(Photograph: Mario Tama/Getty Images)
Victoria

നെറ്റ് സീറോ കൈവരിച്ചാലും പാവപ്പെട്ട രാജ്യങ്ങൾക്ക് കാലാവസ്ഥാ ആശ്വാസം വൈകും: പഠന റിപ്പോർട്ട്

മെൽബൺ സർവകലാശാലയിലെ ഡോ. ആന്ഡ്രൂ കിംഗിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് കാലാവസ്ഥാ വ്യതിയാനത്തിലെ ഈ വലിയ അനീതി വെളിപ്പെടുത്തിയിരിക്കുന്നത്.

Safvana Jouhar

മെൽബൺ: ആഗോള ഹരിതഗൃഹ വാതക ഉദ്‌വമനം 'നെറ്റ് സീറോ' (Net Zero) തലത്തിൽ എത്തിച്ചാലും, കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലങ്ങളിൽ നിന്ന് മുക്തി നേടാൻ ലോകത്തെ ഏറ്റവും പാവപ്പെട്ട രാജ്യങ്ങൾക്ക് പതിറ്റാണ്ടുകളോളം കാത്തിരിക്കേണ്ടി വരുമെന്ന് പുതിയ പഠനം ചൂണ്ടിക്കാണിക്കുന്നു. മെൽബൺ സർവകലാശാലയിലെ ഡോ. ആന്ഡ്രൂ കിംഗിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് കാലാവസ്ഥാ വ്യതിയാനത്തിലെ ഈ വലിയ അനീതി വെളിപ്പെടുത്തിയിരിക്കുന്നത്. ഭൂമധ്യരേഖയോട് ചേർന്നുകിടക്കുന്ന വികസ്വര-പാവപ്പെട്ട രാജ്യങ്ങളാണ് കുറഞ്ഞ മലിനീകരണം മാത്രം നടത്തിയിട്ടും ഏറ്റവും വലിയ ദുരന്തങ്ങൾ നേരിടാൻ വിധിക്കപ്പെട്ടിരിക്കുന്നത്.

യൂറോപ്പിലും വടക്കേ അമേരിക്കയിലുമുള്ള സമ്പന്ന രാജ്യങ്ങളെ അപേക്ഷിച്ച് സോഷ്ണമേഖലാ (Tropical) രാജ്യങ്ങളിലാണ് ചരിത്രപരമായ നിരക്കുകളേക്കാൾ ക്രമാതീതമായി താപനില ഉയർന്നത്. വായുവിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡ് വലിച്ചെടുക്കുന്ന സാങ്കേതികവിദ്യകൾ നടപ്പിലാക്കിയാൽ പോലും ഈ അസമത്വം പരിഹരിക്കപ്പെടാൻ ദീർഘകാലമെടുക്കും. കാലാവസ്ഥാ വ്യതിയാനം കാരണം അന്തരീക്ഷത്തിലേക്ക് തള്ളപ്പെടുന്ന കാർബണിന്റെ ആഘാതം നൂറ്റാണ്ടുകളോളം നിലനിൽക്കുമെന്നതിനാൽ, നെറ്റ് സീറോ ലക്ഷ്യം എത്രയും വേഗത്തിൽ കൈവരിക്കുകയാണ് ഏക പോംവഴിയെന്ന് ശാസ്ത്രജ്ഞർ ഓർമ്മിപ്പിക്കുന്നു.

നാടില്ലാത്തവരായി മാറും: യുഎൻ നൽകുന്ന മുന്നറിയിപ്പ്

ഈ ഗവേഷണ ഫലങ്ങൾക്ക് ഒപ്പം തന്നെ, യുഎൻ അഭയാർത്ഥി ഏജൻസിയും (UNHCR) മെൽബൺ സർവകലാശാലയിലെ 'പീറ്റർ മക് മുള്ളൻ സെന്ററും' ചേർന്ന് തയ്യാറാക്കിയ മറ്റൊരു നിർണ്ണായക റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രകൃതിദുരന്തങ്ങളും കടൽനിരപ്പ് ഉയരുന്നതും ജനങ്ങളെ വലിയ രീതിയിൽ പൗരത്വമില്ലാത്ത അവസ്ഥയിലേക്ക് (Statelessness) തള്ളിയിടുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. നിലവിൽ ലോകത്ത് 45 ലക്ഷത്തോളം ആളുകൾ ഔദ്യോഗിക രേഖകളോ പൗരത്വമോ ഇല്ലാതെ ജീവിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്.

വെള്ളപ്പൊക്കം, ലാൻഡ്‌സ്ലൈഡ്, സമുദ്രനിരപ്പ് ഉയരൽ തുടങ്ങിയ പ്രതിസന്ധികൾ കാരണം വീടുകളും ജനന-പൗരത്വ രേഖകളും നഷ്ടപ്പെടുന്നത് ആളുകളെ പെട്ടെന്ന് തന്നെ 'അദൃശ്യരായ ജനവിഭാഗമാക്കി' മാറ്റുന്നു. പ്രത്യേകിച്ച് പസഫിക് ദ്വീപ് രാജ്യങ്ങളിലെ ജനങ്ങളാണ് കടൽ കയറ്റം കാരണം സ്വന്തം നാടും പൗരത്വവും നഷ്ടപ്പെടാനുള്ള ഏറ്റവും വലിയ ഭീഷണി നേരിടുന്നത്. ഇത് പരിഹരിക്കാനായി ജനന രജിസ്ട്രേഷൻ രേഖകൾ ഡിജിറ്റൈസ് ചെയ്യാനും, പ്രകൃതിദുരന്തങ്ങളിൽ മാതാപിതാക്കളെ നഷ്ടപ്പെടുന്ന കുട്ടികൾക്ക് ഉടനടി പൗരത്വം ഉറപ്പാക്കാനും യുഎൻ റിപ്പോർട്ട് നിർദ്ദേശിക്കുന്നു.

SCROLL FOR NEXT