മെൽബൺ: ചെറുപ്പകാലത്ത് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നും മദ്യപിച്ച് വാഹനമോടിച്ചതിന് ലൈസൻസ് നഷ്ടപ്പെട്ടിരുന്നുവെന്നും സമ്മതിച്ച് വൺ നേഷൻ വിക്ടോറിയൻ നേതാവ് വാറൻ പിക്കറിങ്. മുൻ പങ്കാളി ഉന്നയിച്ച ഗുരുതര ആരോപണങ്ങൾക്ക് മറുപടിയായാണ് പിക്കറിങ് ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്. 20 വർഷത്തോളം തനിക്കൊപ്പം ബന്ധത്തിലുണ്ടായിരുന്ന മുൻ പങ്കാളി ജോ സ്കോട്ട്, ബന്ധത്തിലായിരുന്ന കാലത്ത് ഇരുവരും മരിജുവാനയും ആംഫെറ്റമിനും ഉപയോഗിച്ചിരുന്നുവെന്ന് The Australian പത്രത്തിന് നൽകിയ അഭിമുഖത്തിൽ ആരോപിച്ചിരുന്നു.
ചൊവ്വാഴ്ച മകളുടെയും രണ്ടാന്മകന്റെയും സാന്നിധ്യത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് പിക്കറിങ് ആരോപണങ്ങളോട് പ്രതികരിച്ചത്. 20-കളിൽ സ്പീഡ്, ആംഫെറ്റമിൻ, എക്സ്റ്റസി, മരിജുവാന തുടങ്ങിയ നിരോധിത മയക്കുമരുന്നുകൾ ഉപയോഗിച്ചിരുന്നുവെന്ന് പിക്കറിങ് സമ്മതിച്ചു. “ഞാൻ മയക്കുമരുന്നിന് അടിമയായിരുന്നുവെന്ന് ഒരിക്കലും പറയില്ല. ചെറുപ്പത്തിൽ ഞാൻ അവ ഉപയോഗിച്ചിരുന്നു. അതിൽ അഭിമാനിക്കുന്നില്ല,” അദ്ദേഹം പറഞ്ഞു.
28-ാം വയസ്സിൽ ഓസ്‌ട്രേലിയൻ ഡിഫൻസ് ഫോഴ്‌സിൽ ചേരുന്നതിന് മുമ്പ് മയക്കുമരുന്ന് ഉപയോഗം പൂർണമായി അവസാനിപ്പിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മദ്യപിച്ച് വാഹനമോടിച്ചതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളിലും പിക്കറിങ് പ്രതികരിച്ചു. 18-ാം വയസ്സിലും 20-ാം വയസ്സിലും പിന്നീട് ഏകദേശം പത്ത് വർഷത്തിന് ശേഷവും ഡ്രൈവിങ് ലൈസൻസ് നഷ്ടപ്പെട്ടതായി ഓർക്കുന്നുവെന്നും ഇവയെല്ലാം “താഴ്ന്ന തോതിലുള്ള മദ്യപിച്ച് വാഹനമോടിക്കൽ” കേസുകളായിരുന്നുവെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കേസുകളിൽ ജയിൽവാസം അനുഭവിച്ചിട്ടില്ലെന്നും വ്യക്തമാക്കി.
“20-കളിൽ ഞാൻ ഒരു യുവാവായിരുന്നു. തെറ്റുകൾ സംഭവിച്ചു. എനിക്ക് കഴിയുമായിരുന്നത്ര മികച്ച രീതിയിൽ കാര്യങ്ങൾ ചെയ്തില്ല. ആ ഖേദം ജീവിതകാലം മുഴുവൻ എന്നോടൊപ്പമുണ്ടാകും,” പിക്കറിങ് പറഞ്ഞു. തുടർന്നുള്ള വർഷങ്ങളിൽ തന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയെന്നും അത് മക്കൾക്കും തനിക്കും ചുറ്റുമുള്ളവർക്കും വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പിക്കറിനെതിരായ ആരോപണങ്ങൾ “കുടുംബകാര്യമാണ്” എന്നാണ് വൺ നേഷൻ നേതാവ് പോളിൻ ഹാൻസൺ പ്രതികരിച്ചത്. മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിക്കുമോ എന്ന് പറയാനാകില്ലെന്ന് പിക്കറിങ് പറഞ്ഞു.
“ഇന്ന് ഞാൻ ആയിരിക്കുന്ന വ്യക്തിയെക്കുറിച്ച് എനിക്ക് പൂർണ ആത്മവിശ്വാസമുണ്ട്. അങ്ങനെയായിരുന്നില്ലെന്ന് സമ്മതിക്കുന്നു. കഴിഞ്ഞ 24 മുതൽ 48 മണിക്കൂറിനിടെ പാർട്ടിയിൽനിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അംഗങ്ങളിൽനിന്നും പൊതുജനങ്ങളിൽനിന്നും ലഭിച്ച പിന്തുണ അതിശയിപ്പിക്കുന്നതാണ്,” അദ്ദേഹം പറഞ്ഞു.