(Photograph: Amie Hindson/Zoos Victoria)
Victoria

വംശനാശ ഭീഷണിയിൽ ലീഡ്‌ബീറ്റേഴ്‌സ് പോസം; സംരക്ഷണ കേന്ദ്രത്തിൽ പുതിയ ആവാസവ്യവസ്ഥ ഒരുക്കി

Safvana Jouhar

വിക്ടോറിയയിലെ യെല്ലിങ്‌ബോ സംരക്ഷണ മേഖലയിൽ വംശനാശ ഭീഷണി നേരിടുന്ന ലീഡ്‌ബീറ്റേഴ്‌സ് പോസങ്ങളുടെ നിലനിൽപ്പിന് നിർണായകമായ സമയം അവസാനിച്ചുകൊണ്ടിരിക്കുകയായിരുന്നു. വെറും 13 പോസങ്ങൾ മാത്രമാണ് അവിടെ അവശേഷിച്ചിരുന്നത്. ഇവയെ സംരക്ഷിക്കാനുള്ള അടിയന്തര നടപടിയുടെ ഭാഗമായി മൃഗസംരക്ഷണ വിദഗ്ധർ അവയെ പുതിയ ആവാസകേന്ദ്രത്തിലേക്ക് മാറ്റി. തണുപ്പും ഈർപ്പവും ഇരുട്ടുമുള്ള വനപ്രദേശങ്ങളാണ് ഈ ചെറിയ ജീവികൾക്ക് അനുയോജ്യം. കൂടുണ്ടാക്കാൻ പഴക്കമുള്ള വലിയ മരങ്ങളും സഞ്ചരിക്കാനും ഒളിക്കാനും ഇടതൂർന്ന മരക്കൂട്ടങ്ങളും ആവശ്യമാണ്. എന്നാൽ മുൻകാലത്തെ സർക്കാർ വനമരം മുറിക്കലും കാട്ടുതീയും കാരണം ഇത്തരം ആവാസവ്യവസ്ഥകൾ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.

വിക്ടോറിയ സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗചിഹ്നമാണ് ലീഡ്‌ബീറ്റേഴ്‌സ് പോസം. സംസ്ഥാനത്തിന് പുറത്തായി ന്യൂ സൗത്ത് വെയിൽസിലെ കോസ്‌സിയൂസ്‌കോ ദേശീയോദ്യാനത്തിൽ അടുത്തിടെ ഇവയുടെ സാന്നിധ്യം കണ്ടെത്തിയതൊഴിച്ചാൽ, ഇവ പ്രധാനമായും വിക്ടോറിയയിൽ മാത്രമാണ് കാണപ്പെടുന്നത്. ഹൈലാൻഡ്, ലോലാൻഡ് എന്നിങ്ങനെ രണ്ട് ജനിതക വിഭാഗങ്ങളുണ്ട്. യെല്ലിങ്‌ബോയിൽ മാത്രം കാണപ്പെടുന്ന ലോലാൻഡ് പോസങ്ങൾ വലിപ്പം കുറഞ്ഞതും ശാന്തസ്വഭാവമുള്ളവയുമാണ്. മെൽബണിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ കിഴക്കുള്ള യെല്ലിങ്‌ബോ, അപൂർവമായ ചതുപ്പുനില വനങ്ങളുടെ അവസാന അവശിഷ്ടങ്ങളിലൊന്നാണ്. വംശനാശ ഭീഷണി നേരിടുന്ന വിക്ടോറിയയുടെ ഔദ്യോഗിക പക്ഷിയായ ഹെൽമറ്റഡ് ഹണിഈറ്ററിന്റെയും പ്രധാന ആവാസകേന്ദ്രമാണിത്.

