Victoria

പെൺകുട്ടികളുടെ ഫുട്ബോൾ മത്സരത്തിന് അവഗണനയെന്ന് ക്ലബ്

ആൺകുട്ടികളുടെ ടീമിന് ഗ്രൗണ്ട് നൽകുന്നതിനായി പെൺകുട്ടികളുടെ മത്സരം വെള്ളക്കെട്ടും സുരക്ഷിതമല്ലാത്തതുമായ മറ്റൊരു ഗ്രൗണ്ടിലേക്ക് മാറ്റിയെന്നാണ് Boroondara Eagles FCയുടെ ആരോപണം.

Safvana Jouhar

മെൽബണിലെ പെൺകുട്ടികളുടെ ഫുട്ബോൾ മത്സരം പാതിവഴിയിൽ നിർത്തിവെച്ച് ഒടുവിൽ ഉപേക്ഷിച്ചതിന് പിന്നാലെ ലിംഗവിവേചന ആരോപണവുമായി ക്ലബ് രംഗത്ത്. ആൺകുട്ടികളുടെ ടീമിന് ഗ്രൗണ്ട് നൽകുന്നതിനായി പെൺകുട്ടികളുടെ മത്സരം വെള്ളക്കെട്ടും സുരക്ഷിതമല്ലാത്തതുമായ മറ്റൊരു ഗ്രൗണ്ടിലേക്ക് മാറ്റിയെന്നാണ് Boroondara Eagles FCയുടെ ആരോപണം. Oakleighയിലെ Caloola Reserveൽ നടന്ന മത്സരത്തിനിടെയാണ് സംഭവമുണ്ടായത്. ആദ്യം നിശ്ചയിച്ചിരുന്ന ഗ്രൗണ്ടിൽ നിന്ന് പെൺകുട്ടികളുടെ ടീമിനെ മറ്റൊരു ഗ്രൗണ്ടിലേക്ക് മാറ്റിയതിനെ തുടർന്ന് ഏകദേശം 40 മിനിറ്റ് വൈകിയെന്നും മത്സരം പകുതിസമയത്ത് നിർത്തിവെച്ച് പിന്നീട് ഉപേക്ഷിക്കേണ്ടിവന്നെന്നും ക്ലബ് പറഞ്ഞു. പെൺകുട്ടികളുടെ പോയിന്റ് മത്സരത്തിന് U11 ആൺകുട്ടികളുടെ മത്സരത്തിന് നൽകിയ അതേ പരിഗണനയും സംരക്ഷണവും ലഭിക്കാത്തത് എന്തുകൊണ്ടാണെന്ന് താരങ്ങളും മാതാപിതാക്കളും ചോദിക്കുന്നതായി ക്ലബ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

സംഭവത്തിൽ ഒരു യുവ വനിതാ പരിശീലക കണ്ണീരോടെ വേദി വിട്ടതായും നിരവധി താരങ്ങളും മാതാപിതാക്കളും സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ചതായും ക്ലബ് വ്യക്തമാക്കി. സംഭവം ലിംഗവിവേചനമായി കണക്കാക്കാനാകുമോ എന്നതടക്കം പരിശോധിക്കണമെന്ന് Football Victoriaയോട് ക്ലബ് ആവശ്യപ്പെട്ടു. മത്സരം ആരംഭിച്ചതിന് ശേഷം റഫറിയോ മറ്റ് മാച്ച് അധികൃതരോ മത്സരവേദി മാറ്റുന്നതിനോ മത്സരത്തിന്റെ ഘടനയിൽ മാറ്റം വരുത്തുന്നതിനോ അധികാരമുണ്ടോ, മത്സരം മാറ്റുന്നതിലൂടെ കളിയുടെ നീതിയും നിലവാരവും ബാധിക്കപ്പെട്ടോ തുടങ്ങിയ കാര്യങ്ങളിലും വ്യക്തത വേണമെന്ന് ക്ലബ് ആവശ്യപ്പെട്ടു.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും Football Victoria വിശദീകരണം നൽകണമെന്ന് Boroondara Eagles FC ആവശ്യപ്പെട്ടു. “ഒരു താരത്തിനും പെൺകുട്ടിയായതിനാൽ തന്റെ മത്സരത്തിനോ ടീമിനോ കളിക്കാനുള്ള അവസരത്തിനോ പ്രാധാന്യം കുറവാണെന്ന് തോന്നാൻ പാടില്ല,” ക്ലബ് വ്യക്തമാക്കി. സ്ത്രീകളുടെയും പെൺകുട്ടികളുടെയും ഫുട്ബോളിന്റെ ഭാവിക്കായി ഇത്തരം സംഭവങ്ങളിൽ സമൂഹം പ്രതികരിക്കണമെന്നും ക്ലബ് കൂട്ടിച്ചേർത്തു.

SCROLL FOR NEXT