പാർട്ടി നേതാവ് എലൻ സാൻഡൽ  (Photograph: Ellen Smith/The Guardian)
Victoria

വിക്ടോറിയയിൽ ലേബറിന്റെ മുൻഗണനാ നിലപാടിനെതിരെ ഗ്രീൻസ്

ലേബറിന്റെ വോട്ട് രേഖപ്പെടുത്താനുള്ള നിർദേശങ്ങളിൽ സ്വന്തം സ്ഥാനാർഥി മേഗൻ ഹോപ്പറിന് ഒന്നാം മുൻഗണന നൽകണമെന്ന് മാത്രമായിരിക്കും പറയുക. ശേഷിക്കുന്ന സ്ഥാനാർഥികൾക്ക് എങ്ങനെ മുൻഗണന നൽകണമെന്ന നിർദേശം നൽകില്ല.

Safvana Jouhar

വിക്ടോറിയൻ സംസ്ഥാന തിരഞ്ഞെടുപ്പിന് മുന്നോടിയായി മെൽബണിലെ പ്രധാന മണ്ഡലമായ പ്രഹ്റാനിൽ ലേബർ പാർട്ടി ഗ്രീൻസിന് മുൻഗണന നൽകാതിരിക്കാൻ തീരുമാനിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി വിക്ടോറിയൻ ഗ്രീൻസ്. ലേബറിന്റെ ഈ നടപടി ലിബറൽ–വൺ നേഷൻ സഖ്യത്തിന് അധികാരം നേടാൻ വഴിയൊരുക്കിയേക്കാമെന്ന് പാർട്ടി നേതാവ് എലൻ സാൻഡൽ മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ചയാണ് പ്രഹ്റാൻ മണ്ഡലത്തിൽ ലേബർ ഓപ്പൺ ടിക്കറ്റ് സംവിധാനം സ്വീകരിക്കുമെന്ന് വ്യക്തമാക്കിയത്. നിലവിൽ ലിബറൽ പാർട്ടിയുടെ റേച്ചൽ വെസ്റ്റവേ വെറും 1.3 ശതമാനം ഭൂരിപക്ഷത്തിൽ പ്രതിനിധീകരിക്കുന്ന മണ്ഡലമാണിത്. ലേബറിന്റെ വോട്ട് രേഖപ്പെടുത്താനുള്ള നിർദേശങ്ങളിൽ സ്വന്തം സ്ഥാനാർഥി മേഗൻ ഹോപ്പറിന് ഒന്നാം മുൻഗണന നൽകണമെന്ന് മാത്രമായിരിക്കും പറയുക. ശേഷിക്കുന്ന സ്ഥാനാർഥികൾക്ക് എങ്ങനെ മുൻഗണന നൽകണമെന്ന നിർദേശം പാർട്ടി നൽകില്ല.

പ്രഹ്റാൻ മണ്ഡലം തിരിച്ചുപിടിക്കാൻ ഗ്രീൻസിന് ലേബർ വോട്ടർമാരുടെ മുൻഗണനകൾ നിർണായകമാണ്. 2025ലെ ഉപതിരഞ്ഞെടുപ്പിലാണ് ഗ്രീൻസിന് ഈ മണ്ഡലം നഷ്ടമായത്. അന്ന് 13.4 ശതമാനം വോട്ട് ഇടിവാണ് പാർട്ടിക്കുണ്ടായത്. ലേബർ സ്ഥാനാർഥിയെ നിർത്താതിരുന്നത്, കുറഞ്ഞ വോട്ടിങ് ശതമാനം, ഗ്രീൻസിനെ അവസാന മുൻഗണനയായി പരിഗണിക്കാൻ പ്രചാരണം നടത്തിയത്, മറ്റ് സ്ഥാനാർഥികളിൽ നിന്നുള്ള പ്രതികൂല മുൻഗണനാ വോട്ടുകൾ എന്നിവ ഫലത്തെ സ്വാധീനിച്ചിരുന്നു. മുൻ ലേബർ എംപി ടോണി ലുപ്ടണും അന്ന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.

ലേബർ പാർട്ടി ഇപ്പോൾ സ്വീകരിച്ച നിലപാട് അവരുടെ യഥാർഥ രാഷ്ട്രീയ നിലപാട് പുറത്തുകൊണ്ടുവരുന്നതാണെന്ന് സാൻഡൽ പറഞ്ഞു. ലിബറലുകൾക്കും വൺ നേഷനും മണ്ഡലം മാത്രമല്ല, സംസ്ഥാന ഭരണവും നേടാൻ ഈ തീരുമാനം സഹായിച്ചേക്കാമെന്നും അവർ ആരോപിച്ചു. ലിബറൽ–വൺ നേഷൻ സർക്കാർ അധികാരത്തിലെത്തുമെന്ന ആശങ്ക ഉയർത്തിയിരുന്ന ലേബർ ഇപ്പോൾ അതേ സഖ്യത്തെ അധികാരത്തിലെത്തിക്കാൻ മുൻഗണനാ വോട്ടുകൾ ഉപയോഗിക്കുകയാണെന്ന് സാൻഡൽ കുറ്റപ്പെടുത്തി. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ തിരഞ്ഞെടുപ്പുകളിലൊന്നായിരിക്കും വരാനിരിക്കുന്നതെന്നും ഒരൊറ്റ മണ്ഡലത്തിലെ ഫലം പോലും ഭരണനിർണയത്തിൽ നിർണായകമാകാമെന്നും അവർ പറഞ്ഞു.

