ജെസ് വിൽസൺ   (AAP: Joel Carrett )
Victoria

വിക്ടോറിയയിൽ ലേബർ ഭരണത്തിന് വിരാമം; ജെസ് വിൽസൺ ജനവിധിയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ പ്രീമിയർ

തിരഞ്ഞെടുപ്പിൽ പരാജയം സമ്മതിച്ച ലേബർ നേതാവ് ബെൻ കരോൾ ജെസ് വിൽസണെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. സ്വന്തം മണ്ഡലമായ നിഡ്രിയിലെ സീറ്റിലും കരോൾ പരാജയപ്പെട്ടു.

Safvana Jouhar

മെൽബൺ: 2026-ലെ വിക്ടോറിയ സംസ്ഥാന തിരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടി നേതാവ് ജെസ് വിൽസൺ ചരിത്രനേട്ടം സ്വന്തമാക്കി. 12 വർഷത്തെ ലേബർ ഭരണത്തിന് അന്ത്യം കുറിച്ച് കോയലിഷൻ അധികാരത്തിലെത്തിയതോടെ, ജനവിധിയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന വിക്ടോറിയയിലെ ആദ്യ വനിതാ പ്രീമിയറായി 36-കാരിയായ ജെസ് വിൽസൺ മാറും. മെൽബണിലെ ലിബറൽ പാർട്ടി ആസ്ഥാനത്ത് വിജയപ്രസംഗത്തിനായി വേദിയിലെത്തുന്നതിന് മുമ്പ് പാർട്ടി പ്രവർത്തകർ "ജെസ്, വീ കാൻ" എന്ന മുദ്രാവാക്യം മുഴക്കി. അധികാരത്തിലെത്തിയതിന് പിന്നാലെ വിക്ടോറിയയിൽ പ്രതീക്ഷ തിരിച്ചുകൊണ്ടുവരാനുള്ള ജനവിധിയാണ് ലഭിച്ചിരിക്കുന്നതെന്ന് വിൽസൺ പ്രഖ്യാപിച്ചു. "ഇന്ന് രാത്രി ഞാൻ പ്രഖ്യാപിക്കുന്നു, വിക്ടോറിയ വീണ്ടും ബിസിനസിനായി തുറന്നിരിക്കുന്നു," എന്നായിരുന്നു അവരുടെ പ്രഖ്യാപനം. 12 വർഷത്തെ ഭരണത്തിന് ശേഷം മാറ്റത്തിനായി ജനങ്ങൾ വ്യക്തമായ സന്ദേശം നൽകിയെന്നും അവർ പറഞ്ഞു.

ലേബർ സർക്കാരിന്റെ ഏറ്റവും വലിയ പരാജയം ജനങ്ങളോട് സത്യം പറയുന്നതിലുള്ള വിശ്വാസം നഷ്ടപ്പെടുത്തിയതാണെന്ന് വിൽസൺ ആരോപിച്ചു. തനിക്ക് നൽകിയ വിശ്വാസത്തിന് സത്യസന്ധതയിലൂടെ മറുപടി നൽകുമെന്നും അതാണ് താൻ ആഗ്രഹിക്കുന്ന ഭരണരീതിയെന്നും അവർ വ്യക്തമാക്കി. വിക്ടോറിയയെ പഴയ നിലയിലേക്ക് തിരിച്ചെത്തിക്കാൻ വർഷങ്ങളോളം കഠിനാധ്വാനവും ഉത്തരവാദിത്തമുള്ള ഭരണവും ആവശ്യമാണെന്നും ഒറ്റരാത്രികൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കാനാകില്ലെന്നും അവർ കൂട്ടിച്ചേർത്തു. പുതിയ സർക്കാരിന്റെ പ്രവർത്തനങ്ങൾ അടുത്ത ദിവസം മുതൽ ആരംഭിക്കുമെന്നും വിൽസൺ പറഞ്ഞു.

