മെൽബൺ: ഓസ്‌ട്രേലിയൻ ദേശീയ ബാഡ്മിന്റൻ ടീമിലേക്ക് തൃശൂർ സ്വദേശിയായ ജിനു വർഗീസ് തിരഞ്ഞെടുക്കപ്പെട്ടു. സെപ്റ്റംബർ 7 മുതൽ 14 വരെ തായ്‌ലൻഡിൽ നടക്കുന്ന വേൾഡ് സീനിയർ ചാംപ്യൻഷിപ് 2025-ൽ, 35-39 വിഭാഗം മെൻസ് ഡബിൾസിൽ ഓസ്‌ട്രേലിയയെ പ്രതിപ്രതിനിധീകരിച്ചാണ് ജിനു മത്സരിക്കുന്നത്. മറ്റൊരു ഇന്ത്യൻ വംശജനായ അങ്കൂർ ഭാട്ടിയയാണ് ജിനുവിൻ്റെ പങ്കാളി.
ഏഴ് വർഷം മുൻപ് ഓസ്ട്രേലിയയിലെ മെൽബണിലേക്ക് കുടിയേറിയ ജിനു, തന്റെ പ്രഫഷനൽ ജോലിയായ ഐടി മേഖലയോടൊപ്പം ബാഡ്മിന്റൻ പരിശീലനത്തോടുള്ള അഭിനിവേശം പിന്തുടർന്നാണ് ഈ നേട്ടം കൈവരിച്ചത്. ഓസ്‌ട്രേലിയയിലെ പ്രമുഖ ബാഡ്മിന്റൻ പരിശീലകനും സ്പോർട്ടീവ് ബാഡ്മിന്റൺ അക്കാദമിയുടെ സ്ഥാപകനുമാണ് ജിനു. അക്കാദമിയിൽ നൂറിലധികം കുട്ടികൾക്കും മുതിർന്നവർക്കും പരിശീലനം നൽകുന്നുണ്ട്. " എൻ്റെ പരിശീലകരുടെയും സഹകളിക്കാരുടെയും കുടുംബത്തിന്റെയും പിന്തുണയ്ക്ക് ഞാൻ നന്ദി പറയുന്നു. ഓസ്‌ട്രേലിയൻ ടീമിനെ പ്രതിനിധീകരിച്ച് ഗ്രീൻ ആൻഡ് ഗോൾഡ് ജേഴ്സി ധരിക്കുന്നത് വലിയ ബഹുമതിയായി ഞാൻ കരുതുന്നു," എന്ന് ജിനു വർഗീസ് പ്രതികരിച്ചു. തൃശൂർ ജില്ലയിലെ കൊരട്ടി സ്വദേശിയാണ് ജിനു. ഭാര്യ എമിലി മെൽബണിൽ റജിസ്റ്റേർഡ് നഴ്സായി ജോലി ചെയ്യുന്നു. ജിനുവിന്റെ മക്കളായ ഈതനും നെയ്തനും ബാഡ്മിന്റൻ പരിശീലനം നേടുന്നുണ്ട്.