മെൽബണിന്റെ പടിഞ്ഞാറൻ മേഖലയിലെ ട്രുഗനീനയിൽ അനധികൃതമായി മാലിന്യം തള്ളുന്നത് വ്യാപകമായതോടെ പ്രദേശം വലിയ മാലിന്യക്കൂമ്പാരമായി മാറുന്നു. വീടുകളിൽ നിന്നുള്ള പഴയ ഫർണിച്ചറുകൾ, കിടക്കകൾ, കുട്ടികളുടെ കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ, പുസ്തകങ്ങൾ, ഷൂസ്, ടോയ്‌ലറ്റുകൾ, കാർപ്പെറ്റുകൾ, കെട്ടിട നിർമാണ മാലിന്യങ്ങൾ തുടങ്ങി നിരവധി വസ്തുക്കളാണ് റോഡരികിൽ ഉപേക്ഷിച്ചിരിക്കുന്നത്. നഗരത്തിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ പടിഞ്ഞാറുള്ള മൗണ്ട് അറ്റ്‌കിൻസൺ റോഡിൽ 500 മീറ്ററിലേറെ ദൂരത്തേക്കാണ് മാലിന്യക്കൂമ്പാരങ്ങൾ വ്യാപിച്ചുകിടക്കുന്നത്. ചില ഭാഗങ്ങളിൽ മാലിന്യം 10 അടി വരെ ഉയരത്തിൽ കൂമ്പാരമായി കിടക്കുന്നതായാണ് റിപ്പോർട്ട്.
മാലിന്യങ്ങൾക്കിടയിൽ ഉപേക്ഷിച്ച കുടുംബങ്ങളുടെ ഫോട്ടോ ആൽബങ്ങളും കുട്ടികളുടെ ചിത്രങ്ങളും കണ്ടെത്തിയത് പ്രദേശത്തിന്റെ അവസ്ഥ കൂടുതൽ ശ്രദ്ധേയമാക്കി. ഭക്ഷണാവശിഷ്ടങ്ങളും മാലിന്യങ്ങളും കാരണം എലികളുടെ സാന്നിധ്യം വർധിച്ചതോടെ വിഷപ്പാമ്പുകൾക്കും ഇവിടെ താവളമാകുന്നതായി റിപ്പോർട്ടുണ്ട്. അനധികൃതമായി മാലിന്യം തള്ളുന്നത് നിരോധിച്ചിട്ടുണ്ടെന്നും നിയമലംഘകർക്ക് 9,087 ഡോളർ വരെ പിഴ ചുമത്താമെന്നും മുന്നറിയിപ്പ് നൽകുന്ന ബോർഡും പ്രദേശത്തുണ്ട്. എന്നാൽ മാലിന്യം തള്ളുന്നത് തടയാൻ ആവശ്യമായ നിരീക്ഷണം ഫലപ്രദമല്ലെന്നാണ് പ്രദേശവാസികളുടെ പരാതി.
മൗണ്ട് അറ്റ്‌കിൻസൺ റോഡ് മെൽട്ടൺ സിറ്റി കൗൺസിലിന്റെ പരിധിയിലാണെങ്കിലും റോഡ് വിക്ടോറിയൻ സർക്കാരിന്റെ ഉടമസ്ഥതയിലാണെന്ന് കൗൺസിൽ അറിയിച്ചു. അനധികൃത മാലിന്യ നിക്ഷേപത്തെക്കുറിച്ച് അധികൃതർക്ക് അറിയാമെന്നും ശുചീകരണത്തിനും പരിപാലനത്തിനുമായി വിക്ടോറിയൻ സർക്കാരുമായി ചർച്ചകൾ നടത്തിവരികയാണെന്നും കൗൺസിൽ വ്യക്തമാക്കി. സംസ്ഥാനത്ത് അനധികൃത മാലിന്യ നിക്ഷേപത്തിനെതിരെ നടപടി ശക്തമാക്കുമെന്ന് പരിസ്ഥിതി മന്ത്രി സ്റ്റീവ് ഡിമോപൊളോസ് പറഞ്ഞു. നിരീക്ഷണം, നിയമനടപടി, ശുചീകരണം എന്നിവ ശക്തിപ്പെടുത്തുന്നതിനായി സർക്കാർ 13 മില്യൺ ഡോളർ ഉൾപ്പെടെ 21.5 മില്യൺ ഡോളർ ചെലവഴിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
മെൽബണിന്റെ പടിഞ്ഞാറൻ മേഖലയിൽ മാത്രം ഒതുങ്ങുന്നതല്ല പ്രശ്നം. വിക്ടോറിയയിലെ മറ്റ് പ്രദേശങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും റോഡരികിലും ഒഴിഞ്ഞ സ്ഥലങ്ങളിലും അനധികൃതമായി ഗാർഹിക മാലിന്യങ്ങൾ തള്ളുന്ന സംഭവങ്ങൾ വർധിച്ചുവരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അധികൃതരുടെ നടപടികൾക്കൊപ്പം പൊതുജനങ്ങളുടെ ഉത്തരവാദിത്തവും അനധികൃത മാലിന്യ നിക്ഷേപം തടയുന്നതിൽ നിർണായകമാണെന്നാണ് വിലയിരുത്തൽ.