Isaac Heeney, Chad Warner, James Jordon, Nick Blakey. (Nine)
Victoria

ലൈംഗികാതിക്രമ പരാതിയിൽ സിഡ്‌നി സ്വാൻസ് താരങ്ങൾക്കെതിരെ ക്രിമിനൽ നടപടിയില്ല

മതിയായ തെളിവുകളില്ലാത്തതിനാലാണ് കേസുമായി ബന്ധപ്പെട്ട ക്രിമിനൽ നടപടികൾ മുന്നോട്ടുകൊണ്ടുപോകേണ്ടതില്ലെന്ന് പൊലീസ് തീരുമാനിച്ചത്.

Safvana Jouhar

ഓസ്‌ട്രേലിയൻ ഫുട്ബോൾ ക്ലബ്ബായ സിഡ്‌നി സ്വാൻസിന്റെ താരങ്ങളായ ഐസക് ഹീനി, ചാഡ് വാർണർ, ജെയിംസ് ജോർഡൻ, നോർത്ത് മെൽബണിലേക്ക് മാറിയ നിക്ക് ബ്ലേക്കി എന്നിവർക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ ക്രിമിനൽ കുറ്റം ചുമത്തേണ്ടതില്ലെന്ന് വിക്ടോറിയ പൊലീസ്. മതിയായ തെളിവുകളില്ലാത്തതിനാലാണ് കേസുമായി ബന്ധപ്പെട്ട ക്രിമിനൽ നടപടികൾ മുന്നോട്ടുകൊണ്ടുപോകേണ്ടതില്ലെന്ന് പൊലീസ് തീരുമാനിച്ചത്. പുൾമാൻ ഹോട്ടലിൽ നടന്നതായി ആരോപിക്കപ്പെടുന്ന സംഭവവുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടത്തിയത്. ഓഗസ്റ്റ് 17 പുലർച്ചെ മൂന്ന് സ്ത്രീകൾ ലൈംഗികാതിക്രമത്തിന് ഇരയായെന്നായിരുന്നു പരാതി. ഓഗസ്റ്റ് 16-ന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ (MCG) നടന്ന എസ്സൻഡണിനെതിരായ സിഡ്‌നി സ്വാൻസിന്റെ റൗണ്ട് 23 മത്സരത്തിന് ശേഷമായിരുന്നു സംഭവം. പരാതിക്കാരായ മൂന്ന് പേരും എക്സോട്ടിക് ഡാൻസർമാരാണ്. ഓഗസ്റ്റ് 17-ന് ഈസ്റ്റ് മെൽബണിൽ ലൈംഗികാതിക്രമം നടന്നതായി റിപ്പോർട്ടുകൾ ലഭിച്ചെന്നും വിശദമായ അന്വേഷണത്തിനും നിയമോപദേശത്തിനും ശേഷമാണ് തെളിവുകളുടെ അപര്യാപ്തത മൂലം ക്രിമിനൽ കുറ്റം ചുമത്തേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നും വിക്ടോറിയ പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. സിവിൽ കേസ് നടപടികൾ തുടരുന്നതിനാൽ കൂടുതൽ പ്രതികരിക്കാനാകില്ലെന്നും പൊലീസ് വ്യക്തമാക്കി.

ഐസക് ഹീനി

പ്രതികരണവുമായി ഐസക് ഹീനി

ക്രിമിനൽ കുറ്റം ചുമത്തില്ലെന്ന പൊലീസ് പ്രഖ്യാപനത്തിന് പിന്നാലെ ഐസക് ഹീനി പ്രസ്താവന പുറത്തിറക്കി. അന്വേഷണകാലയളവിൽ പിന്തുണച്ച കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ആരാധകർക്കും അദ്ദേഹം നന്ദി പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസം തനിക്കും കുടുംബത്തിനും പ്രതിശ്രുതവധു സ്റ്റെഫിക്കും ഏറെ പ്രയാസകരമായിരുന്നുവെന്ന് ഹീനി പറഞ്ഞു. പൊതുജനശ്രദ്ധയും വിമർശനങ്ങളും ശക്തമായിരുന്ന സാഹചര്യത്തിലും തനിക്കൊപ്പം നിന്നവരുടെ പിന്തുണ മറക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിഡ്‌നി സ്വാൻസ് ക്ലബ്ബിനും സഹതാരങ്ങൾക്കും പരിശീലകർക്കും ബോർഡ് അംഗങ്ങൾക്കും ആരാധകർക്കും നന്ദി അറിയിച്ച ഹീനി, മികച്ച വ്യക്തിയും കളിക്കാരനുമായി ആ വിശ്വാസത്തിന് പ്രതിഫലം നൽകുന്നതിലാണ് ഇനി ശ്രദ്ധയെന്നും പറഞ്ഞു. അതേസമയം, മാധ്യമപ്രവർത്തകർ സമീപിച്ചപ്പോൾ നിക്ക് ബ്ലേക്കി കൂടുതൽ പ്രതികരിക്കാൻ തയ്യാറായില്ല. പിന്നീട് വിശദമായ പ്രസ്താവന നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.

