ടിം റീഡിന്റെ നിര്യാണത്തിൽ അതീവ ദുഃഖമുണ്ടെന്ന് വിക്ടോറിയൻ ഗ്രീൻസ് പ്രസ്താവനയിൽ അറിയിച്ചു. 
Victoria

ബ്രൺസ്‌വിക് എംപി ടിം റീഡ് അന്തരിച്ചു

കാൻസർ സ്ഥിരീകരിച്ചതിനെ തുടർന്ന് ഈ വർഷം ജനുവരിയിൽ അടുത്ത സംസ്ഥാന തിരഞ്ഞെടുപ്പോടെ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

Safvana Jouhar

മെൽബൺ: വിക്ടോറിയൻ ഗ്രീൻസ് നേതാവും ബ്രൺസ്‌വിക് എംപിയുമായ ടിം റീഡ് അന്തരിച്ചു. 66 വയസ്സായിരുന്നു. 10 മാസമായി മെലനോമ (ത്വക്ക് അർബുദം) ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം വ്യാഴാഴ്ചയാണ് മരിച്ചത്. ടിം റീഡിന്റെ നിര്യാണത്തിൽ അതീവ ദുഃഖമുണ്ടെന്ന് വിക്ടോറിയൻ ഗ്രീൻസ് പ്രസ്താവനയിൽ അറിയിച്ചു. “പ്രിയ സുഹൃത്തും സഹപ്രവർത്തകനും ബ്രൺസ്‌വിക്കിന്റെ പ്രിയപ്പെട്ട എംപിയുമായ ടിം റീഡിന്റെ വേർപാടിൽ ഞങ്ങൾ തകർന്നിരിക്കുകയാണ്,” പാർട്ടി വ്യക്തമാക്കി.

ഗ്രീൻസ് എംപിയായ എലൻ സാൻഡെൽ ടിം റീഡിനെ അനുസ്മരിച്ചു. മികച്ച പ്രാദേശിക എംപി, ഡോക്ടർ, ശാസ്ത്രജ്ഞൻ എന്നതിനപ്പുറം, അദ്ദേഹത്തെ അടുത്തറിയുന്നവർക്ക് ഏറ്റവും കരുണയുള്ളതും തമാശബോധമുള്ളതുമായ വ്യക്തിയായിരുന്നു റീഡെന്ന് സാൻഡെൽ പറഞ്ഞു. അധികാരത്തോട് സത്യം തുറന്നുപറയുന്നതിൽ റീഡ് ഒരിക്കലും പിന്നോട്ടുപോയിരുന്നില്ലെന്നും അവർ പറഞ്ഞു. എംപിയാകുന്നതിന് മുമ്പ് പുകയില പരസ്യബോർഡുകളിൽ ആരോഗ്യ മുന്നറിയിപ്പുകൾ സ്പ്രേ പെയിന്റ് ഉപയോഗിച്ച് എഴുതിയതിന് അറസ്റ്റിലായതും, പാർലമെന്റിൽ പ്രീമിയറോട് നേരിട്ട് ചോദ്യങ്ങൾ ഉന്നയിച്ചതും അദ്ദേഹത്തിന്റെ നിലപാടുകളുടെ ഭാഗമായിരുന്നുവെന്ന് സാൻഡെൽ അനുസ്മരിച്ചു.

2018 മുതൽ വിക്ടോറിയൻ നിയമസഭയിൽ ബ്രൺസ്‌വിക്കിനെ പ്രതിനിധീകരിച്ച ടിം റീഡ്, ഈ സീറ്റ് നേടുന്ന ആദ്യ ലേബർ ഇതര രാഷ്ട്രീയപ്രവർത്തകനായിരുന്നു. കാൻസർ സ്ഥിരീകരിച്ചതിനെ തുടർന്ന് ഈ വർഷം ജനുവരിയിൽ അടുത്ത സംസ്ഥാന തിരഞ്ഞെടുപ്പോടെ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ടിം റീഡ് തത്വങ്ങളിലും കരുണയിലും ഉറച്ചുനിന്ന വ്യക്തിയായിരുന്നുവെന്ന് വിക്ടോറിയൻ പ്രീമിയർ ബെൻ കരോൾ പറഞ്ഞു. പാർലമെന്റിൽ പ്രവേശിക്കുന്നതിന് മുമ്പ് ലൈംഗികാരോഗ്യ, എച്ച്ഐവി പ്രതിരോധ മേഖലകളിൽ ഡോക്ടറായും ഗവേഷകനായും പ്രവർത്തിച്ചിരുന്ന അദ്ദേഹം തന്റെ ജീവിതം സമൂഹസേവനത്തിനായി സമർപ്പിച്ചിരുന്നുവെന്നും കരോൾ പറഞ്ഞു.

ഈ ആഴ്ച ആദ്യം റീഡുമായി സംസാരിച്ചിരുന്നുവെന്നും ആ സംഭാഷണം തന്നെ ആഴത്തിൽ സ്പർശിച്ചെന്നും പ്രീമിയർ പറഞ്ഞു. പൊതുജീവിതത്തിലെ സത്യസന്ധതയും പരിഷ്‌കരണത്തിന്റെ ആവശ്യകതയും സംബന്ധിച്ച് ഇരുവരും എല്ലായ്പ്പോഴും ഒരേ നിലപാട് പങ്കിട്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യപ്രശ്നങ്ങൾക്കിടയിലും മികച്ചൊരു ലോകത്തിനായി റീഡ് പ്രതീക്ഷയും ശുഭാപ്തിവിശ്വാസവും പുലർത്തിയിരുന്നുവെന്ന് കരോൾ പറഞ്ഞു. അദ്ദേഹത്തിന്റെ ബുദ്ധിപരവും മാനുഷികവുമായ പൊതുചർച്ചാ ഇടപെടലുകളെയും മറ്റുള്ളവരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള പ്രതിബദ്ധതയെയും പ്രീമിയർ അനുസ്മരിച്ചു.

വിക്ടോറിയൻ ലിബറൽ പാർട്ടി നേതാവ് ജെസ് വിൽസണും റീഡിന്റെ നിര്യാണത്തിൽ അനുശോചിച്ചു. തത്വങ്ങളിൽ ഉറച്ചുനിന്ന, ആത്മാർത്ഥതയും കരുണയും പൊതുസേവനബോധവും പ്രവർത്തനങ്ങളിൽ പ്രകടമാക്കിയ വ്യക്തിയായിരുന്നു റീഡെന്ന് അവർ പറഞ്ഞു. സത്യസന്ധമായ ഭരണവും ശക്തമായ സ്വതന്ത്ര ഏജൻസികളും വേണമെന്ന കാര്യത്തിൽ ഇരുവർക്കും ഒരേ നിലപാടായിരുന്നുവെന്നും വിൽസൺ വ്യക്തമാക്കി. റീഡിന്റെ പങ്കാളി ആഞ്ചല, മക്കളായ മാർട്ടിൻ, ലൂയിസ, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, ജീവനക്കാർ, സഹപ്രവർത്തകർ എന്നിവർക്ക് വിക്ടോറിയൻ സർക്കാരിന്റെ അനുശോചനം പ്രീമിയർ അറിയിച്ചു.

SCROLL FOR NEXT