ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് വിക്ടോറിയയിലെ പൊതുവിദ്യാലയങ്ങളിലെ അധ്യാപകരും ജീവനക്കാരും കൂട്ടമായി പണിമുടക്കുന്നു. 13 വർഷത്തിനിടയിൽ ആദ്യമായാണ് സംസ്ഥാനത്ത് ഇത്തരമൊരു വലിയ സമരം നടക്കുന്നത്. ഏകദേശം 30,000 അധ്യാപകരും പ്രിൻസിപ്പൽമാരും സപ്പോർട്ട് സ്റ്റാഫും സമരത്തിൽ പങ്കുചേരുമെന്ന് ഓസ്‌ട്രേലിയൻ എഡ്യൂക്കേഷൻ യൂണിയൻ (AEU) അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ അഞ്ഞൂറോളം സ്കൂളുകൾ പൂർണ്ണമായോ ഭാഗികമായോ അടച്ചിടേണ്ടി വരുമെന്നാണ് കരുതുന്നത്.
അടുത്ത നാല് വർഷത്തിനുള്ളിൽ 35 ശതമാനം ശമ്പള വർദ്ധനവാണ് യൂണിയൻ ആവശ്യപ്പെടുന്നത്. അയൽ സംസ്ഥാനമായ ന്യൂ സൗത്ത് വെയിൽസിലെ അധ്യാപകർക്ക് ലഭിക്കുന്നതിനേക്കാൾ വളരെ കുറഞ്ഞ ശമ്പളമാണ് വിക്ടോറിയയിലെ അധ്യാപകർക്ക് ലഭിക്കുന്നതെന്ന് അവർ ആരോപിക്കുന്നു. സർക്കാർ മുന്നോട്ടുവെച്ച 17 ശതമാനം ശമ്പള വർദ്ധനവ് അധ്യാപകർ കഴിഞ്ഞ ആഴ്ച തള്ളിയിരുന്നു. ഒരു വർഷത്തിലേറെയായി നടന്നുവരുന്ന ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് സമരത്തിലേക്ക് നീങ്ങാൻ അധ്യാപകർ തീരുമാനിച്ചത്.
വിക്ടോറിയയിലെ പൊതുവിദ്യാലയങ്ങൾ രാജ്യത്തെ ഏറ്റവും കുറഞ്ഞ ഫണ്ടിംഗ് ലഭിക്കുന്നവയാണെന്ന് സമരത്തിൽ പങ്കെടുത്ത അധ്യാപകർ പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസത്തിന് പണം നീക്കിവെക്കുന്നതിന് പകരം ജയിലുകൾക്കും മറ്റും സർക്കാർ മുൻഗണന നൽകുന്നത് അംഗീകരിക്കാനാവില്ലെന്നും അവർ ചൂണ്ടിക്കാട്ടി. അർഹമായ വേതനവും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും ലഭിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് അധ്യാപകർ.