പുതിയ വിക്ടോറിയൻ പ്രീമിയർ Ben Carroll  (Jason South)
Victoria

Work-from-home നിയമങ്ങളിൽ മാറ്റത്തിന് സൂചന നൽകി പുതിയ വിക്ടോറിയൻ പ്രീമിയർ

“Work from home കുടുംബങ്ങൾക്ക് പ്രയോജനകരമാണ്. ഇനി ഇത് പാർലമെന്ററി നടപടികളിലൂടെ കടന്നുപോകും. യുക്തിസഹമായ നിർദേശങ്ങൾ ഉണ്ടെങ്കിൽ അവ പരിഗണിക്കും,” കരോൾ പറഞ്ഞു.

Safvana Jouhar

പുതിയ വിക്ടോറിയൻ പ്രീമിയർ Ben Carroll അധികാരമേറ്റതിന് പിന്നാലെ സംസ്ഥാനത്തെ വിവാദമായ Work-from-home നിയമങ്ങളിൽ മാറ്റം വരുത്താനുള്ള സമ്മർദം നേരിടുന്നു. തൊഴിലാളികൾക്ക് ആഴ്ചയിൽ രണ്ട് ദിവസം വരെ വീട്ടിൽ നിന്ന് ജോലി ചെയ്യാൻ അവകാശം നൽകുന്ന നിയമത്തിനെതിരെ ചെറുകിട ബിസിനസ് മേഖലയിൽ നിന്ന് ശക്തമായ എതിർപ്പാണ് ഉയരുന്നത്. ജസിന്ത അലനിൽ നിന്ന് അധികാരം ഏറ്റെടുത്ത് വെറും 10 ദിവസം പിന്നിടുന്നതിനിടെയാണ് കരോൾ പ്രധാന നയങ്ങളിൽ മാറ്റത്തിന് സാധ്യതയുണ്ടെന്ന് സൂചന നൽകിയത്.

സെപ്റ്റംബറിൽ പ്രാബല്യത്തിൽ വരാനിരിക്കുന്ന നിയമപ്രകാരം ജീവനക്കാർക്ക് ആഴ്ചയിൽ രണ്ട് ദിവസം റിമോട്ട് ആയി ജോലി ചെയ്യാനുള്ള അവകാശം ലഭിക്കും. എന്നാൽ വീട്ടിൽ ജോലി ചെയ്യുന്നതിനുള്ള ഉപകരണങ്ങളുടെ ചെലവ് വഹിക്കുന്നതും Work-from-home സമയത്ത് ഉണ്ടാകുന്ന പരിക്കുകൾക്ക് തൊഴിലുടമകൾക്ക് പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുന്നതും ഉൾപ്പെടെയുള്ള അധിക ചെലവുകളും നിയമപരമായ ബാധ്യതകളും ചെറുകിട ബിസിനസുകൾക്ക് വലിയ വെല്ലുവിളിയാകുമെന്ന് വ്യവസായ സംഘടനകൾ മുന്നറിയിപ്പ് നൽകി. വിക്ടോറിയയിലെ ബിസിനസ് ഉടമകൾ ഇതിനകം തന്നെ നിരവധി സാമ്പത്തിക സമ്മർദങ്ങൾ നേരിടുന്ന സാഹചര്യത്തിൽ പുതിയ നിയമം കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നാണ് അവരുടെ ആശങ്ക.

നിയമത്തിൽ ചില മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ടെന്ന് കരോൾ സൂചന നൽകിയെങ്കിലും എന്തൊക്കെ മാറ്റങ്ങളാണ് വരുത്തുകയെന്നോ എപ്പോൾ പ്രഖ്യാപിക്കുമെന്നോ വ്യക്തമാക്കിയിട്ടില്ല. അടുത്ത മാസം ബിൽ വീണ്ടും പാർലമെന്റിൽ പരിഗണിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. “Work from home കുടുംബങ്ങൾക്ക് പ്രയോജനകരമാണ്. ഇനി ഇത് പാർലമെന്ററി നടപടികളിലൂടെ കടന്നുപോകും. യുക്തിസഹമായ നിർദേശങ്ങൾ ഉണ്ടെങ്കിൽ അവ പരിഗണിക്കും,” കരോൾ പറഞ്ഞു. അതേസമയം, അധികാരമേറ്റ ഉടൻ തന്നെ നിർമാണ മേഖലയിലെ അഴിമതി ആരോപണങ്ങളിൽ Royal Commission പ്രഖ്യാപിക്കാനുള്ള നീക്കമാണ് കരോൾ നടത്തിയത്. വിക്ടോറിയയുടെ 50-ാമത് പ്രീമിയറായി ചുമതലയേറ്റതിന് പിന്നാലെ തന്നെ നിർമാണ മേഖലയെക്കുറിച്ചുള്ള അന്വേഷണമായിരിക്കും തന്റെ ആദ്യ നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മുൻ പ്രീമിയർ ജസീന്ത അലൻ

മുൻ പ്രീമിയർ ജസീന്ത അലൻ യൂണിയൻ അഴിമതി ആരോപണങ്ങളിൽ റോയൽ കമ്മീഷൻ വേണമെന്ന ആവശ്യത്തെ എതിർത്തിരുന്ന സാഹചര്യത്തിൽ Carrollന്റെ നീക്കം മുൻ സർക്കാരിന്റെ നിലപാടിൽ നിന്നുള്ള വലിയ മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്. അന്വേഷണത്തെ സഹായിക്കാൻ ഒരു Special Prosecutor നിയമിക്കുമെന്നും അദ്ദേഹം അറിയിച്ചു. ചൊവ്വാഴ്ച എതിരില്ലാതെ Jacinta Allanയ്ക്ക് പകരം പ്രീമിയറായി തിരഞ്ഞെടുക്കപ്പെട്ട Carroll, രാഷ്ട്രീയത്തിൽ ദീർഘകാല അനുഭവമുള്ള നേതാവാണ്. 36-ാം വയസ്സിലാണ് അദ്ദേഹം ആദ്യമായി പാർലമെന്റിലെത്തിയത്. പാർലമെന്റിലെ കന്നി പ്രസംഗത്തിൽ, ഹൈസ്കൂൾ-യൂണിവേഴ്സിറ്റി കാലത്ത് സബർബൻ Kmart സ്റ്റോറിൽ എട്ട് വർഷം ജോലി ചെയ്ത അനുഭവവും അദ്ദേഹം ഓർമിപ്പിച്ചിരുന്നു. വ്യവസായം, നവീകരണം, പൊതുഗതാഗതം, തിരുത്തൽ സേവനങ്ങൾ, യുവജന നീതി, റോഡുകൾ, തൊഴിൽ തുടങ്ങി നിരവധി വകുപ്പുകൾ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. 2023 ഒക്ടോബർ മുതൽ ഡെപ്യൂട്ടി പ്രീമിയറായി പ്രവർത്തിച്ച Carroll, വിദ്യാഭ്യാസം, മെഡിക്കൽ റിസർച്ച്, WorkSafe എന്നീ വകുപ്പുകളുടെ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

SCROLL FOR NEXT