Fitzroy Community School ABC News: Nathan O'Brien
Victoria

ഫിറ്റ്‌സ്‌റോയ് സ്കൂളിനെതിരെ പുതിയ അന്വേഷണം; അതിക്രമ പരാതികളിൽ കർശന നടപടിയുമായി വിക്ടോറിയ

കുട്ടികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് വിക്ടോറിയൻ വിദ്യാഭ്യാസ മന്ത്രി ബെൻ കരോൾ വ്യക്തമാക്കി.

Elizabath Joseph

മെൽബണിലെ ഫിറ്റ്‌സ്‌റോയ് കമ്മ്യൂണിറ്റി സ്കൂളിനെതിരെ വിക്ടോറിയൻ രജിസ്ട്രേഷൻ ആൻഡ് ക്വാളിഫിക്കേഷൻ അതോറിറ്റി (VRQA) മൂന്നാം തവണയും അന്വേഷണം ആരംഭിച്ചു. ചരിത്രപരമായ ശാരീരിക ഉപദ്രവങ്ങളും ലൈംഗിക അതിക്രമങ്ങളും സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുകളെത്തുടർന്നാണ് ഈ നടപടി. സ്കൂൾ ബോർഡിന്റെ പ്രവർത്തനക്ഷമത പരിശോധിക്കുന്നതിനൊപ്പം, വിക്ടോറിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചിംഗ് (VIT) ശേഖരിച്ച സത്യവാങ്മൂലങ്ങളും ഈ അന്വേഷണത്തിന്റെ ഭാഗമാക്കും. കുട്ടികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് വിക്ടോറിയൻ വിദ്യാഭ്യാസ മന്ത്രി ബെൻ കരോൾ വ്യക്തമാക്കി.

1990-കളിൽ സമാനമായ പരാതികൾ ഉയർന്നിരുന്നുവെങ്കിലും തെളിവുകളുടെ അഭാവത്തിൽ അന്ന് അധികൃതർ അവ തള്ളിക്കളയുകയായിരുന്നു. എന്നാൽ നിലവിൽ വിക്ടോറിയ പോലീസ്, വിഐടി, ഫെഡറൽ വിദ്യാഭ്യാസ വകുപ്പ് എന്നിവർ സംയുക്തമായാണ് പുതിയ പരാതികൾ അന്വേഷിക്കുന്നത്. സ്കൂളിന്റെ സ്ഥാപക കുടുംബാംഗമായ നിക്ക് ബെറിമാനെ സെപ്റ്റംബറിൽ വിഐടി സസ്പെൻഡ് ചെയ്തിരുന്നു. മുൻ പ്രിൻസിപ്പലായിരുന്ന ടിം ബെറിമാനെതിരെയും നിലവിൽ അന്വേഷണം നടക്കുന്നുണ്ട്.

സ്കൂളിലെ മുൻ അധ്യാപകരും വിദ്യാർത്ഥികളും ഭയമില്ലാതെ വിവരങ്ങൾ കൈമാറാൻ മുന്നോട്ട് വരണമെന്ന് മെൽബണിലെ പ്രമുഖ നിയമസ്ഥാപനങ്ങൾ അറിയിച്ചു. നിരവധി പേർ ഇതിനോടകം തന്നെ തങ്ങൾക്കുണ്ടായ ദുരനുഭവങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയിട്ടുണ്ട്. അന്വേഷണം പൂർത്തിയാകുന്നതോടെ സ്കൂളിന്റെ രജിസ്ട്രേഷൻ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശനമായ നടപടികളിലേക്ക് വിആർക്യുഎ കടന്നേക്കും.

SCROLL FOR NEXT