മെൽബൺ: വിക്ടോറിയൻ ഗവൺമെന്റും വിദ്യാഭ്യാസ യൂണിയനും തമ്മിൽ നടന്ന ദീർഘകാല ചർച്ചകൾക്കൊടുവിൽ അധ്യാപകർക്ക് 28 മുതൽ 32 ശതമാനം വരെ ശമ്പള വർദ്ധനവ് നൽകുന്ന പ്രാഥമിക കരാറിൽ ധാരണയായി. പുതിയ കരാർ പ്രകാരം വിക്ടോറിയയിലെ അധ്യാപകർ രാജ്യത്ത് തന്നെ ഏറ്റവും ഉയർന്ന ശമ്പളം വാങ്ങുന്നവരായി മാറും. ശമ്പള വർദ്ധനവിന് പുറമെ, അധ്യാപകർക്ക് പാഠഭാഗങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി ഓരോ വർഷവും എട്ട് 'സ്റ്റുഡന്റ് ഫ്രീ' ദിവസങ്ങളും ലഭിക്കും. നിലവിൽ ഇത് അഞ്ച് ദിവസമാണ്.
ഏകദേശം 80,000 അധ്യാപകർക്കും പ്രിൻസിപ്പൽമാർക്കും വിദ്യാഭ്യാസ സഹായികൾക്കും ഈ കരാറിന്റെ പ്രയോജനം ലഭിക്കുമെന്ന് ഓസ്‌ട്രേലിയൻ എഡ്യൂക്കേഷൻ യൂണിയൻ അറിയിച്ചു. ഈ വർഷത്തെ ആദ്യ ഘട്ട വർദ്ധനവ് 13 മുതൽ 16.7 ശതമാനം വരെയായിരിക്കും. ഇതനുസരിച്ച് ഉയർന്ന ശമ്പള നിരക്കിലുള്ള ഒരു അധ്യാപകന്റെ ശമ്പളം 1.18 ലക്ഷം ഡോളറിൽ നിന്ന് 1.51 ലക്ഷം ഡോളറായി ഉയരും. ന്യൂ സൗത്ത് വെയിൽസിലെ അധ്യാപകരെക്കാൾ 15,000 ഡോളറിലധികം വർദ്ധനവാണിത്. കൂടാതെ, പ്രീ-സ്കൂൾ ജീവനക്കാർക്ക് നാല് വർഷത്തിനുള്ളിൽ 39 ശതമാനം ശമ്പള വർദ്ധനവ് നൽകാനും തീരുമാനമായി.
യൂണിയൻ അംഗങ്ങൾ കരാർ അംഗീകരിച്ചാൽ വരും മാസങ്ങളിൽ തന്നെ പുതിയ ശമ്പളം പ്രാബല്യത്തിൽ വരും. 35 ശതമാനം ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് മാർച്ചിൽ മെൽബൺ നഗരത്തിൽ 35,000-ത്തിലധികം അധ്യാപകർ പണിമുടക്ക് നടത്തിയിരുന്നു. സർക്കാർ നേരത്തെ മുന്നോട്ടുവെച്ച 17 ശതമാനം ശമ്പള വർദ്ധനവ് യൂണിയൻ തള്ളിക്കളഞ്ഞിരുന്നു. അധ്യാപകരുടെ കഠിനാധ്വാനത്തിന് അർഹമായ അംഗീകാരമാണ് ഈ കരാറെന്ന് വിദ്യാഭ്യാസ മന്ത്രി ബെൻ കരോളും പ്രീമിയർ ജസീന്ത അലനും പ്രതികരിച്ചു.