മെൽബൺ വിമാനത്താവള റെയിൽവേ പദ്ധതിയിൽ സർക്കാരിന് താൽപര്യമുള്ള പാതയ്ക്ക് അംഗീകാരം ലഭിക്കാൻ പദ്ധതി ചെലവുകൾ മനഃപൂർവം പെരുപ്പിച്ചെന്നും മുതിർന്ന ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്നും ആരോപണം. ഇതിന്റെ പശ്ചാത്തലത്തിൽ വിക്ടോറിയയിലെ ലേബർ സർക്കാരിനെതിരെ 'ഭീഷണിയും സമ്മർദവും' പ്രയോഗിച്ചെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. നിർമാണ മേഖലയിലെ അഴിമതിയും ക്രമക്കേടുകളും അന്വേഷിക്കുന്ന വിക്ടോറിയയിലെ റോയൽ കമ്മീഷന് മുൻ സർക്കാർ ആസൂത്രണ വിദഗ്ധൻ നൽകിയ രഹസ്യ മൊഴിയിലാണ് ആരോപണങ്ങളുള്ളതെന്ന് ദി ഏജ് റിപ്പോർട്ട് ചെയ്തു. വിമാനത്താവള റെയിൽ പദ്ധതിക്ക് സൺഷൈൻ വഴി സർക്കാർ മുൻഗണന നൽകിയെന്നും മറ്റ് പാതകളെ ചെലവ് വർധിപ്പിച്ച് ആകർഷകമല്ലാത്തതാക്കി മാറ്റിയെന്നുമാണ് ആരോപണം. ഇതിനായി ബദൽ പാതയായ മാരിബിർനോങ് റൂട്ടിൽ 380 കോടി മുതൽ 460 കോടി ഡോളർ വരെ അനാവശ്യ തുരങ്കനിർമാണ ചെലവ് കൂട്ടിച്ചേർത്തതായും മുൻ ഉദ്യോഗസ്ഥൻ മൊഴി നൽകിയെന്നാണ് റിപ്പോർട്ട്.
ആരോപണങ്ങൾ ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷ ഗതാഗത അടിസ്ഥാനസൗകര്യ വക്താവ് ഇവാൻ മൾഹോളണ്ട് പറഞ്ഞു. വിമാനത്താവള റെയിൽ പദ്ധതിയിൽ തങ്ങൾക്ക് ഇഷ്ടപ്പെട്ട രാഷ്ട്രീയ തീരുമാനം നടപ്പാക്കാൻ ജസീന്ത അലനും അവരുടെ ഓഫീസും മുതിർന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും സമ്മർദത്തിലാക്കുകയും ചെയ്തെന്നാണ് ആരോപണമെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങൾ ഉയർന്ന സമയത്ത് മന്ത്രിസഭയിലുണ്ടായിരുന്ന നിലവിലെ പ്രീമിയർ ബെൻ കരോൾ സംഭവങ്ങളെക്കുറിച്ച് എന്താണ് അറിഞ്ഞിരുന്നതെന്നും എപ്പോഴാണ് അറിഞ്ഞതെന്നും വ്യക്തമാക്കണമെന്ന് മൾഹോളണ്ട് ആവശ്യപ്പെട്ടു. സൺഷൈൻ പാതയുടെ ഭാഗമായി കീളർ ഈസ്റ്റിൽ പുതിയ റെയിൽവേ സ്റ്റേഷൻ നിർമിച്ച് വിമാനത്താവളത്തെയും മെട്രോ ശൃംഖലയെയും ബന്ധിപ്പിക്കാനാണ് പദ്ധതി. ഈ പ്രദേശം പ്രീമിയർ ബെൻ കരോളിന്റെ നിഡ്രി മണ്ഡലത്തിലാണ് ഉൾപ്പെടുന്നത്.
