മെൽബൺ: ജനിതക മാറ്റം വരുത്തിയ 'പർപ്പിൾ ബ്ലിസ്' തക്കാളികളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള വിൽപ്പനയ്ക്ക് ഓസ്‌ട്രേലിയൻ അധികൃതർ അനുമതി നൽകി. ഇതോടെ ഓസ്‌ട്രേലിയയിലെ ചില്ലറ വിൽപ്പന ശാലകളിൽ ലഭ്യമാകുന്ന ആദ്യത്തെ ജനിതകമാറ്റം വരുത്തിയ ഫ്രഷ് ഫുഡ് ഇനമായി ഈ തക്കാളികൾ മാറുന്നതാണ്. നോർഫോക്ക് ഹെൽത്തി പ്രൊഡ്യൂസ് എന്ന കമ്പനിയാണ് ഈ തക്കാളി വികസിപ്പിച്ചെടുത്തത്. സ്നാപ്ഡ്രാഗൺ പൂക്കളിൽ നിന്നുള്ള ജീനുകൾ ഉപയോഗിച്ചാണ് തക്കാളിക്ക് വയലറ്റ് നിറം നൽകിയിരിക്കുന്നത്. ബ്ലൂബെറിയിലും ബ്ലാക്ക് ബെറിയിലും കാണപ്പെടുന്ന 'ആന്തോസയാനിൻ' എന്ന പിഗ്മെന്റ് ഈ തക്കാളിയിൽ വൻതോതിലുണ്ട്. ഇത് മികച്ചൊരു ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുമെന്നും ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്നും ഗവേഷകർ അവകാശപ്പെടുന്നു.
ഫുഡ് സ്റ്റാൻഡേർഡ് ഓസ്‌ട്രേലിയ ന്യൂസിലൻഡിന്റെ അംഗീകാരം ലഭിച്ചതോടെ ഈ തക്കാളികൾ നേരിട്ടോ അല്ലെങ്കിൽ മറ്റ് സംസ്കരിച്ച ഭക്ഷണ പദാർത്ഥങ്ങളിൽ ചേർത്തോ വിൽക്കാൻ സാധിക്കും. പർപ്പിൾ നിറത്തിലുള്ള തക്കാളി ഉപയോഗിച്ചുണ്ടാക്കുന്ന സോസുകൾക്കും പേസ്റ്റുകൾക്കും അതേ നിറം തന്നെ ലഭിക്കുന്നതാണ്. എന്നാൽ ജനിതക മാറ്റം വരുത്തിയ ഉൽപ്പന്നമായതിനാൽ വിൽക്കുമ്പോൾ പാക്കറ്റുകളിൽ അത് വ്യക്തമാക്കുന്ന ലേബൽ നിർബന്ധമായും ഉണ്ടായിരിക്കണം. നിലവിൽ വിക്ടോറിയയിലെ കടകളിലായിരിക്കും ഇവ ആദ്യം ലഭ്യമാകുക.