെ കോല ജനസംഖ്യയിലെ 43 ശതമാനത്തോളം ജീവികളും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് ഈ പഠനം വ്യക്തമാക്കുന്നു.

പുതിയ സർവേ രീതികൾ പ്രകാരം വിക്ടോറിയയിലെ കോലകളുടെ എണ്ണം 2024-ൽ ഏകദേശം 2,24,800 ആയി കണക്കാക്കപ്പെട്ടിട്ടുണ്ട്. മുൻപ് കരുതപ്പെട്ടിരുന്ന 4,60,000 എന്ന സംഖ്യയെ അപേക്ഷിച്ച് ഇത് കുറവാണെങ്കിലും, കണക്കെടുപ്പിലെ രീതിശാസ്ത്രപരമായ മാറ്റമാണ് ഈ വ്യത്യാസത്തിന് കാരണമെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. പഠനത്തിന്റെ ഭാഗമായി പരിശോധിച്ച 68 കോആളകളിൽ 29 എണ്ണത്തിനെ രോഗാവസ്ഥ രൂക്ഷമായതിനെ തുടർന്ന് ദയാവധത്തിന് വിധേയമാക്കേണ്ടി വന്നു. പല്ലുകളിലെ രോഗങ്ങൾ, പോഷകാഹാരക്കുറവ്, ചലാമിഡിയ രോഗബാധ മൂലമുണ്ടാകുന്ന 'വെറ്റ് ബോട്ടം' എന്നീ ഗുരുതര പ്രശ്നങ്ങളാണ് ഇവയിൽ പ്രധാനമായും കണ്ടെത്തിയത്.

ഫ്രഞ്ച് ഐലൻഡ് പോലുള്ള ചില പ്രത്യേക മേഖലകളിൽ കോലകൾ വൻതോതിൽ പെരുകുന്നത് സംസ്ഥാനത്തുടനീളം അവ സുരക്ഷിതരാണെന്ന തെറ്റായ ധാരണ സൃഷ്ടിച്ചതായി ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കുറഞ്ഞ സാന്ദ്രതയിൽ ജീവിക്കുന്ന കോലകൾ കടുത്ത ആരോഗ്യപ്രതിസന്ധിയിലാണ്. കൂടാതെ, വിക്ടോറിയയിലെ കോല ജനസംഖ്യയുടെ 23 ശതമാനവും സ്വാഭാവിക വനങ്ങൾക്ക് പകരം ബ്ലൂ ഗം തോട്ടങ്ങളിലാണ് വസിക്കുന്നത്. ഈ തോട്ടങ്ങളിലെ മാറ്റങ്ങൾ ഇവയുടെ നിലനിൽപ്പിനെ ഭാവിയിൽ കൂടുതൽ അപകടത്തിലാക്കാൻ സാധ്യതയുണ്ട്.

റിപ്പോർട്ട് പരസ്യപ്പെടുത്തിയതിന് പിന്നാലെ, വിക്ടോറിയൻ പരിസ്ഥിതി മന്ത്രി ജാക്ലിൻ സിംസ് കോല സംരക്ഷണത്തിനും ഗവേഷണങ്ങൾക്കുമായി 2.6 ദശലക്ഷം ഡോളറിന്റെ പദ്ധതി പ്രഖ്യാപിച്ചു. എന്നാൽ, നിർണായക വിവരങ്ങൾ അടങ്ങിയ പഠന റിപ്പോർട്ട് ഒരു വർഷത്തോളം പുറത്തുവിടാതിരുന്നത് മൃഗസംരക്ഷണത്തിനും അടിയന്തര ചികിത്സ നൽകുന്നതിനും തടസ്സമായെന്ന് പരിസ്ഥിതി പ്രവർത്തകരും വിദഗ്ദ്ധരും ആരോപിക്കുന്നു. നിലവിലെ സാഹചര്യം തുടർന്നാൽ മറ്റ് പല ഓസ്‌ട്രേലിയൻ സംസ്ഥാനങ്ങളെയും പോലെ വിക്ടോറിയയിലും കോആളകൾ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലേക്ക് തള്ളപ്പെടുമെന്നാണ് വിലയിരുത്തൽ.

SCROLL FOR NEXT