മെൽബണിൽ 17 വയസുകാരിയെ സ്കൂളിന് സമീപത്ത് നിന്ന് തട്ടിക്കൊണ്ടുപോയി സമ്മതമില്ലാതെ വിവാഹം കഴിക്കാൻ ശ്രമിച്ചെന്നാരോപിച്ച് 18 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ ഇഷ്ടത്തിന് വിരുദ്ധമായി തടവിലിട്ടതടക്കമുള്ള ഗുരുതര കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ബുധനാഴ്ച മെൽബൺ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ അയോം ഡെങ് (18) എന്ന യുവാവിനെതിരെ അപഹരണം, തട്ടിക്കൊണ്ടുപോകൽ, അനധികൃത തടങ്കൽ, ജാമ്യത്തിലിരിക്കെ കുറ്റകൃത്യം നടത്തിയതടക്കമുള്ള കുറ്റങ്ങൾ ചുമത്തി. കേസിൽ ഇയാൾ ജാമ്യാപേക്ഷ സമർപ്പിക്കാതിരുന്നതിനാൽ കോടതി റിമാൻഡ് ചെയ്തു. സെപ്റ്റംബർ 23ന് വീണ്ടും കോടതിയിൽ ഹാജരാക്കും.
വെള്ളിയാഴ്ച രാവിലെ 8.30ഓടെ സ്പ്രിംഗ്വെയിൽ സൗത്തിലെ കീസ്ബറോ സെക്കൻഡറി കോളേജിലേക്ക് പോവുകയായിരുന്ന 17 കാരിയെ ഒരു യുവാവ് സമീപിച്ച് ബലമായി വാഹനത്തിൽ കയറ്റി കടന്നുകളഞ്ഞുവെന്നാണ് പൊലീസ് പറയുന്നത്. സംഭവസമയത്ത് വാഹനം ഓടിച്ചിരുന്നത് ഡെങ് ആയിരുന്നുവെന്നും പൊലീസ് ആരോപിച്ചു.
വ്യാഴാഴ്ച പുറത്തുവിട്ട കുറ്റപത്രത്തിൽ, പെൺകുട്ടിയെ അവളുടെ സമ്മതമില്ലാതെ വിവാഹം കഴിക്കാനുള്ള ഉദ്ദേശ്യത്തോടെ തട്ടിക്കൊണ്ടുപോയതായും ഇഷ്ടത്തിന് വിരുദ്ധമായി തടവിലിട്ടതായും ആരോപിക്കുന്നു. ഡ്രൈവിംഗ് ലൈസൻസോ പെർമിറ്റോ ഇല്ലാതെ വാഹനം ഓടിച്ചതിനും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ സഹപ്രതിയായ 15 കാരനെയും അപഹരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ പിന്നീട് കുട്ടികളുടെ കോടതിയിൽ ഹാജരാകും.