മെൽബൺ: മാസങ്ങൾ നീണ്ട കാത്തിരിപ്പിനും സാങ്കേതിക തടസ്സങ്ങൾക്കും ഒടുവിൽ മെൽബണിലെ ട്രെയിൻ യാത്രക്കാർക്ക് ഇനി മുതൽ ടിക്കറ്റുകൾക്കോ മൈകി (myki) കാർഡുകൾക്കോ പകരം സ്മാർട്ട്‌ഫോൺ, സ്മാർട്ട് വാച്ച്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ എന്നിവ ഉപയോഗിച്ച് യാത്ര ചെയ്യാം. സിഡ്‌നി ഉൾപ്പെടെയുള്ള മറ്റ് അന്താരാഷ്ട്ര നഗരങ്ങളുടെ മാതൃകയിലാണ് മെൽബണിലും ഈ ടിക്കറ്റ് രഹിത യാത്ര (Ticketless travel) യാഥാർത്ഥ്യമാകുന്നത്. മെട്രോ ട്രെയിൻ ശൃംഖലയിലെ എല്ലാ സ്റ്റേഷനുകളിലും ചില നിർണ്ണായക വി-ലൈൻ (V/Line) റീജിയണൽ സ്റ്റേഷനുകളിലും ഈ സംവിധാനം ലഭ്യമാകും. എന്നാൽ ബസുകളിലും ട്രാമുകളിലും ഈ സേവനം ലഭ്യമാകാൻ യാത്രക്കാർ ഇനിയും കാത്തിരിക്കേണ്ടി വരും.
പൂർണ്ണ ടിക്കറ്റ് നിരക്ക് (Full-fare) നൽകുന്ന യാത്രക്കാർക്കായി രണ്ട് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഘട്ടമായി ഈ വരും ഞായറാഴ്ച മുതൽ സൺബറി, പാക്കനാം, ക്രാൻബേൺ, മെട്രോ ടണൽ, വെരിബി, വില്യംസ്‌ടൗൺ, സാൻഡ്രിങ്ഹാം, ഫ്രാങ്ക്‌സ്റ്റൺ, സ്റ്റോണി പോയിന്റ്, ബെൻഡിഗോ, ഗിപ്സ്‌ലാൻഡ്, ജീലോങ് എന്നീ ലൈനുകളിൽ ഈ സംവിധാനം പ്രവർത്തനക്ഷമമാകും. തൊട്ടടുത്ത ആഴ്ചയോടെ മെർൻഡ, ഹേർസ്റ്റ്ബ്രിഡ്ജ്, ലിലിഡെയ്ൽ, ബെൽഗ്രേവ്, അലമൈൻ, ഗ്ലെൻ വേവർലി എന്നീ ലൈനുകളിലേക്കും ഇത് വ്യാപിപ്പിക്കും. കൺസെഷൻ (Concession) ടിക്കറ്റ് ആനുകൂല്യമുള്ളവർക്കും പേപ്പർ ടിക്കറ്റുകൾ ഉപയോഗിക്കുന്ന മറ്റ് റീജിയണൽ യാത്രക്കാർക്കും അടുത്ത വർഷത്തോടെ മാത്രമേ ഈ സൌകര്യം ലഭ്യമാകൂ.
പദ്ധതി വൈകിയതും ബജറ്റ് വർദ്ധനവും:
മൈകി കാർഡ് സംവിധാനം പരിഷ്‌കരിക്കുന്നതിനായി 2023-ൽ 1.7 ബില്യൺ ഡോളറിന്റെ കരാറാണ് കോൺഡ്യുവെന്റ് (Conduent) കമ്പനിക്ക് വിക്ടോറിയൻ സർക്കാർ നൽകിയത്. എന്നാൽ 15 വർഷത്തെ ഈ പദ്ധതിയുടെ ആകെ ചിലവ് 2.8 ബില്യൺ ഡോളറിലെത്തിയെന്നും നിശ്ചയിച്ച സമയത്തേക്കാൾ 18 മാസം വൈകിയാണ് പദ്ധതി ഓടുന്നതെന്നും വിക്ടോറിയൻ ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. നിലവിൽ ഇസ്രായേൽ-ഇറാൻ യുദ്ധം മൂലമുണ്ടായ അന്താരാഷ്ട്ര എണ്ണവില വർദ്ധനവ് കണക്കിലെടുത്ത് മെൽബണിൽ ഒക്ടോബർ വരെ പൊതുഗതാഗതത്തിന് പകുതി നിരക്ക് (Half-price fares) മാത്രമാണ് ഈടാക്കുന്നത്. ഇതിനൊപ്പം പുതിയ ടാപ്പ് ആൻഡ് ഗോ സംവിധാനം കൂടി വരുന്നത് യാത്രക്കാർക്ക് വലിയ ആശ്വാസമാകുമെന്ന് പൊതുഗതാഗത മന്ത്രി ഗബ്രിയേൽ വില്യംസ് പറഞ്ഞു.