വിക്ടോറിയ നഗരത്തിലെ 22 വർഷം പഴക്കമുള്ള ശബ്ദ നിയന്ത്രണ ബൈലോ പുതുക്കുന്നതിനായി പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ തേടുകയാണ് സിറ്റി കൗൺസിൽ. 2003ൽ നിലവിൽ വന്ന ശബ്ദ ബൈലോ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി, വർഷാരംഭത്തിൽ തന്നെ താമസക്കാരും ബിസിനസ് ഉടമകളും അവരുടെ അഭിപ്രായങ്ങൾ അറിയിക്കാൻ അവസരം ലഭിക്കും.
2021ൽ, ഏറ്റവും കൂടുതൽ ലഭിക്കുന്ന ശബ്ദപരാതികളെ കുറിച്ച് വിശദമായ പഠനം നടത്താനും അവ പരിഹരിക്കുന്നതിനായി ബൈലോയിൽ ഭേദഗതികൾ നിർദേശിക്കാനും കൗൺസിൽ ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ, വ്യവസായങ്ങൾ, ഹോസ്പിറ്റാലിറ്റി മേഖല, പൊതുചടങ്ങുകൾ, സ്വകാര്യ മാലിന്യ ശേഖരണം തുടങ്ങിയ പ്രവർത്തനങ്ങളിൽ നിന്നുള്ള അമിത ശബ്ദം നിയന്ത്രിക്കുന്നതാണ് നിലവിലെ നിയമം.
പുതുക്കിയ ബൈലോ കൂടുതൽ വ്യക്തവും പിന്തുടരാൻ എളുപ്പവുമാക്കുന്നതിനോടൊപ്പം നടപ്പാക്കലും ശക്തമാക്കുകയാണ് നഗരത്തിന്റെ ലക്ഷ്യം. എന്നാൽ സീ പ്ലെയിനുകൾ, ഹെലികോപ്റ്ററുകൾ, ക്രൂയിസ് കപ്പലുകൾ എന്നിവയ്ക്ക് ഈ നിയമം ബാധകമല്ല.
പരിശോധനയുടെ ആദ്യഘട്ടമായി, പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്ന നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. താമസക്കാർക്കും ബിസിനസുകൾക്കുമായി രണ്ട് പ്രത്യേക സർവേകൾ നടത്തും. ബിസിനസുകളുടെ പ്രവർത്തന സ്വഭാവം കൂടുതൽ വ്യക്തമായി മനസ്സിലാക്കുന്നതിനായി അധിക അഭിപ്രായങ്ങളും ശേഖരിക്കും.
ബൈലോ പരിഷ്‌കരണവുമായി ബന്ധപ്പെട്ട റിപ്പോർട്ട് വസന്തകാലത്ത് കൗൺസിലിന് മുമ്പാകെ സമർപ്പിക്കുമെന്നാണ് പ്രതീക്ഷ.