ഓസ്ട്രേലിയയിലെ പ്രശസ്ത സർഫിംഗ് കേന്ദ്രമായ വിക്ടോറിയയിലെ ബെൽസ് ബീച്ചിൽ തിമിംഗലത്തിന്റെ ശവം കരയ്ക്കടിഞ്ഞതിനെ തുടർന്ന് അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഇത് സ്രാവുകളെ തീരത്തോട് ചേർന്ന് ആകർഷിക്കാൻ സാധ്യതയുള്ളതിനാൽ ആളുകൾ കടലിൽ ഇറങ്ങരുതെന്നും പ്രദേശം ഒഴിവാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. “തിമിംഗല ശവം കാരണം ബെൽസ് ബീച്ചിലും സമീപത്തെ വിങ്കിപോപ്പിലും സ്രാവ് സാന്നിധ്യം വർധിക്കാൻ സാധ്യതയുണ്ട്. സാധാരണയായി വിക്ടോറിയ തീരത്ത് സ്രാവുകൾ കാണപ്പെടാറുണ്ടെങ്കിലും ഇപ്പോൾ കൂടുതൽ ജാഗ്രത പാലിക്കണം,” എന്നാണ് Vic Emergency അറിയിപ്പിൽ പറയുന്നത്.
തിമിംഗലത്തിന്റെ അവശിഷ്ടങ്ങൾ ഭക്ഷണത്തിനായി സ്രാവുകളെ ആകർഷിക്കുമെന്നതിനാൽ അവ തീരത്തോട് കൂടുതൽ അടുത്ത് എത്താൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇതേ തുടർന്ന് പ്രദേശത്ത് കടലിൽ ഇറങ്ങുന്നത് ഒഴിവാക്കാനും പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിമിംഗല ശവം നീക്കം ചെയ്യുന്നതിനായി പ്രാദേശിക സമൂഹത്തോടും പരമ്പരാഗത ഭൂവുടമകളോടും ചേർന്ന് പ്രവർത്തിക്കുകയാണെന്ന് പരിസ്ഥിതി, ഊർജ വകുപ്പ് (Department of Energy, Environment and Climate Action) അറിയിച്ചു. ശവം നീക്കം ചെയ്യുന്ന നടപടികൾ പൂർത്തിയാകുന്നതുവരെ സുരക്ഷാ കാരണങ്ങളാൽ പ്രദേശം പൊതുജനങ്ങൾക്ക് അടച്ചിടുകയും ചെയ്തിട്ടുണ്ട്.
വിക്ടോറിയയിലെ ഗ്രേറ്റ് ഓഷ്യൻ റോഡിൽ സ്ഥിതി ചെയ്യുന്ന ബെൽസ് ബീച്ച് ഓസ്ട്രേലിയയിലെ ഏറ്റവും പ്രശസ്തമായ സർഫിംഗ് കേന്ദ്രങ്ങളിലൊന്നാണ്. സ്രാവ് ഭീഷണി നിലനിൽക്കുന്നതിനാൽ അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.