കാഠ്മണ്ഡു/മെൽബൺ: നേപ്പാളിലെ റസുവ മേഖലയിൽ ഉണ്ടായ വിനാശകരമായ പ്രളയത്തെ തുടർന്ന് ഓസ്‌ട്രേലിയയിൽ താമസിക്കുന്ന ഒരു കുടുംബത്തിലെ നാല് പേർ കാണാതായതായി കുടുംബാംഗങ്ങൾ അറിയിച്ചു. ഇവരെ കണ്ടെത്തുന്നതിനായി വിവരങ്ങൾ തേടി ബന്ധുക്കൾ സഹായ അഭ്യർഥന പുറത്തിറക്കിയിരിക്കുകയാണ്. ലക്ഷ്മി ശ്രീധരൻ അയ്യർ (49), ശ്രീധരൻ അയ്യർ (53), രുദ്ര ശ്രീധരൻ അയ്യർ (20), രിഷഭ് ശ്രീധരൻ അയ്യർ (23) എന്നിവരെയാണ് കാണാതായത്. ഇവർ ഓസ്‌ട്രേലിയൻ പൗരന്മാരാണ്.
കുടുംബം നൽകിയ വിവരങ്ങൾ പ്രകാരം, ഇവരെ അവസാനമായി ഓഗസ്റ്റ് 26 ബുധനാഴ്ച രാവിലെ ഏകദേശം 8.45ഓടെ നേപ്പാളിലെ റസുവ ജില്ലയിലെ സ്യാഫ്രു ബെസി (Syafru Besi) പ്രദേശത്തിന് സമീപമാണ് കണ്ടത്. റസുവ മേഖലയിലെ യാല പീക്ക് ഗസ്റ്റ് ഹൗസിൽ* ഇവർ താമസിച്ചിരുന്നതായും അറിയിപ്പിൽ പറയുന്നു. മാതാപിതാക്കളും രണ്ട് പ്രായപൂർത്തിയായ മക്കളുമടങ്ങുന്ന നാലംഗ കുടുംബം ഹിമാലയൻ ഗ്ലേഷ്യർ ട്രെക്കിംഗ് സംഘത്തിന്റെ ഭാഗമായിരുന്നുവെന്നും കുടുംബം അറിയിച്ചു. പ്രളയബാധിതമായ റസുവ മേഖലയിലാണ് ഇവരെ അവസാനമായി കണ്ടതെന്നും അതിനുശേഷം ഇവരുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.
നേപ്പാൾ-ടിബറ്റ് അതിർത്തി മേഖലയിലുണ്ടായ ദുരന്തത്തിൽ നിരവധി ഓസ്‌ട്രേലിയക്കാർ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളെ കാണാതായതായി റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് ഈ കുടുംബത്തെക്കുറിച്ചുള്ള സഹായ അഭ്യർഥനയും വ്യാപകമായി പ്രചരിക്കുന്നത്. ഈ നാലുപേരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ കുടുംബവുമായി ബന്ധപ്പെടണമെന്ന് ബന്ധുക്കൾ അഭ്യർഥിച്ചു. ഇവരെക്കുറിച്ച് ലഭിക്കുന്ന ചെറിയ വിവരങ്ങൾ പോലും കുടുംബത്തിന് സഹായകരമാകാമെന്നും വിവരം പങ്കുവെക്കണമെന്നും ബന്ധുക്കൾ അഭ്യർഥിച്ചു.
കുടുംബത്തെ ബന്ധപ്പെടാൻ: Sarada: +61 450 409 979
Viswanathan: +61 450 205 852
Email: sarada21v@gmail.com