മോട്ടോജിപി റേസ് ഉപേക്ഷിച്ചു ABC News: Madeleine Stuchbery
Victoria

മഴക്കെടുതിയിൽ ഫിലിപ്പ് ഐലൻഡ്; അവസാന മോട്ടോജിപി റേസ് ഉപേക്ഷിച്ചു, വിടവാങ്ങൽ 2027-ൽ അഡ്‌ലെയ്ഡിലേക്ക്

റൈഡർമാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും മെഡിക്കൽ ഹെലികോപ്റ്റർ പറക്കാനാവാത്ത സാഹചര്യത്തിൽ മത്സരം നടത്താനാവില്ലെന്നും ചൂണ്ടിക്കാട്ടി മത്സരം പൂർണ്ണമായി ഉപേക്ഷിക്കുകയായിരുന്നു.

Elizabath Joseph

ഫിലിപ്പ് ഐലൻഡ്: കനത്ത മഴയും പ്രതികൂല കാലാവസ്ഥയും കാരണം ഫിലിപ്പ് ഐലൻഡ് സർക്യൂട്ടിലെ അവസാന മോട്ടോജിപി (MotoGP) റേസ് ഉപേക്ഷിച്ചു. മൂന്ന് പതിറ്റാണ്ടിലേറെയായി മോട്ടോർ സ്പോർട്സ് പ്രേമികളുടെ ആവേശമായിരുന്ന ബാസ് കോസ്റ്റിലെ വെന്റ്നോർ സർക്യൂട്ടിനോട് വിജയക്കൊടിയോടെ വിടപറയാൻ കാത്തിരുന്ന ആയിരക്കണക്കിന് ആരാധകർക്ക് നിരാശ സമ്മാനിച്ചാണ് മത്സരം റദ്ദാക്കിയത്. 2027 മുതൽ ഓസ്‌ട്രേലിയൻ മോട്ടോജിപി സൗത്ത് ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡിലുള്ള സ്ട്രീറ്റ് സർക്യൂട്ടിലേക്ക് മാറ്റാനിരിക്കെയാണ് ഈ അപ്രതീക്ഷിത തിരിച്ചടി.

രാവിലെ മുതൽ പെയ്ത കനത്ത മഴയെത്തുടർന്ന് ഓസ്‌ട്രേലിയൻ സൂപ്പർബൈക്ക്സ് മൂന്നാം റേസും മോട്ടോ2, മോട്ടോ3 മത്സരങ്ങളും നേരത്തെ തന്നെ റദ്ദാക്കിയിരുന്നു. ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കേണ്ടിയിരുന്ന മോട്ടോജിപി പ്രധാന മത്സരം മഴ തോരുമെന്ന പ്രതീക്ഷയിൽ പലതവണ നീട്ടിവെച്ചെങ്കിലും, കാഴ്ചാപരിധി (Visibility) ക്രമാതീതമായി കുറഞ്ഞതോടെ മെഡിക്കൽ ഹെലികോപ്റ്ററുകൾക്ക് സർവീസ് നടത്താൻ കഴിയാത്ത സാഹചര്യം ഉടലെടുത്തു. റൈഡർമാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും മെഡിക്കൽ ഹെലികോപ്റ്റർ പറക്കാനാവാത്ത സാഹചര്യത്തിൽ മത്സരം നടത്താനാവില്ലെന്നും ചൂണ്ടിക്കാട്ടി വൈകുന്നേരം 3:30-ഓടെ ഓസ്‌ട്രേലിയൻ ഗ്രാൻഡ് പ്രി കോർപ്പറേഷൻ മത്സരം പൂർണ്ണമായി ഉപേക്ഷിക്കുകയായിരുന്നു.

മത്സരം ഉപേക്ഷിച്ചെങ്കിലും, മണിക്കൂറുകളോളം മഴയത്ത് ഗാലറിയിൽ കാത്തിരുന്ന ആരാധകർക്കായി റൈഡർമാർ സേഫ്റ്റി കാറിന് പിന്നാലെ വിടവാങ്ങൽ പരേഡ് ലാപ് (Farewell lap) പൂർത്തിയാക്കി സ്റ്റാൻഡുകളെ അഭിവാദ്യം ചെയ്തു. ലോക ചാമ്പ്യന്മാരായ മിക്ക് ഡൂഹൻ, കേസി സ്റ്റോണർ, വെയ്ൻ ഗാർഡ്നർ എന്നിവരുടെ ലെജൻഡ്സ് ലാപ്പും മറ്റ് ആഘോഷ പരിപാടികളും കാലാവസ്ഥ കാരണം ഉപേക്ഷിക്കേണ്ടി വന്നു. ഞായറാഴ്ചത്തെ ടിക്കറ്റ് എടുത്തവർക്ക് തുക പൂർണ്ണമായും, മൾട്ടി-ഡേ ടിക്കറ്റുകാർക്ക് ഭാഗികമായും റീഫണ്ട് നൽകുമെന്ന് സംഘാടകർ അറിയിച്ചു

SCROLL FOR NEXT