ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ പ്രവർത്തിക്കുന്ന ഇംഗ്ലീഷ് ഭാഷാ ചാരിറ്റിയായ ഇംഗ്ലീഷ്-സ്പീക്കിങ് യൂണിയന്റെ (ESU) ശാഖയ്ക്ക് തീവ്ര വലതുപക്ഷ, വൈറ്റ് നാഷണലിസ്റ്റ് സംഘടനകളുമായി ബന്ധമുണ്ടെന്ന വെളിപ്പെടുത്തലിനെ തുടർന്ന് അന്വേഷണം. വൈറ്റ് നാഷണലിസ്റ്റ് പ്രസിദ്ധീകരണമായ ദ നാഷണൽ ഒബ്സർവർ എന്ന ഓൺലൈൻ മാധ്യമത്തിന് 2,000 ഡോളർ ഗ്രാന്റ് നൽകിയതായി എബിസി ന്യൂസ് വെരിഫൈ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ ദേശീയ സംഘടനയായ ESU ഓസ്‌ട്രേലിയ വിക്ടോറിയൻ ശാഖയ്‌ക്കെതിരെ ആഭ്യന്തര അന്വേഷണം ആരംഭിച്ചു.
ഓസ്‌ട്രേലിയൻ സംസ്കാരം, പൈതൃകം, ഭാഷ എന്നിവയെക്കുറിച്ചുള്ള പോഡ്‌കാസ്റ്റുകൾക്കായി മൈക്രോഫോണുകൾ വാങ്ങുന്നതിനും വെബ്‌സൈറ്റ് വികസിപ്പിക്കുന്നതിനുമാണ് ഗ്രാന്റ് ആവശ്യപ്പെട്ടതെന്ന് ESU വിക്ടോറിയ വിശദീകരിച്ചു. പ്രസിദ്ധീകരണത്തിലെ ഉള്ളടക്കത്തിന്റെ ഉത്തരവാദിത്തം അതിന്റെ നടത്തിപ്പുകാർക്കാണെന്നും അഭിപ്രായസ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നുവെന്നും സംഘടന വ്യക്തമാക്കി. എന്നാൽ, ദ നാഷണൽ ഒബ്സർവർ പ്രസിദ്ധീകരിച്ച ചില ലേഖനങ്ങളിൽ പൗരന്മാരല്ലാത്തവരെ പുറത്താക്കണമെന്നും ഇരട്ട പൗരത്വമുള്ള ചിലർ രാജ്യം വിടുന്നത് പ്രോത്സാഹിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. വെള്ളക്കാരുടെ ജനസംഖ്യ കുറയുന്നതിനെക്കുറിച്ചുള്ള ഗൂഢാലോചനാ വാദങ്ങളും പ്രസിദ്ധീകരണത്തിലുണ്ടായിരുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.
വിക്ടോറിയൻ ശാഖയ്ക്ക് തീവ്ര വലതുപക്ഷ സംഘടനയായ ബ്രിട്ടീഷ് ഓസ്‌ട്രേലിയൻ കമ്മ്യൂണിറ്റിയുമായും (BAC) ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മെൽബണിലെ അസ്കോട്ട് വേലിലുള്ള ഒരേ കെട്ടിടത്തിലാണ് ഇരു സംഘടനകളും പ്രവർത്തിക്കുന്നത്. ESU വിക്ടോറിയ പ്രസിഡന്റ് റോബർട്ട് ഫർലൻ മുൻപ് BAC-യുടെ സെക്രട്ടറിയായിരുന്നു. എന്നാൽ 2016 മുതൽ BAC-യുടെ കോർപ്പറേറ്റ് അംഗത്വവും അനുബന്ധ ആനുകൂല്യങ്ങളും അവസാനിച്ചതായി ESU വിക്ടോറിയ അറിയിച്ചു. BAC-യുമായി നിലവിൽ സാമ്പത്തിക ബന്ധമില്ലെന്നും സംഘടന വ്യക്തമാക്കി. വിക്ടോറിയൻ ശാഖയ്ക്ക് 16 മില്യൺ ഡോളറിലധികം പണവും ആസ്തികളുമുണ്ടെന്നാണ് സാമ്പത്തിക രേഖകൾ വ്യക്തമാക്കുന്നത്. 2023-ൽ BAC സെക്രട്ടറിയായ ഫ്രാങ്ക് സാൽട്ടറിന്റെ ഒരു പ്രസിദ്ധീകരണത്തിനും ശാഖ ഗ്രാന്റ് നൽകിയിരുന്നു.
ESU ഓസ്‌ട്രേലിയ രാഷ്ട്രീയപക്ഷപാതമില്ലാത്ത സംഘടനയാണെന്നും സ്വന്തം ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടാത്ത രാഷ്ട്രീയ സംഘടനകൾക്കോ സ്ഥാപനങ്ങൾക്കോ സംഭാവന നൽകുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്നും അറിയിച്ചു. വിക്ടോറിയൻ ശാഖയുടെ പ്രവർത്തനങ്ങളും പ്രഖ്യാപിത ലക്ഷ്യങ്ങളും വിശദമായി പരിശോധിക്കണമെന്ന് തീവ്രവാദ ഗവേഷകനായ ജോഷ് റൂസ് ഓസ്‌ട്രേലിയൻ സർക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം, വിക്ടോറിയൻ ശാഖയിലെ എല്ലാ അംഗങ്ങളും വൈറ്റ് നാഷണലിസ്റ്റ് നിലപാടുകളെ പിന്തുണയ്ക്കുന്നവരാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നില്ല.