Helen Haines  (Nine)
Victoria

ഹെലൻ ഹെയ്ൻസിന്റെ ആരോഗ്യനിലയിൽ പുരോഗതി; ഇരുകാലുകളും മുറിച്ചുമാറ്റി

ആക്രമണത്തെത്തുടർന്ന് ഹെയ്ൻസിന്റെ ഇരുകാലുകളും മുറിച്ചുമാറ്റേണ്ടിവന്നതായി ഭർത്താവ് ഫിൽ ഹെയ്ൻസ് ബുധനാഴ്ച വികാരനിർഭരമായ വാർത്താസമ്മേളനത്തിൽ സ്ഥിരീകരിച്ചു.

Safvana Jouhar

വിക്ടോറിയയിലെ ഇൻഡി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സ്വതന്ത്ര എംപി ഹെലൻ ഹെയ്ൻസിന്റെ ആരോഗ്യനിലയിൽ പുരോഗതി. വാങരട്ടയിലെ തിരഞ്ഞെടുപ്പ് ഓഫീസിന് പുറത്ത് കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ 65കാരിയുടെ നില നിലവിൽ ഗുരുതരമാണെങ്കിലും സ്ഥിരതയുള്ളതാണെന്ന് ആൽഫ്രഡ് ആശുപത്രി അറിയിച്ചു.

തിങ്കളാഴ്ചയായിരുന്നു സംഭവം. ബെൻ ന്യൂജന്റ് (43) ഓടിച്ചിരുന്നതായി ആരോപിക്കപ്പെടുന്ന കാർ ഉപയോഗിച്ച് ഹെയ്ൻസിനെ ഒന്നിലധികം തവണ ഇടിച്ചെന്നാണ് കേസ്. ഗുരുതരമായി പരിക്കേറ്റ എംപിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആക്രമണത്തെത്തുടർന്ന് ഹെയ്ൻസിന്റെ ഇരുകാലുകളും മുറിച്ചുമാറ്റേണ്ടിവന്നതായി ഭർത്താവ് ഫിൽ ഹെയ്ൻസ് ബുധനാഴ്ച വികാരനിർഭരമായ വാർത്താസമ്മേളനത്തിൽ സ്ഥിരീകരിച്ചു.

ഹെയ്ൻസിന്റെ വലതുകാൽ രക്ഷിക്കാനാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ബുധനാഴ്ച രാവിലെ ശസ്ത്രക്രിയയിലൂടെ അതും മുറിച്ചുമാറ്റേണ്ടിവന്നതായി അദ്ദേഹം പറഞ്ഞു. കുടുംബത്തിന്റെ പിന്തുണയും സ്നേഹവും ഒപ്പമുണ്ടെന്നും തിരിച്ചുവരാൻ ഹെയ്ൻസ് പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം പൂക്കൾ അയയ്ക്കുന്നതിനു പകരം കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സേവ് ദ ചിൽഡ്രൻ സംഘടനയ്ക്ക് സംഭാവന നൽകണമെന്ന് ഫിൽ ഹെയ്ൻസ് അഭ്യർഥിച്ചിരുന്നു. ഇതിന് പിന്നാലെ 24 മണിക്കൂറിനുള്ളിൽ 9.85 ലക്ഷം ഓസ്‌ട്രേലിയൻ ഡോളറിലധികം സമാഹരിച്ചു. സംഭവത്തിൽ ഹെയ്ൻസിന്റെ ജീവനക്കാർക്കും വലിയ മാനസികാഘാതമുണ്ടായതായി ചീഫ് ഓഫ് സ്റ്റാഫ് കാസ് റൂർക്ക് പറഞ്ഞു. ഹെയ്ൻസ് മികച്ച നേതാവും തങ്ങളെയെല്ലാം ഏറെ കരുതുന്ന വ്യക്തിയുമാണെന്ന് അവർ വിശേഷിപ്പിച്ചു. സംഭവം നടക്കുമ്പോൾ ജീവനക്കാരിൽ പലരും ഓഫീസിലുണ്ടായിരുന്നുവെന്നും ചിലർ എംപിക്ക് അടിയന്തര സഹായം നൽകിയിരുന്നുവെന്നും അവർ വ്യക്തമാക്കി.

അതേസമയം, കേസിലെ പ്രതിയായ ന്യൂജന്റ് ബുധനാഴ്ച വാങരട്ട മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായി. ഇയാൾ ജാമ്യാപേക്ഷ നൽകിയില്ല. കഞ്ചാവ് കൃഷി ചെയ്തതും കൈവശംവെച്ചതും സംബന്ധിച്ച അധിക കുറ്റങ്ങളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. പ്രതിക്ക് മസ്തിഷ്കാഘാതവും (കൺകഷൻ) ഇഡിയോപതിക് ട്രാൻസ്‌വേഴ്‌സ് മൈലൈറ്റിസ് എന്ന നാഡീവ്യവസ്ഥയെ ബാധിക്കുന്ന രോഗാവസ്ഥയും ഉണ്ടായിരുന്നുവെന്ന് കോടതി നടപടിക്കിടെ പരാമർശമുണ്ടായി. ന്യൂജന്റ് കുറഞ്ഞത് അടുത്ത 100 ദിവസമെങ്കിലും ജയിലിൽ തുടരും. കേസ് കമ്മിറ്റൽ ഹിയറിങ്ങിനായി ഫെബ്രുവരി 4ന് വാങരട്ട കോടതിയിൽ വീണ്ടും പരിഗണിക്കും.

SCROLL FOR NEXT