2003-ൽ 110-ലധികം പോസങ്ങൾ ഉണ്ടായിരുന്ന ഇവിടെ കഴിഞ്ഞ പത്ത് വർഷത്തിനിടെ എണ്ണം 20 മുതൽ 30 വരെയായി കുറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഈ വർഷം ജൂൺ വരെയുള്ള കാലയളവിൽ അവശേഷിച്ചവയിൽ പകുതിയോളം അപ്രത്യക്ഷമായി. വേട്ടക്കാരായ മറ്റ് ജീവികളുടെ ആക്രമണമാണ് ഇതിന് കാരണമെന്നാണ് കരുതുന്നത്.

സ്ഥിതി ഗുരുതരമായതോടെ സൂസ് വിക്ടോറിയയിലെ പരിസ്ഥിതി വിദഗ്ധർ ശേഷിച്ച പോസങ്ങളെയെല്ലാം യെല്ലിങ്‌ബോയിൽ നിന്ന് മാറ്റി ഹീൽസ്‌വിൽ സാങ്ച്വറിയിൽ താൽക്കാലികമായി പാർപ്പിച്ചു. ഇതോടെ കുറച്ചുകാലത്തേക്ക് ഈ ജീവികൾക്ക് അവിടെ കാട്ടിലെ സ്വാഭാവിക സാന്നിധ്യം ഇല്ലാതായി. പോസങ്ങൾക്ക് കൂടുതൽ സുരക്ഷിതമായ ആവാസകേന്ദ്രം ഒരുക്കുന്നതുവരെ മാത്രമായിരുന്നു ഈ തടങ്കൽ. ഇതിനായി യാറ, ഡോൺ നദികൾ സംഗമിക്കുന്ന ഹൈനിങ് ഫാമിൽ പുതിയ വനമേഖല ഒരുക്കിയിരുന്നു. എട്ട് വർഷം മുമ്പ് തുടങ്ങിയ പദ്ധതിയുടെ ഭാഗമായി പാർക്സ് വിക്ടോറിയയും ഗ്രീനിങ് ഓസ്‌ട്രേലിയയും സർക്കാർ, സാമൂഹിക സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ ഒൻപത് ലക്ഷം മരങ്ങളും കുറ്റിച്ചെടികളും പുല്ലുകളും നട്ടുപിടിപ്പിച്ചു. കുറുക്കന്മാരെയും കാട്ടുപൂച്ചകളെയും അകറ്റിനിർത്താൻ 3.6 കിലോമീറ്റർ നീളമുള്ള വേലിയും സ്ഥാപിച്ചിട്ടുണ്ട്. ‌‌‌

എന്നാൽ കാൽനടയാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും പ്രവേശനം അനുവദിക്കുന്ന രീതിയിലാണ് വേലി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒക്ടോബർ അവസാനത്തോടെ ആറ് ലോലാൻഡ്, രണ്ട് ഹൈലാൻഡ്, ഒരു സങ്കരയിനം ഉൾപ്പെടെ ഒൻപത് പോസങ്ങളെ പുതിയ വനമേഖലയിൽ തുറന്നുവിട്ടു. 2027-ൽ കൂടുതൽ പോസങ്ങളെ ഇവിടേക്ക് മാറ്റാനാണ് പദ്ധതി. ജോഡികളായും മൂന്നംഗ സംഘങ്ങളായുമാണ് ഇവയെ വിട്ടയച്ചത്. ഓരോ സംഘവും സ്വന്തം പ്രദേശം സംരക്ഷിക്കുന്ന സ്വഭാവമുള്ളവയാണെന്ന് സൂസ് വിക്ടോറിയയിലെ മുതിർന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. ഡാൻ ഹാർലി പറഞ്ഞു. മരങ്ങളുടെ പുറംതൊലിയിൽ നിന്ന് തേൻപോലുള്ള സ്രവങ്ങളും മധുരമുള്ള ദ്രാവകങ്ങളും നക്കിയെടുത്താണ് ഇവ പ്രധാനമായും ഭക്ഷണം കണ്ടെത്തുന്നത്. പ്രോട്ടീൻ ലഭിക്കാൻ വണ്ടുകൾ, ചിലന്തികൾ, ചീവീടുകൾ എന്നിവയും ഭക്ഷിക്കുന്നു. എന്നാൽ ഹൈനിങ് ഫാമിലെ വനം ഇപ്പോഴും ചെറുപ്പമാണ്. പഴക്കമുള്ള മരങ്ങളിലെ പൊത്തുകളാണ് ഇവയ്ക്ക് കൂടൊരുക്കാൻ ആവശ്യമായത്. അതിനാൽ പ്രത്യേക ഭക്ഷണ പ്ലാറ്റ്‌ഫോമുകളും കൃത്രിമ കൂടുകളും മരക്കൊമ്പുകൾ ഉപയോഗിച്ചുള്ള സഞ്ചാരപാതകളും ഒരുക്കിയിട്ടുണ്ട്.

