(Photograph: alvarez/Getty Images)
Victoria

ബാക്ടീരിയൽ വജൈനോസിസ് വീണ്ടും വരാനുള്ള കാരണം കണ്ടെത്തി ഓസീസ് ശാസ്ത്രജ്ഞർ

മൊണാഷ് യൂണിവേഴ്‌സിറ്റിയിലെയും മെൽബൺ സെക്ഷ്വൽ ഹെൽത്ത് സെന്ററിലെയും ഗവേഷകർ നടത്തിയ പഠനത്തിലാണ് നിർണ്ണായക കണ്ടെത്തൽ.

Safvana Jouhar

മെൽബൺ: ലോകമെമ്പാടുമുള്ള സ്ത്രീകളിൽ നാലിൽ ഒരാളെ ബാധിക്കുന്ന ലൈംഗികാരോഗ്യ പ്രശ്നമായ 'ബാക്ടീരിയൽ വജൈനോസിസ്' (Bacterial Vaginosis - BV) അണുബാധ വീണ്ടും പിടിപെടുന്നതിന് പിന്നിലെ രണ്ട് പ്രധാന കാരണങ്ങൾ കണ്ടെത്തി ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞർ. യോനിയിലെ നല്ല ബാക്ടീരിയകളുടെ അളവ് കുറയുകയും മറ്റ് അനാവശ്യ ബാക്ടീരിയകൾ അമിതമായി വളരുകയും ചെയ്യുന്ന അവസ്ഥയാണിത്. മൊണാഷ് യൂണിവേഴ്‌സിറ്റിയിലെയും മെൽബൺ സെക്ഷ്വൽ ഹെൽത്ത് സെന്ററിലെയും ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ നിർണ്ണായക കണ്ടെത്തൽ. അണുബാധ പൂർണ്ണമായി മാറാത്ത അവസ്ഥയും (Persistence), പങ്കാളിയിൽ നിന്നുള്ള പുനരണുബാധയുമാണ് (Re-infection) വജൈനോസിസ് വീണ്ടും വരാനുള്ള പ്രധാന കാരണങ്ങളെന്ന് 'ദി ലാൻസെറ്റ്' (The Lancet) ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

188 ദമ്പതികളിൽ നടത്തിയ പരിശോധനയിൽ, ആന്റിബയോട്ടിക് ചികിത്സ പൂർത്തിയാക്കിയ ശേഷവും മൂന്നിലൊന്ന് സ്ത്രീകളിൽ ബാക്ടീരിയൽ വജൈനോസിസ് പൂർണ്ണമായി മാറിയിരുന്നില്ലെന്ന് കണ്ടെത്തി. ഇത് ചികിത്സ കഴിഞ്ഞ് നാല് ആഴ്ചയ്ക്കുള്ളിൽ വീണ്ടും അണുബാധ ഉണ്ടാകാനുള്ള സാധ്യത മൂന്നിരട്ടിയാക്കുന്നു. കൂടാതെ, ഐയുഡി (IUD) പോലുള്ള ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കുന്ന സ്ത്രീകളിൽ അണുബാധ മാറാതെ നിലനിൽക്കാൻ സാധ്യത കൂടുതലാണെന്നും പഠനം വ്യക്തമാക്കുന്നു.

നേരത്തെ, സ്ത്രീക്കും ആൺപങ്കാളിക്കും ഒരുമിച്ച് ആന്റിബയോട്ടിക് ചികിത്സ നൽകുന്നത് അണുബാധ വീണ്ടും ഉണ്ടാകുന്നത് 60 ശതമാനത്തിലധികം കുറയ്ക്കുമെന്ന് ഇതേ ഗവേഷകർ കണ്ടെത്തിയിരുന്നു. രോഗികൾക്ക് ആണ്ടിലുടനീളം വീണ്ടും വീണ്ടും ആന്റിബയോട്ടിക് കോഴ്‌സുകൾ കഴിക്കേണ്ടി വരുന്നത് ഒഴിവാക്കാനായി ദീർഘകാല ചികിത്സാ രീതികളും ആന്റിബയോട്ടിക് കോമ്പിനേഷനുകളും പരീക്ഷിക്കാനാണ് ശാസ്ത്രജ്ഞരുടെ അടുത്ത ഘട്ട തീരുമാനം.

SCROLL FOR NEXT