ABC News: Maren Preuss
Victoria

ഫിറ്റ്‌സ്‌റോയ് സ്കൂളിനെതിരെ പുതിയ അന്വേഷണം; അതിക്രമ പരാതികളിൽ കർശന നടപടിയുമായി വിക്ടോറിയ

വിക്ടോറിയ പോലീസ്, വിക്ടോറിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചിംഗ് , ഫെഡറൽ വിദ്യാഭ്യാസ വകുപ്പ് എന്നിവർ നിലവിൽ സ്കൂളിനെതിരെ അന്വേഷണം നടത്തിവരികയാണ്.

Elizabath Joseph

മെൽബൺ: ചരിത്രപരമായ ശാരീരിക-ലൈംഗിക അതിക്രമ ആരോപണങ്ങളെത്തുടർന്ന് മെൽബണിലെ ഫിറ്റ്‌സ്‌റോയ് കമ്മ്യൂണിറ്റി സ്കൂളിനെതിരെ വിക്ടോറിയൻ രജിസ്ട്രേഷൻ ആൻഡ് ക്വാളിഫിക്കേഷൻ അതോറിറ്റി (VRQA) പുനരന്വേഷണം പ്രഖ്യാപിച്ചു. കുട്ടികളുടെ സുരക്ഷയും ക്ഷേമവും പരമപ്രധാനമാണെന്നും സ്കൂളിൽ നടന്ന കാര്യങ്ങൾ ഗൗരവകരമാണെന്നും വിക്ടോറിയൻ വിദ്യാഭ്യാസ മന്ത്രി ബെൻ കരോൾ വ്യക്തമാക്കി.

വിക്ടോറിയ പോലീസ്, വിക്ടോറിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചിംഗ് , ഫെഡറൽ വിദ്യാഭ്യാസ വകുപ്പ് എന്നിവർ നിലവിൽ സ്കൂളിനെതിരെ അന്വേഷണം നടത്തിവരികയാണ്.

സ്കൂളിന്റെ ഭരണസമിതിയുടെ യോഗ്യതയും പ്രവർത്തനരീതിയും വി.ആർ.ക്യു.എ പരിശോധിക്കും. സ്വതന്ത്ര അംഗങ്ങളുടെ കുറവും ചൈൽഡ് സേഫ്റ്റി ട്രെയിനിംഗിലെ വീഴ്ചകളും മുൻപും ഈ സ്കൂളിനെതിരെ ചർച്ചയായിരുന്നു.

1990-കളിൽ ഈ സ്കൂളിൽ ശാരീരിക ഉപദ്രവങ്ങൾ നടന്നതായി പരാതികൾ ഉയർന്നിരുന്നുവെങ്കിലും അന്ന് തെളിവുകളുടെ അഭാവത്തിൽ അധികൃതർ അവ തള്ളിക്കളയുകയായിരുന്നു. എന്നാൽ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ പഴയ രേഖകളും പരിശോധിക്കും.

സ്കൂളിന്റെ സ്ഥാപക കുടുംബാംഗമായ നിക്ക് ബെറിമാനെ സെപ്റ്റംബറിൽ വിക്ടോറിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചിംഗ് സസ്പെൻഡ് ചെയ്തിരുന്നു. മുൻ പ്രിൻസിപ്പലായിരുന്ന ടിം ബെറിമാനെതിരെയും അന്വേഷണം നടക്കുന്നുണ്ട്.

സ്കൂളിലെ മുൻ അധ്യാപകരും വിദ്യാർത്ഥികളും ഭയമില്ലാതെ മുന്നോട്ട് വരണമെന്ന് മെൽബണിലെ പ്രമുഖ നിയമസ്ഥാപനങ്ങൾ അറിയിച്ചു. നിരവധി പേർ ഇതിനോടകം തന്നെ തങ്ങൾക്കുണ്ടായ ദുരനുഭവങ്ങൾ പങ്കുവെച്ചിട്ടുണ്ട്. സ്കൂൾ അധികൃതർ ഈ വിശ്വാസവഞ്ചന കാണിച്ചിട്ടുണ്ടെങ്കിൽ അത് വലിയ മാനസിക ആഘാതമാണ് മാതാപിതാക്കൾക്കും വിദ്യാർത്ഥികൾക്കും നൽകിയിരിക്കുന്നതെന്ന് അഭിഭാഷകർ ചൂണ്ടിക്കാട്ടി. സ്കൂളിന്റെ പ്രവർത്തനം നിർത്തലാക്കാൻ വരെ അധികാരമുള്ള ബോഡിയാണ് നിലവിൽ അന്വേഷണം നടത്തുന്നത്.

SCROLL FOR NEXT