ലോലാൻഡ് പോസങ്ങളുടെ നിലനിൽപ്പിന് കുറഞ്ഞത് 220 ഹെക്ടർ അനുയോജ്യമായ വനമേഖല ആവശ്യമാണെന്നാണ് ഡോ. ഹാർലിയുടെ വിലയിരുത്തൽ. നിലവിലെ സംരക്ഷണകേന്ദ്രം മാത്രം ഈ വിഭാഗത്തെ രക്ഷിക്കാൻ മതിയാകില്ലെന്നും അദ്ദേഹം പറഞ്ഞു. 1960-കളിൽ വീണ്ടും കണ്ടെത്തുന്നതുവരെ ലീഡ്‌ബീറ്റേഴ്‌സ് പോസങ്ങൾ വംശനാശം സംഭവിച്ചുവെന്നാണ് കരുതിയിരുന്നത്. പഴക്കമുള്ളതും പൊത്തുകളുള്ളതുമായ മരങ്ങൾ നഷ്ടപ്പെടുന്നതാണ് ഇവയുടെ ഹൈലാൻഡ് വിഭാഗത്തിനും വലിയ ഭീഷണിയാകുന്നത്. ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ ഡേവിഡ് ലിൻഡൻമെയർ, യെല്ലിങ്‌ബോയിലെ പ്രതിസന്ധി മുൻകൂട്ടി കാണാൻ കഴിയുമായിരുന്നുവെന്നും ഇത് ഒഴിവാക്കാമായിരുന്നുവെന്നും അഭിപ്രായപ്പെട്ടു. പോസങ്ങളുടെ പ്രധാന ആവാസകേന്ദ്രമായ സെൻട്രൽ ഹൈലാൻഡിലെ നനവാർന്ന വനങ്ങൾ ഉൾപ്പെടുത്തി ഗ്രേറ്റ് ഫോറസ്റ്റ് ദേശീയോദ്യാനം രൂപീകരിക്കാത്ത സംസ്ഥാന സർക്കാരിന്റെ നടപടിയെയും അദ്ദേഹം വിമർശിച്ചു. സംസ്ഥാനത്തെ പൊതുവനം ഏറ്റവും വലിയ തോതിൽ വികസിപ്പിക്കുമെന്ന് ലേബർ സർക്കാർ നേരത്തെ വാഗ്ദാനം ചെയ്തിരുന്നെങ്കിലും ദേശീയോദ്യാനങ്ങളുടെ വിസ്തൃതി കാര്യമായി വർധിപ്പിക്കാൻ ഒന്നും ചെയ്തിട്ടില്ലെന്നാണ് ലിൻഡൻമെയറിന്റെ ആരോപണം. വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പിന് മുന്നോടിയായി മറ്റ് രാഷ്ട്രീയ പാർട്ടികളുടെ സമീപനത്തിലും പ്രതീക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗചിഹ്നത്തെപ്പോലും സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ മറ്റ് ജീവികളുടെ സംരക്ഷണത്തിൽ എന്ത് പ്രതീക്ഷിക്കാനാകുമെന്ന ചോദ്യവും അദ്ദേഹം ഉയർത്തി.

SCROLL FOR NEXT