മെൽബൺ: മെൽബൺ മാരത്തണിൽ റേസ് റെക്കോർഡ് തകർത്ത് കെനിയൻ ഇതിഹാസ താരം എലിയുഡ് കിപ്ചോഗെ. ഞായറാഴ്ച മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ (എംസിജി) ആയിരക്കണക്കിന് ആരാധകരെ സാക്ഷിയാക്കി 42.2 കിലോമീറ്റർ ദൂരം രണ്ട് മണിക്കൂർ ഒമ്പത് മിനിറ്റ് 10 സെക്കൻഡിൽ പൂർത്തിയാക്കിയാണ് കിപ്ചോഗെ കിരീടം നേടിയത്. മുൻ റെക്കോർഡിനേക്കാൾ രണ്ട് സെക്കൻഡ് വേഗത്തിലായിരുന്നു ഈ പ്രകടനം.
അവസാന പത്ത് കിലോമീറ്ററിനിടെ എതിരാളികളിൽനിന്ന് വ്യക്തമായ ലീഡ് നേടിയ കിപ്ചോഗെ, ഫിനിഷിങ് ലൈനിലേക്കുള്ള അവസാന പാതിയിൽ കാണികൾക്ക് കൈവീശി അഭിവാദ്യം ചെയ്താണ് ഓട്ടം പൂർത്തിയാക്കിയത്. രണ്ട് തവണ ഒളിമ്പിക് ചാമ്പ്യനായിട്ടുള്ള 41-കാരൻ 2023നുശേഷം നേടുന്ന ആദ്യ മാരത്തൺ വിജയമാണിത്.
ഓസ്‌ട്രേലിയയുടെ തോമസ് ഡോ കാന്റോ 2 മണിക്കൂർ 10 മിനിറ്റ് 35 സെക്കൻഡിൽ ഫിനിഷ് ചെയ്ത് രണ്ടാം സ്ഥാനത്തെത്തി. സഹതാരം റീസ് എഡ്വേർഡ്സ് 2:15:57 സമയത്തോടെ മൂന്നാമതായി. വനിതാ വിഭാഗത്തിൽ ന്യൂസിലൻഡിന്റെ കാമിൽ ഫ്രഞ്ച് 2 മണിക്കൂർ 28 മിനിറ്റ് 25 സെക്കൻഡിൽ ഒന്നാമതെത്തി. ഓസ്‌ട്രേലിയയുടെ സിനേഡ് ഡൈവർ 23 സെക്കൻഡ് വ്യത്യാസത്തിൽ രണ്ടാം സ്ഥാനവും അയർലൻഡിന്റെ നിക്കോള ഷെറിഡൻ മൂന്നാം സ്ഥാനവും നേടി.
സെന്റ് കിൽഡ റോഡിലൂടെ ഫ്ലിൻഡേഴ്‌സ് സ്ട്രീറ്റ് സ്റ്റേഷനും ആൽബർട്ട് പാർക്ക് തടാകത്തിനും സമീപത്തുകൂടി കടന്നുപോയ മത്സരത്തിന്റെ ഫിനിഷിങ് എംസിജിയിലായിരുന്നു. 1956ലെ ഒളിമ്പിക്സ് മാരത്തണിന്റെ ആരംഭവും സമാപനവും നടന്ന അതേ സ്റ്റേഡിയത്തിൽ ഓട്ടം പൂർത്തിയാക്കാനായത് വലിയ അനുഭവമായിരുന്നെന്ന് കിപ്ചോഗെ പറഞ്ഞു. മെൽബണിലെത്തിയത് രണ്ടാം തവണ മാത്രമാണെന്നും ഈ മാരത്തൺ തന്റെ ആദ്യത്തേതാണെന്നും അദ്ദേഹം വ്യക്തമാക്കി. അന്റാർട്ടിക്ക ഉൾപ്പെടെ ഏഴ് ഭൂഖണ്ഡങ്ങളിലും മാരത്തൺ ഓടാനുള്ള ലോകപര്യടനത്തിന്റെ ഭാഗമായാണ് കിപ്ചോഗെ മെൽബണിലെത്തിയത്.