വിക്ടോറിയൻ പ്രീമിയർ ജസീന്ത അലൻ നേതൃത്വ വെല്ലുവിളി നേരിടുന്നതായി റിപ്പോർട്ട്. പാർട്ടി റൂമിൽ ഭൂരിപക്ഷ പിന്തുണ നഷ്ടപ്പെട്ടതായി നിരവധി എംപിമാർ അറിയിച്ചതിനെ തുടർന്ന് അലനോട് പദവി ഒഴിയാൻ ആവശ്യപ്പെട്ടതായാണ് വിവരം.
തിങ്കളാഴ്ച രാവിലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള മന്ത്രിമാരും എംപിമാരും അലനെ നേരിൽ കണ്ട് പാർട്ടി കാക്കസിൽ ഭൂരിപക്ഷ പിന്തുണ നഷ്ടപ്പെട്ടതായി അറിയിച്ചതായി 9News റിപ്പോർട്ട് ചെയ്തു. അവർ പ്രീമിയർ സ്ഥാനത്തുനിന്ന് മാറിനിൽക്കണമെന്നും ആവശ്യപ്പെട്ടതായാണ് സൂചന.
അതേസമയം, ലേബർ പാർട്ടിയുടെ സ്റ്റേറ്റ് സെക്രട്ടറി സ്റ്റീവ് സ്റ്റൈക്കോസിന് അലൻ അയച്ച കത്ത് പുറത്തുവന്നു. നേതൃത്വ തിരഞ്ഞെടുപ്പിനുള്ള നടപടികൾ തയ്യാറാക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ട അലൻ, തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ താൻ നേതൃത്വ സ്ഥാനത്തേക്ക് മത്സരിക്കുമെന്നും വ്യക്തമാക്കി. ദേശീയ ലേബർ സമ്മേളനത്തിന് പിന്നാലെ അലനെതിരായ എതിർപ്പ് ശക്തമായതായാണ് ലേബർ പാർട്ടി വൃത്തങ്ങൾ പറയുന്നത്. പ്രധാനമന്ത്രി ആന്റണി അൽബനീസിനും സൗത്ത് ഓസ്ട്രേലിയൻ പ്രീമിയർ പീറ്റർ മലിനൗസ്കസിനുമൊപ്പം സമ്മേളനത്തിൽ അലൻ ഒറ്റപ്പെട്ട നിലയിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ ഏതാനും മാസങ്ങളായി ജസീന്ത അലൻ കടുത്ത സമ്മർദത്തിലാണ്. Big Build പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ റോയൽ കമ്മീഷൻ അന്വേഷണം വേണമെന്ന ആവശ്യത്തെ അവർ തുടർച്ചയായി എതിർത്തതാണ് പ്രധാന വിമർശനങ്ങളിലൊന്ന്. മെൽബണിൽ തുടർച്ചയായി ഉണ്ടായ തീകൊളുത്തൽ, അക്രമസംഭവങ്ങൾ, കത്തിക്കുത്ത് സംഭവങ്ങൾ എന്നിവ നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതായും വിമർശനം ഉയർന്നിരുന്നു. ഏറ്റവും പുതിയ RedBridge അഭിപ്രായ സർവേയിൽ ലേബറിന്റെ പ്രാഥമിക വോട്ട് 26 ശതമാനമായി. വൺ നേഷൻ 27 ശതമാനവുമായി ലേബറിനെക്കാൾ മുന്നിലെത്തിയപ്പോൾ കോയലിഷനും 26 ശതമാനത്തിലാണ്.
നിലവിലെ പാർട്ടി ചട്ടപ്രകാരം പുതിയ നേതാവിനെ തിരഞ്ഞെടുക്കാൻ കാക്കസിലെ വോട്ടെടുപ്പിനൊപ്പം പാർട്ടി അംഗങ്ങളുടെ ബാലറ്റും ആവശ്യമാണ്. നടപടികൾ പൂർത്തിയാകാൻ ഏതാനും ആഴ്ചകൾ എടുത്തേക്കാം. ജസീന്ത അലനെതിരായ നേതൃത്വ വെല്ലുവിളി വിജയിച്ചാൽ നിലവിലെ ഡെപ്യൂട്ടി പ്രീമിയറും വിദ്യാഭ്യാസ മന്ത്രിയുമായ ബെൻ കരോൾ പ്രധാന സ്ഥാനത്തേക്ക് സാധ്യതയുള്ള നേതാവായി കണക്കാക്കപ്പെടുന്നു. എന്നാൽ അലനും കരോളും നേതൃത്വത്തിനായി മത്സരിച്ചാൽ ഇടക്കാല നേതാവിനെ നിയമിക്കേണ്ട സാഹചര്യമുണ്ടാകാം. കഴിഞ്ഞ മാസം നടന്ന വാർത്താസമ്മേളനത്തിൽ അലനെതിരെ മത്സരിക്കില്ലെന്ന് കരോൾ പരസ്യമായി വ്യക്തമാക്കിയിരുന്നു. എന്നാൽ തിങ്കളാഴ്ച രാവിലെ അദ്ദേഹം തന്റെ നിലപാട് പുനഃപരിശോധിക്കുന്നതായി അദ്ദേഹവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് The Age റിപ്പോർട്ട് ചെയ്തു. കരോൾ പ്രീമിയറായാൽ Big Build പദ്ധതിയിലെ CFMEU അഴിമതി ആരോപണങ്ങളിൽ റോയൽ കമ്മീഷൻ പ്രഖ്യാപിച്ചേക്കുമെന്ന് AFR റിപ്പോർട്ട് ചെയ്തു. അതേസമയം, പ്രതിപക്ഷ നേതാവ് ജെസ് വിൽസൺ നേതൃത്വ മാറ്റം കൊണ്ടുമാത്രം ലേബർ സർക്കാരിന്റെ പ്രതിച്ഛായ മാറില്ലെന്ന് പ്രതികരിച്ചു. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി ആരോപണങ്ങളിൽ റോയൽ കമ്മീഷൻ അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകാത്തതാണ് പ്രധാന പ്രശ്നമെന്നും അവർ ആരോപിച്ചു.