(9 News)
Victoria

ഡാനിയൽ ആൻഡ്രൂസും ജസീന്ത അലനും ജയിലിലാകണമെന്ന് വൺ നേഷൻ സ്ഥാനാർഥി

“എന്റെ വഴിക്കായിരുന്നെങ്കിൽ ഡാൻ ആൻഡ്രൂസും ജസീന്ത അലനും ക്രിസ്മസിന് മുമ്പ് ജയിലിലായിരിക്കും,” നിക്കോൾസൺ പറഞ്ഞു.

Safvana Jouhar

വിക്ടോറിയൻ സംസ്ഥാന തിരഞ്ഞെടുപ്പിനുള്ള വൺ നേഷന്റെ പ്രചാരണത്തിന് തുടക്കമായി. മെൽബണിലെ ക്രൗണിൽ ശനിയാഴ്ച നടന്ന പാർട്ടി പരിപാടിക്കിടെയാണ് മുൻ സംസ്ഥാന പ്രീമിയർമാരായ ഡാനിയൽ ആൻഡ്രൂസും ജസീന്ത അലനും ജയിലിലാകണമെന്ന് അപ്പർ ഹൗസ് സ്ഥാനാർഥി മാർക്ക് നിക്കോൾസൺ പ്രസ്താവിച്ചത്. “എന്റെ വഴിക്കായിരുന്നെങ്കിൽ ഡാൻ ആൻഡ്രൂസും ജസീന്ത അലനും ക്രിസ്മസിന് മുമ്പ് ജയിലിലായിരിക്കും,” നിക്കോൾസൺ പറഞ്ഞു. ക്രിമിനൽ ജസ്റ്റിസ് സംവിധാനത്തിലെ പൊലീസ്, കോടതികൾ, തിരുത്തൽ സംവിധാനങ്ങൾ എന്നിവ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിനായി സംസ്ഥാനത്തെ അപ്പർ, ലോവർ ഹൗസുകളിലെ 128 സീറ്റുകളിലേക്കും സ്ഥാനാർഥികളെ വൺ നേഷൻ പ്രഖ്യാപിച്ചു. എ.സി./ഡി.സി.യുടെ സംഗീതത്തിന്റെ അകമ്പടിയോടെയാണ് സ്ഥാനാർഥികളെ വേദിയിൽ അവതരിപ്പിച്ചത്. വിക്ടോറിയൻ വൺ നേഷൻ നേതാവ് വാറൻ പിക്കിങ് സ്ഥാനാർഥികളെ “സൈനികർ” എന്നാണ് വിശേഷിപ്പിച്ചത്. പാർട്ടി നേതാവ് പോളിൻ ഹാൻസണും പരിപാടിയിൽ പങ്കെടുത്തു. സബർബൻ റെയിൽ ലൂപ്പ് പദ്ധതി റദ്ദാക്കുമെന്നും ഫസ്റ്റ് നേഷൻസ് ട്രീറ്റി അവസാനിപ്പിക്കുമെന്നും പാർട്ടി പ്രഖ്യാപിച്ചു. എന്നാൽ 63 പേജുള്ള നയരേഖയിൽ പദ്ധതികൾ നടപ്പാക്കുന്നതിനുള്ള ചെലവ് കണക്കുകൾ ഉൾപ്പെടുത്തിയിട്ടില്ല. സബർബൻ റെയിൽ ലൂപ്പിനായി ചെലവഴിക്കുന്ന തുകയും ട്രീറ്റിക്കായി പ്രതിവർഷം ചെലവഴിക്കുന്നതായി പാർട്ടി പറയുന്ന 70 മില്യൺ ഡോളറും ഒഴിവാക്കാമെന്ന് നിക്കോൾസൺ പറഞ്ഞു.

തിരഞ്ഞെടുപ്പിൽ ലേബർ, ലിബറൽ പാർട്ടികൾക്ക് പുറമെ വൺ നേഷനും ശക്തമായ മത്സരം കാഴ്ചവയ്ക്കുമെന്ന് വൺ നേഷൻ നേതാവ് വാറൻ പിക്കിങ് അവകാശപ്പെട്ടു. സംസ്ഥാനത്തെ 50 ശതമാനം സീറ്റുകളിലും ത്രികോണ മത്സരം ഉണ്ടാകുമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. പരമ്പരാഗത ലേബർ–ലിബറൽ മത്സരത്തിൽ നിന്ന് വ്യത്യസ്തമായ തിരഞ്ഞെടുപ്പായിരിക്കും ഇത്തവണത്തേതെന്ന് വിക്ടോറിയൻ ഭവന, മുതിർന്ന പൗരന്മാരുടെ മന്ത്രി നിക് സ്റ്റൈക്കോസും പ്രതികരിച്ചു. അതേസമയം, വൺ നേഷന്റെ കുടിയേറ്റ വിരുദ്ധ നിലപാടുകളെ വിമർശിച്ച് പരിപാടിക്ക് പുറത്ത് പ്രതിഷേധവും നടന്നു. സർക്കാർ ജനങ്ങളെ പരാജയപ്പെടുത്തുന്നുണ്ടെങ്കിലും കുടിയേറ്റക്കാരെ ബലിയാടാക്കുന്നതല്ല പരിഹാരമെന്ന് പ്രതിഷേധക്കാരിൽ ഒരാൾ പ്രതികരിച്ചു.

SCROLL FOR NEXT