സീസണിൽ നിന്ന് മാറ്റിനിർത്തിയിരുന്നു

ടീം മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ പേരിൽ ഹീനി, വാർണർ, ജോർഡൻ, ബ്ലേക്കി എന്നിവരെയും സഹതാരം റൈലി ബൈസിനെയും സിഡ്‌നി സ്വാൻസ് സീസണിന്റെ ശേഷിച്ച മത്സരങ്ങളിൽനിന്ന് മാറ്റിനിർത്തിയിരുന്നു. മദ്യപാനം, രാത്രി വൈകിയും പുറത്തുതങ്ങൽ, സ്ത്രീകളെ ഹോട്ടൽ മുറിയിലേക്ക് ക്ഷണിക്കൽ എന്നിവയായിരുന്നു ചൂണ്ടിക്കാട്ടിയ പെരുമാറ്റച്ചട്ട ലംഘനങ്ങൾ. ക്രിമിനൽ കുറ്റം ചെയ്തിട്ടില്ലെന്ന് താരങ്ങൾ എല്ലാവരും നേരത്തെ നിഷേധിച്ചിരുന്നു.

ക്രിമിനൽ അന്വേഷണത്തിൽ റൈലി ബൈസിനെയും പൊലീസ് കുറ്റവിമുക്തനാക്കിയിരുന്നു. സിഡ്‌നി സ്വാൻസിന്റെ മുൻ താരം ടെയ്‌ലർ ആഡംസും സംഭവസമയത്ത് മുറിയിലുണ്ടായിരുന്നുവെന്നും അദ്ദേഹത്തെ സാക്ഷിയായാണ് പരിഗണിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. സ്വാൻസുമായുള്ള ബന്ധം വഷളായതിനെത്തുടർന്ന് കഴിഞ്ഞ മാസം ബ്ലേക്കി നോർത്ത് മെൽബണിലേക്ക് മാറി. മറ്റു താരങ്ങൾ ഇപ്പോഴും സിഡ്‌നി സ്വാൻസിൽ തുടരുകയാണ്. ഒക്ടോബർ ഒന്നിന് ക്ലബ്ബിന്റെ മികച്ച താരത്തിനുള്ള ബോബ് സ്കിൽട്ടൺ മെഡൽ തുടർച്ചയായ മൂന്നാം തവണയും ഹീനിക്ക് ലഭിച്ചിരുന്നു. എന്നാൽ ചടങ്ങിൽ നേരിട്ട് പങ്കെടുക്കാതെ വീഡിയോയിലൂടെയാണ് അദ്ദേഹം സ്വീകരണ പ്രസംഗം നടത്തിയത്.

സിവിൽ നടപടികൾ തുടരും

ക്രിമിനൽ അന്വേഷണം അവസാനിച്ചെങ്കിലും സ്ത്രീകൾ ഉന്നയിച്ച സിവിൽ പരാതികൾ തുടരും. അഞ്ച് പുരുഷന്മാർക്കും സിഡ്‌നി സ്വാൻസ് ക്ലബ്ബിനും സ്ത്രീകളുടെ അഭിഭാഷകർ നേരത്തെ നിയമനോട്ടീസുകളും കേസ് ഹർജിയുടെ കരടും അയച്ചിരുന്നു. ഇത് വിക്ടോറിയ സുപ്രീം കോടതിയിൽ നിയമനടപടികളിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് സിഡ്‌നി മോണിങ് ഹെറാൾഡ്, ദ ഏജ് എന്നീ പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. പൊലീസ് കുറ്റം ചുമത്താത്തതിൽ പരാതിക്കാരിലൊരാൾ കടുത്ത നിരാശയിലാണെന്ന് അവരുടെ അഭിഭാഷകൻ ജാക്സൺ പന്നം പറഞ്ഞു. സംഭവം ഉടൻ റിപ്പോർട്ട് ചെയ്യുകയും ഔദ്യോഗിക മൊഴി നൽകുകയും അന്വേഷണവുമായി പൂർണമായി സഹകരിക്കുകയും ചെയ്തയാളാണ് തന്റെ കക്ഷിയെന്നും അദ്ദേഹം വ്യക്തമാക്കി. ക്രിമിനൽ കുറ്റം ചുമത്താത്തത് സിവിൽ കേസ് നടപടികൾക്ക് തടസ്സമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രിമിനൽ കേസുകളിൽ കുറ്റം സംശയാതീതമായി തെളിയിക്കേണ്ട ഉയർന്ന മാനദണ്ഡമാണ് നിലവിലുള്ളതെന്ന് മറ്റുരണ്ട് സ്ത്രീകളുടെ അഭിഭാഷകനായ ജോൺ കരന്റ്സിസും ചൂണ്ടിക്കാട്ടി. സിവിൽ കേസുകളിൽ സാധ്യതകളുടെ തുലനമാണ് തെളിവിന്റെ മാനദണ്ഡമെന്നും പരാതികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

(ശ്രദ്ധിക്കുക: ക്രിമിനൽ കുറ്റം ചുമത്തേണ്ടതില്ലെന്ന പൊലീസിന്റെ തീരുമാനം പരാതികൾ വ്യാജമാണെന്നോ സിവിൽ പരാതികൾ അവസാനിച്ചെന്നോ അർഥമാക്കുന്നില്ല.)

SCROLL FOR NEXT