പക്ഷപ്പനി 
Victoria

പക്ഷിപ്പനി പടരുന്നു; കോഴിവളർത്തൽ നിയന്ത്രണങ്ങൾ നടപ്പാക്കുന്നത് നീട്ടിവെച്ച് വിക്ടോറിയ

ജൂലൈയിൽ പോർട്ട്‌ലൻഡിൽ ആദ്യ കേസ് സ്ഥിരീകരിച്ച ശേഷം വിക്ടോറിയയിൽ ഇതുവരെ ഇരുനൂറോളം പക്ഷിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Elizabath Joseph

മെൽബൺ: എച്ച്5എൻ1പക്ഷിപ്പനി വ്യാപനം രൂക്ഷമായതിനെത്തുടർന്ന് മുട്ട, കോഴി ഫാമുകളിലെ പുതിയ മൃഗക്ഷേമ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത് വിക്ടോറിയൻ സർക്കാർ 2027 പകുതി വരെ നീട്ടിവെച്ചു. പരമ്പരാഗത കൂടുകൾ 2036-ഓടെ പൂർണ്ണമായി നിരോധിക്കുന്നതിന്റെ ഭാഗമായി പുതിയ കൂടുകൾക്കുള്ള കർശന മാനദണ്ഡങ്ങൾ ഈ വർഷം പകുതിയോടെ കൊണ്ടുവരാനായിരുന്നു മുൻ തീരുമാനം. എന്നാൽ പക്ഷിപ്പനി പടരുന്ന പശ്ചാത്തലത്തിൽ രോഗനിയന്ത്രണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കർഷകർക്ക് സമയം അനുവദിക്കുന്നതിനായാണ് നടപടിയെന്ന് കൃഷി മന്ത്രി മിഖായേല സെറ്റിൽ വ്യക്തമാക്കി.

സർക്കാർ തീരുമാനത്തെ വിക്ടോറിയൻ ഫാർമേഴ്‌സ് ഫെഡറേഷൻ സ്വാഗതം ചെയ്തു. കർഷകരുമായി മതിയായ കൂടിയാലോചനകൾ നടത്താതെയാണ് മുൻപ് വ്യവസ്ഥകൾ തയ്യാറാക്കിയതെന്നും കൂടുതൽ ചർച്ചകൾക്ക് ഈ ഇടവേള ഉപകരിക്കുമെന്നും ഫെഡറേഷൻ പ്രതിനിധി ബ്രയാൻ അഹമ്മദ് പറഞ്ഞു. ജൂലൈയിൽ പോർട്ട്‌ലൻഡിൽ ആദ്യ കേസ് സ്ഥിരീകരിച്ച ശേഷം വിക്ടോറിയയിൽ ഇതുവരെ ഇരുനൂറോളം പക്ഷിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വന്യപക്ഷികളുമായുള്ള സമ്പർക്കം ഒഴിവാക്കാനായി തെക്കൻ തീരദേശ വിക്ടോറിയയിൽ അൻപതോ അതിലധികമോ കോഴികളുള്ള ഫാമുകൾക്ക് ഏർപ്പെടുത്തിയ ഇൻഡോർ ഹൗസിംഗ് നിയന്ത്രണം ഒക്ടോബർ പകുതി വരെ നീട്ടിയിട്ടുണ്ട്.

SCROLL FOR NEXT