AAP: Joel Carrett
Victoria

CFMEU അഴിമതി; നികുതിപ്പണത്തിന്റെ നഷ്ടം വെളിപ്പെടുത്താതെ വിക്ടോറിയൻ പ്രീമിയർ ജസീന്ത അലൻ

സംസ്ഥാന സർക്കാരിന്റെ കൺസ്ട്രക്ഷൻ യൂണിയനും അധോലോക ബൈക്ക് ഗാംഗുകളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഈ വൻ അഴിമതിക്ക് പിന്നിലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Elizabath Joseph

മെൽബൺ: ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തെ വൻകിട നിർമ്മാണ യൂണിയനായ സി.എഫ്.എം.ഇ.യു ഉൾപ്പെട്ട അഴിമതികൾ വഴി പൊതുജനങ്ങൾക്ക് എത്ര രൂപയുടെ നഷ്ടമുണ്ടായെന്ന് വ്യക്തമാക്കാൻ വിസമ്മതിച്ച് പ്രീമിയർ ജസീന്ത അലൻ. യൂണിയനുള്ളിലെ ക്രിമിനൽ പ്രവർത്തനങ്ങൾ കാരണം സംസ്ഥാനത്തെ നികുതിദായകർക്ക് ഏകദേശം 15 ബില്യൺ ഡോളറിന്റെ (ഏകദേശം 83,000 കോടിയിലധികം ഇന്ത്യൻ രൂപ) ഭീമമായ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് പ്രമുഖ ഇന്റഗ്രിറ്റി വിദഗ്ദ്ധൻ ജഫ്രി വാട്സൺ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ ഈ കണക്കുകൾ കൃത്യമായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ പ്രീമിയർ, ഇതിന് പകരമായി കൃത്യമായ മറ്റൊരു കണക്ക് വെളിപ്പെടുത്താൻ മാധ്യമങ്ങൾ പലതവണ ആവശ്യപ്പെട്ടിട്ടും തയ്യാറായില്ല.

സംസ്ഥാന സർക്കാരിന്റെ കൺസ്ട്രക്ഷൻ യൂണിയനും അധോലോക ബൈക്ക് ഗാംഗുകളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഈ വൻ അഴിമതിക്ക് പിന്നിലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിക്ടോറിയൻ സർക്കാരിന്റെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതിയായ 'ബിഗ് ബിൽഡ്' പദ്ധതികളുടെ മേൽനോട്ടം വഹിച്ചിരുന്ന ജസീന്ത അലൻ അഴിമതിക്ക് നേരെ കണ്ണടച്ചു എന്നാണ് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്. എന്നാൽ അഴിമതി തടയാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും, യൂണിയനിലെ ക്രിമിനലുകളെ കണ്ടെത്താൻ പോലീസിന് പ്രത്യേക അധികാരം നൽകിയിട്ടുണ്ടെന്നും പ്രീമിയർ അവകാശപ്പെട്ടു.

കൂടാതെ, സ്വകാര്യ സബ് കോൺട്രാക്ടർമാരിലൂടെയും ലേബർ ഹയർ കമ്പനികളിലൂടെയും ഒഴുകിയ നികുതിപ്പണം കണ്ടെത്താൻ അഴിമതി വിരുദ്ധ സമിതിക്ക് പ്രത്യേക സാമ്പത്തിക അന്വേഷണ അധികാരം നൽകുമെന്നും അവർ വ്യക്തമാക്കി.

SCROLL FOR NEXT