പ്രഹ്റാനിലെ പ്രാദേശിക ഗ്രീൻസ് സ്ഥാനാർഥിയായ ആഞ്ചലിക്ക ഡി കാമില്ലോയ്ക്ക് മുൻഗണന നൽകാൻ ലേബർ വിസമ്മതിക്കുന്നത് പാർട്ടി വോട്ടർമാരെ ഞെട്ടിക്കുമെന്നും സാൻഡൽ കൂട്ടിച്ചേർത്തു. 2025ലെ ഉപതിരഞ്ഞെടുപ്പിലും ഡി കാമില്ലോ മത്സരിച്ചിരുന്നു. അയൽ മണ്ഡലമായ കോൾഫീൽഡിലും ലേബർ ഓപ്പൺ ടിക്കറ്റ് നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ലിബറൽ പാർട്ടിയുടെ ഡേവിഡ് സൗത്ത്‌വിക്ക് 2.1 ശതമാനം ഭൂരിപക്ഷത്തിൽ പ്രതിനിധീകരിക്കുന്ന മണ്ഡലമാണിത്. എന്നാൽ ഇത്തവണ സൗത്ത്‌വിക്കിന് അനുകൂലമായി വോട്ടുകൾ മാറുമെന്നും അദ്ദേഹം മണ്ഡലം നിലനിർത്തുമെന്നും വിലയിരുത്തപ്പെടുന്നു. പ്രഹ്റാനിലെയും കോൾഫീൽഡിലെയും പ്രാദേശിക തിരഞ്ഞെടുപ്പ് പ്രചാരണ സംഘങ്ങളാണ് ഓപ്പൺ ടിക്കറ്റ് ആവശ്യപ്പെട്ടതെന്നാണ് വിവരം.

അതേസമയം, ലേബർ സ്ഥാനാർഥികൾക്ക് എല്ലാ മണ്ഡലങ്ങളിലും ഒന്നാം മുൻഗണന നൽകണമെന്നാണ് പാർട്ടിയുടെ നിലപാടെന്ന് ലേബർ വക്താവ് പറഞ്ഞു. ഭൂരിപക്ഷ സർക്കാർ രൂപീകരിക്കാനാണ് പാർട്ടി ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിക്ടോറിയയിലെ ഏറ്റവും വലിയ ജൂത സമൂഹം താമസിക്കുന്ന കോൾഫീൽഡിൽനിന്ന് സെന്റ് കിൽഡ ഈസ്റ്റിലേക്കും ഈ സമൂഹം വ്യാപിച്ചുകിടക്കുന്നു. ഈ പ്രദേശത്തിന്റെ ഭാഗങ്ങൾ പ്രഹ്റാൻ മണ്ഡലത്തിലും ഉൾപ്പെടുന്നു. ചൊവ്വാഴ്ച ലിബറൽ–നാഷണൽ സഖ്യവും വൺ നേഷനുമായി മുൻഗണനാ വോട്ടുകൾ കൈമാറുമെന്ന് സ്ഥിരീകരിച്ചു. സഖ്യ സ്ഥാനാർഥികളുടെ വോട്ട് നിർദേശ കാർഡുകളിൽ ലേബർ, ഗ്രീൻസ്, വിക്ടോറിയൻ സോഷ്യലിസ്റ്റുകൾ എന്നിവരെ അവസാന സ്ഥാനങ്ങളിൽ ഉൾപ്പെടുത്തുമെന്നും പ്രതിപക്ഷ നേതാവ് ജെസ് വിൽസൺ പറഞ്ഞു.

അതേസമയം, വിൽസന്റെ പ്രഖ്യാപനത്തിന് മണിക്കൂറുകൾക്കകം വൺ നേഷൻ പ്രെസ്റ്റൺ മണ്ഡലത്തിലെ സ്ഥാനാർഥി ഫ്രാങ്കോ ഗ്വാർഡിയാനിയെ സ്ഥാനാർഥിത്വത്തിൽ നിന്ന് നീക്കി. ഹിറ്റ്ലറെ 'GOAT' (എക്കാലത്തെയും മികച്ചവൻ) എന്ന് വിശേഷിപ്പിച്ചതുൾപ്പെടെയുള്ള അദ്ദേഹത്തിന്റെ പഴയ ട്വീറ്റുകളാണ് നടപടിക്ക് കാരണമായത്. ഗ്വാർഡിയാനിയുടെ ട്വീറ്റുകൾ വെറുപ്പുളവാക്കുന്നതാണെന്ന് വിക്ടോറിയൻ ലിബറൽ സെനറ്റർ ജെയ്ൻ ഹ്യൂം എബിസിയുടെ Afternoon Briefing പരിപാടിയിൽ പറഞ്ഞു. പ്രെസ്റ്റൺ മണ്ഡലത്തിലെ വൺ നേഷൻ സ്ഥാനാർഥിയുടെ വോട്ട് നിർദേശ കാർഡിൽ അദ്ദേഹത്തെ അവസാന സ്ഥാനത്തായിരിക്കും ഉൾപ്പെടുത്തുകയെന്നും അവർ വ്യക്തമാക്കി.

SCROLL FOR NEXT