(Google Map)
Victoria

32 വർഷത്തെ പ്രവർത്തനം അവസാനിപ്പിച്ച് മെൽബണിലെ പ്രശസ്ത ജാപ്പനീസ് റെസ്റ്റോറന്റ് ‘Ocha’

വർധിച്ച ചെലവുകളും സാമ്പത്തിക അനിശ്ചിതത്വവും തിരിച്ചടിയായി; സ്ഥാപനം ലിക്വിഡേഷൻ നടപടികളിലേക്ക്.

Safvana Jouhar

മെൽബൺ: മൂന്ന് പതിറ്റാണ്ടിലേറെക്കാലമായി പ്രവർത്തിച്ചുവരുന്ന മെൽബണിലെ പ്രശസ്ത ജാപ്പനീസ് റെസ്റ്റോറന്റായ 'Ocha' പ്രവർത്തനം അവസാനിപ്പിച്ചു. വർധിച്ചുവരുന്ന ചെലവുകളും സാമ്പത്തിക അനിശ്ചിതത്വവും കാരണം മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യത്തിലാണ് വിക്ടോറിയയിലെ ഹോത്തോണിലുള്ള റെസ്റ്റോറന്റ് അടച്ചുപൂട്ടിയത്. സ്ഥാപനത്തിന്റെ ഉടമകൾ സ്വമേധയാ ലിക്വിഡേഷൻ നടപടികൾ ആരംഭിക്കുകയും ലിക്വിഡേറ്ററെ നിയമിക്കുകയും ചെയ്തു. ഉടമകളായ മിഷേൽ റോജേഴ്‌സണും യാസുഹിക്കോ യോഷിദയും സംയുക്ത പ്രസ്താവനയിലൂടെയാണ് അടച്ചുപൂട്ടൽ വിവരം അറിയിച്ചത്. ചെറുകിട സ്വതന്ത്ര റെസ്റ്റോറന്റുകൾക്ക് നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ നിലനിൽക്കുന്നത് കൂടുതൽ പ്രയാസകരമായിരിക്കുകയാണെന്നും ഏറെ വേദനയോടെയാണ് ഈ തീരുമാനമെടുത്തതെന്നും അവർ പറഞ്ഞു.

“Ocha-ക്കായി ഞങ്ങൾ വളരെയധികം പരിശ്രമിച്ചിട്ടുണ്ട്. എന്നാൽ ഇത്രയും വർഷമായി തുടർന്നുവന്ന രീതിയിൽ ഇനി മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യത്തിലെത്തി,” ഉടമകൾ വ്യക്തമാക്കി. കോവിഡ് മഹാമാരിക്കാലത്ത് വിക്ടോറിയയിൽ ഏർപ്പെടുത്തിയ ദീർഘകാല നിയന്ത്രണങ്ങൾ ഉൾപ്പെടെ സമീപവർഷങ്ങളിലെ വെല്ലുവിളികൾ തങ്ങളെ കാര്യമായി ബാധിച്ചെന്നും അവർ കൂട്ടിച്ചേർത്തു. ഭാവിയിൽ വീണ്ടും പ്രവർത്തനം ആരംഭിക്കാനുള്ള സാധ്യത ഉടമകൾ പൂർണമായി തള്ളിക്കളഞ്ഞിട്ടില്ല. തങ്ങൾ ഇഷ്ടപ്പെടുന്ന ഭക്ഷണസംസ്കാരം ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ മറ്റൊരു മാർഗം കണ്ടെത്താനാകുമെന്ന പ്രതീക്ഷയും അവർ പങ്കുവച്ചു. നിലവിൽ ഉപഭോക്താക്കളോട് വിടപറയുകയാണെന്നും പ്രസ്താവനയിൽ അറിയിച്ചു.

1994-ൽ കെവിലെ ഒരു ഇറച്ചിക്കടയ്ക്കുള്ളിലാണ് Ocha പ്രവർത്തനം ആരംഭിച്ചത്. 2010-ൽ പുതിയ കെട്ടിടത്തിലേക്ക് മാറിയ സ്ഥാപനം, ഓസ്‌ട്രേലിയൻ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചുള്ള പരമ്പരാഗത ജാപ്പനീസ് വിഭവങ്ങളിലൂടെ ശ്രദ്ധനേടി.

ദ ഏജ് പത്രത്തിന്റെ ഗുഡ് ഫുഡ് ഗൈഡിൽ നിരവധി തവണ ഇടംനേടിയ Ocha, 2013-ൽ മികച്ച BYO റെസ്റ്റോറന്റിനുള്ള പുരസ്കാരത്തിനും നാമനിർദേശം ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഉടമകൾ സ്ഥാപനം സ്വമേധയാ പിരിച്ചുവിടാൻ തീരുമാനിക്കുകയും ജിഎസ് ആൻഡ്രൂസ് അഡ്വൈസറിയിലെ ആൻഡ്രൂ ജുസ്‌വയെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തു. റെസ്റ്റോറന്റിന്റെ വെബ്സൈറ്റിൽ നിലവിൽ സ്ഥാപനം അടച്ചിട്ടിരിക്കുകയാണെന്ന അറിയിപ്പാണ് നൽകിയിരിക്കുന്നത്.

SCROLL FOR NEXT