ആരോപണങ്ങളിൽ പ്രതികരിച്ച സംസ്ഥാന സർക്കാർ, റോയൽ കമ്മീഷന്റെ കണ്ടെത്തലുകൾക്ക് മുൻകൂട്ടി അഭിപ്രായം പറയാനില്ലെന്ന് വ്യക്തമാക്കി. നിർമാണ മേഖലയിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ ഏറ്റവും ശക്തമായ റോയൽ കമ്മീഷനാണ് പ്രീമിയർ രൂപീകരിച്ചതെന്നും അന്വേഷണ പരിധിയിൽ ഒന്നും ഒഴിവാക്കിയിട്ടില്ലെന്നും സർക്കാർ വക്താവ് പറഞ്ഞു. അതേസമയം, ആരോപണങ്ങളുടെ വിശ്വാസ്യതയെ മുതിർന്ന മന്ത്രി ജാക്ലിൻ സൈംസ് ചോദ്യം ചെയ്തു. പത്രത്തിൽ വന്ന ചില ആരോപണങ്ങൾക്ക് വ്യക്തമായ സ്രോതസ്സുകൾ പോലുമില്ലെന്നായിരുന്നു അവരുടെ പ്രതികരണം. സൺഷൈൻ പാതയ്ക്ക് അനുകൂലമായി നിലപാടെടുക്കാൻ വിസമ്മതിച്ചാൽ ജോലി നഷ്ടപ്പെടുമെന്ന് അന്നത്തെ പൊതുഗതാഗത-വൻകിട പദ്ധതികളുടെ മന്ത്രി ജസീന്ത അലൻ ഭീഷണിപ്പെടുത്തിയെന്നാണ് മുൻ ഉദ്യോഗസ്ഥന്റെ ആരോപണം. ഇതു സംബന്ധിച്ച ആരോപണങ്ങൾ അലന്റെ വക്താവ് നിഷേധിച്ചു. റോയൽ കമ്മീഷനുമായി പൂർണമായി സഹകരിക്കുമെന്നും അറിയിച്ചു. സൺഷൈൻ പാതയിലൂടെയുള്ള നിർമാണ പ്രവർത്തനങ്ങൾ ഇതിനകം കരാർ പ്രകാരം ആരംഭിച്ചിട്ടുണ്ടെന്നും അധികാരത്തിലെത്തിയാലും സഖ്യം പദ്ധതി അതേ രീതിയിൽ മുന്നോട്ടുകൊണ്ടുപോകുമെന്നും മൾഹോളണ്ട് വ്യക്തമാക്കി.
കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടായേക്കാമെന്ന് അഴിമതി വിരുദ്ധ ഗവേഷകൻ
പൊതുസമഗ്രതാ കേന്ദ്രത്തിലെ ഗവേഷകൻ വില്യം പാർട്ട്ലെറ്റ് ആരോപണങ്ങൾ ആശങ്കാജനകമാണെന്നും വൻകിട അടിസ്ഥാനസൗകര്യ പദ്ധതികളിലെ സർക്കാർ ഇടപെടലുകളിൽ ഉത്തരവാദിത്തമില്ലായ്മയുടെ സംസ്കാരം നിലനിൽക്കുന്നതിന്റെ സൂചനയാണെന്നും പറഞ്ഞു. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം അന്നത്തെ സ്വതന്ത്ര അഴിമതി വിരുദ്ധ കമ്മീഷനായ ഐബിഎസിയുടെ (IBAC) പരിമിതികളും വിഭവങ്ങളുടെ അപര്യാപ്തതയും ചൂണ്ടിക്കാട്ടുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കരിയർ തകരുമെന്ന ഭയത്താൽ സംഭവത്തെക്കുറിച്ച് മിണ്ടാതിരുന്നെന്നും പിന്നീട് വകുപ്പ് വിട്ടുപോയെന്നും മുൻ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതായി റിപ്പോർട്ടിലുണ്ട്. ഐബിഎസിയെ സമീപിക്കുന്നത് ഭാവിയിലെ ജോലി സാധ്യതകളെ ബാധിക്കുമെന്ന ആശങ്ക ഉദ്യോഗസ്ഥർക്കിടയിലുണ്ടായിരുന്നുവെന്നും പാർട്ട്ലെറ്റ് പറഞ്ഞു.
സർക്കാരിലുള്ള വിശ്വാസം വീണ്ടെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ഐബിഎസിയുടെ അധികാരങ്ങൾ ശക്തിപ്പെടുത്തുന്ന നിയമം സംസ്ഥാന സർക്കാർ കഴിഞ്ഞ സെപ്റ്റംബറിൽ പാസാക്കിയിരുന്നു. സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനങ്ങൾ കൂടുതൽ വെളിപ്പെടുത്തലുകൾക്ക് വഴിയൊരുക്കിയേക്കാമെന്നും വരും ആഴ്ചകളിലും മാസങ്ങളിലും പുതിയ ആരോപണങ്ങൾ ഉയർന്നുവരാൻ സാധ്യതയുണ്ടെന്നും പാർട്ട്ലെറ്റ് കൂട്ടിച്ചേർത്തു. വിക്ടോറിയയിലെ വൻകിട പൊതുമേഖലാ-സിവിൽ അടിസ്ഥാനസൗകര്യ നിർമാണ പദ്ധതികളുടെ സമഗ്രതയെക്കുറിച്ച് അന്വേഷിക്കുന്ന റോയൽ കമ്മീഷനോട് എബിസി പ്രതികരണം തേടിയിട്ടുണ്ട്.