Victoria

വേഗത്തിൽ തകരുന്നു; വിക്ടോറിയയിലെ പകുതിയോളം റോഡുകളും ശോച്യാവസ്ഥയിലെന്ന് റിപ്പോർട്ട്

സംസ്ഥാന പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം 23,000 കിലോമീറ്ററിലധികം വരുന്ന റോഡ് ശൃംഖലയിൽ 48 ശതമാനവും അപകടകരമായ അവസ്ഥയിലാണ്.

Elizabath Joseph

മെൽബൺ: ഓസ്‌ട്രേലിയൻ സംസ്ഥാനമായ വിക്ടോറിയയിലെ പകുതിയോളം റോഡുകളും അതീവ ശോച്യാവസ്ഥയിലെന്ന് ഓഡിറ്റർ ജനറലിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ട്. സംസ്ഥാന പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം 23,000 കിലോമീറ്ററിലധികം വരുന്ന റോഡ് ശൃംഖലയിൽ 48 ശതമാനവും അപകടകരമായ അവസ്ഥയിലാണ്. 2021-ൽ ഇത് 39 ശതമാനമായിരുന്നു. സർക്കാർ നടത്തുന്ന അറ്റകുറ്റപ്പണികളേക്കാൾ വേഗത്തിലാണ് റോഡുകൾ തകരുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. റോഡുകളുടെ പരിതാപകരമായ അവസ്ഥ അംഗീകരിച്ച റോഡ്‌സ് മന്ത്രി പോൾ ഹാമർ, റോഡ് നവീകരണം സർക്കാരിന്റെ പ്രഥമ പരിഗണനയാണെന്നും അറ്റകുറ്റപ്പണികൾക്കായി 352 മില്യൺ ഡോളർ അധികമായി അനുവദിച്ചതായും വ്യക്തമാക്കി.

നിലവിലെ ബജറ്റ് വിഹിതമടക്കം 1.39 ബില്യൺ ഡോളർ റോഡ് പരിപാലനത്തിനായി മാറ്റിവെച്ചിട്ടുണ്ടെങ്കിലും റോഡുകൾ യഥാവിധി സംരക്ഷിക്കാൻ ഇത് അപര്യാപ്തമാണെന്നാണ് കണ്ടെത്തൽ. റോഡുകളുടെ ഇപ്പോഴത്തെ ഗുണനിലവാരം നിലനിർത്താൻ പ്രതിവർഷം 3 ബില്യൺ ഡോളറിലധികം തുക ആവശ്യമാണെന്ന് ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാൻസ്‌പോർട്ട് കണക്കാക്കുന്നു. വിക്ടോറിയയിലെ ഗ്രാമീണ-മേഖലാ റോഡുകളെയാണ് പ്രതിസന്ധി രൂക്ഷമായി ബാധിച്ചിരിക്കുന്നത്. ലോഡൻ മല്ലി (Loddon Mallee) മേഖലയിലെ 69 ശതമാനത്തോളം റോഡുകളും അതീവ മോശം അവസ്ഥയിലാണ്. ലേബർ സർക്കാരിന്റെ ഭരണപരാജയമാണ് ഇതിന് കാരണമെന്ന് ആരോപിച്ച പ്രതിപക്ഷം, അധികാരത്തിലെത്തിയാൽ റോഡുകൾ നന്നാക്കാൻ 5 ബില്യൺ ഡോളർ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചു.

SCROLL FOR NEXT