ABC News: Jack Colantuono 
Victoria

റോഡിലെ വേഗത കുറച്ചതിൽ കടുത്ത പ്രതിഷേധം; വിക്ടോറിയയിൽ സ്പീഡ് ബോർഡുകൾ നശിപ്പിച്ച്‌ ജനങ്ങൾ

അപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി ഈ റോഡിലെ വേഗത പരിധി മണിക്കൂറിൽ 100 കിലോമീറ്ററിൽ നിന്നും 80 കിലോമീറ്ററായി കഴിഞ്ഞ ഏപ്രിലിൽ സർക്കാർ സ്ഥിരമായി കുറച്ചിരുന്നു.

Elizabath Joseph

മെൽബൺ: കിഴക്കൻ വിക്ടോറിയയിലെ ഗ്രാമീണ റോഡുകളിൽ വേഗത പരിധി കുറച്ച സർക്കാർ നടപടിക്കെതിരെ ജനങ്ങളുടെ കടുത്ത പ്രതിഷേധം അക്രമത്തിലേക്ക് തിരിയുന്നു. മെൽബണിൽ നിന്നും രണ്ട് മണിക്കൂർ യാത്രാദൂരമുള്ള ചർച്ചിലിന് സമീപത്തെ ഹേസൽവുഡ് റോഡിലെ നാല് സ്പീഡ് ബോർഡുകൾ പ്രതിഷേധക്കാർ വെട്ടിമാറ്റിയ നിലയിൽ കണ്ടെത്തി. അപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി ഈ റോഡിലെ വേഗത പരിധി മണിക്കൂറിൽ 100 കിലോമീറ്ററിൽ നിന്നും 80 കിലോമീറ്ററായി കഴിഞ്ഞ ഏപ്രിലിൽ സർക്കാർ സ്ഥിരമായി കുറച്ചിരുന്നു. ലാലേട്രോബ് വാലിയിലെ മറ്റ് പല ഭാഗങ്ങളിലും 80-ൽ നിന്നും 60 കിലോമീറ്ററാക്കി കുറച്ച ബോർഡുകൾക്ക് മുകളിൽ പ്രതിഷേധക്കാർ പെയിന്റടിച്ച് നശിപ്പിച്ചിട്ടുമുണ്ട്. ഇതൊരു ക്രിമിനൽ കുറ്റമാണെന്നും സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചതായും വെല്ലിംഗ്ടൺ പോലീസ് ഇൻസ്പെക്ടർ മെലാനി ഹാംഷെയർ വ്യക്തമാക്കി.

തകർന്നുകിടക്കുന്ന റോഡുകൾ കൃത്യമായി അറ്റകുറ്റപ്പണികൾ നടത്തി നന്നാക്കുന്നതിന് പകരം, റോഡിലെ കുഴികൾ മൂടാതെ വേഗത കുറയ്ക്കുന്നത് സർക്കാരിന്റെ പരാജയമാണെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു. വേഗത കുറച്ചത് യാത്രാസമയം വർദ്ധിപ്പിച്ചതായും സമീപത്തെ ലോയ് യാങ് പവർ സ്റ്റേഷനിലെ ഷിഫ്റ്റ് ജീവനക്കാരെയും മറ്റ് തൊഴിലാളികളെയും ഇത് ദോഷകരമായി ബാധിച്ചതായും അവർ ആരോപിക്കുന്നു. ഉയർന്ന വേഗത പരിധി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് ആളുകൾ ഒപ്പിട്ട നിവേദനങ്ങൾ നാഷണൽസ് പാർട്ടി എം.പിമാരായ മാർട്ടിൻ കാമറൂണിന്റെയും മെലിന ബാത്തിന്റെയും നേതൃത്വത്തിൽ വിക്ടോറിയൻ പാർലമെന്റിൽ സമർപ്പിച്ചു. റോഡുകൾക്ക് താൽക്കാലിക പരിഹാരം കാണാതെ ശാശ്വതമായ അറ്റകുറ്റപ്പണികളാണ് വേണ്ടതെന്ന് എം.പിമാർ ആവശ്യപ്പെട്ടു. ഈ വർഷത്തെ സംസ്ഥാന ബജറ്റിൽ കുഴികൾ അടയ്ക്കാനായി സർക്കാർ 1 ബില്യൺ ഡോളർ നീക്കിവെച്ചിട്ടുണ്ട്, ഇതിൽ 70 ശതമാനവും റീജിയണൽ മേഖലകൾക്കാണ്.

അതേസമയം, കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഈ റോഡുകളിൽ ഒരു മരണവും ഏഴ് ഗുരുതര പരിക്കുകളും ഉൾപ്പെടെ 16 വലിയ അപകടങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഗതാഗത വകുപ്പ് ചൂണ്ടിക്കാണിക്കുന്നു. വേഗത കുറയ്ക്കുന്നത് വഴി അപകടങ്ങളുടെ ആഘാതം കുറയ്ക്കാനും ജീവനക്കാരെ സംരക്ഷിക്കാനും സാധിക്കുമെന്ന് വകുപ്പ് വക്താവ് വ്യക്തമാക്കി. സുരക്ഷാ നിലവാരം കുറഞ്ഞ ഗ്രാമീണ റോഡുകളിൽ വേഗത പരിധി കുറയ്ക്കുന്നത് സ്വാഭാവികമാണെന്നും എന്നാൽ ബോർഡുകൾ നശിപ്പിക്കുന്നത് മറ്റ് യാത്രക്കാരുടെ ജീവന് ഭീഷണിയാണെന്നും റോയൽ ഓട്ടോമൊബൈൽ ക്ലബ് ഓഫ് വിക്ടോറിയ മേധാവി ജെയിംസ് വില്യംസ് ഓർമ്മിപ്പിച്ചു. ഇത്തരം മാറ്റങ്ങൾ വരുത്തുമ്പോൾ ജനങ്ങളെ കൃത്യമായി ബോധവൽക്കരിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

SCROLL FOR NEXT