ബെൻ കരോൾ

ബെൻ കരോൾ പരാജയം സമ്മതിച്ചു

തിരഞ്ഞെടുപ്പിൽ പരാജയം സമ്മതിച്ച ലേബർ നേതാവ് ബെൻ കരോൾ ജെസ് വിൽസണെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. സ്വന്തം മണ്ഡലമായ നിഡ്രിയിലെ സീറ്റിലും കരോൾ പരാജയപ്പെട്ടു. വിക്ടോറിയയിലെ ഏറ്റവും പ്രായം കുറഞ്ഞതും ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ പ്രീമിയറുമായ വിൽസൺ വലിയ നേട്ടമാണ് കൈവരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾ മാറ്റമാണ് ആഗ്രഹിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതായും കരോൾ പ്രതികരിച്ചു. ലേബർ പാർട്ടിയുടെ പരാജയത്തിന്റെ ഉത്തരവാദിത്തം നേതാവെന്ന നിലയിൽ താൻ ഏറ്റെടുക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. അടുത്ത നാല് വർഷം ജനങ്ങളുടെ വിശ്വാസം തിരിച്ചുപിടിക്കാനുള്ള പ്രവർത്തനങ്ങൾക്കായി പാർട്ടി ചെലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ 12 വർഷത്തെ ലേബർ ഭരണകാലത്തെ നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയ കരോൾ, കടം കുറയ്ക്കാനും ബജറ്റ് മിച്ചം കൈവരിക്കാനും സർക്കാരിന് കഴിഞ്ഞതായി അവകാശപ്പെട്ടു. എന്നാൽ, തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ് ലിബറൽ പാർട്ടി പ്രഖ്യാപിച്ച ചില നയങ്ങളെയും അദ്ദേഹം വിമർശിച്ചു. മെൽബണിലെ മലിനജല ശൃംഖലയുടെ ഒരു ഭാഗം സ്വകാര്യവൽക്കരിക്കാനുള്ള പദ്ധതി, ലെവൽ ക്രോസിങ് നീക്കംചെയ്യൽ പദ്ധതികളിലെ വെട്ടിക്കുറയ്ക്കലും കാലതാമസവും, സൗജന്യ കിന്റർഗാർട്ടൻ വിപുലീകരണ പദ്ധതികളിൽ നിന്നുള്ള പിന്മാറ്റം എന്നിവയായിരുന്നു വിവാദമായ പ്രഖ്യാപനങ്ങൾ.

ലേബർ പാർട്ടിക്ക് കനത്ത തിരിച്ചടി

വിക്ടോറിയ ലിബറൽ പാർട്ടിയുടെ ആദ്യ വനിതാ നേതാവായി 2025 നവംബറിൽ ബ്രാഡ് ബാറ്റിനെ മാറ്റി ചുമതലയേറ്റ ജെസ് വിൽസന്റെ രാഷ്ട്രീയ ഉയർച്ച ശ്രദ്ധേയമാണ്. നാല് വർഷത്തിൽ താഴെ സമയത്തിനുള്ളിൽ സംസ്ഥാന പാർലമെന്റിലെ ആദ്യ പ്രസംഗം നടത്തിയ കെവ് മണ്ഡലത്തിലെ അംഗത്തിൽനിന്ന് പ്രീമിയർ പദവിയിലേക്കാണ് അവരുടെ വളർച്ച. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ റോഡുകളിലെ കുഴികൾ, കുറ്റകൃത്യങ്ങൾ, സംസ്ഥാനത്തിന്റെ കടബാധ്യത തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു വിൽസന്റെ പ്രചാരണം.

അതേസമയം, ലേബർ പാർട്ടിക്ക് നേരിടേണ്ടിവന്നത് ഒരു ദശാബ്ദത്തിലേറെ നീണ്ട ഭരണത്തിനെതിരായ ജനവികാരമാണ്. അടിസ്ഥാന സൗകര്യ വികസന പദ്ധതികളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ റോയൽ കമ്മീഷൻ പ്രഖ്യാപിച്ചിരുന്നെങ്കിലും പാർട്ടിക്കെതിരായ പ്രതിഷേധം കുറയ്ക്കാൻ അത് സഹായിച്ചില്ലെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. ലേബർ ഡെപ്യൂട്ടി നേതാവ് ഗബ്രിയേൽ വില്യംസ് തിരഞ്ഞെടുപ്പ് ഫലത്തെ പാർട്ടിക്ക് "വളരെ വലിയ ആഘാതം" എന്നാണ് വിശേഷിപ്പിച്ചത്. പാർട്ടിയെ പുനർനിർമിക്കുന്നതിനായി പ്രവർത്തിക്കുമെന്നും അവർ പറഞ്ഞു. മുൻ ലേബർ തന്ത്രജ്ഞനും റെഡ്ബ്രിഡ്ജ് പോളിങ് വിദഗ്ധനുമായ കോസ് സമരാസ്, ഓസ്‌ട്രേലിയൻ ഫെഡറേഷൻ രൂപീകരണകാലം മുതൽ ലേബർ പാർട്ടി കൈവശം വെച്ചിരുന്ന ചില സീറ്റുകൾ പോലും ഇത്തവണ നഷ്ടപ്പെട്ടതായി ചൂണ്ടിക്കാട്ടി. വിക്ടോറിയയിൽ പാർട്ടിക്ക് തിരിച്ചുവരാൻ പത്ത് വർഷമോ അതിലധികമോ വേണ്ടിവന്നേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

SCROLL FOR NEXT