ജസീന്ത അലൻ  
Victoria

മുൻ വിക്ടോറിയൻ പ്രീമിയർ ജസീന്ത അലൻ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നു

വെള്ളിയാഴ്ച രാവിലെ സ്വന്തം മണ്ഡലമായ ബെൻഡിഗോ ഈസ്റ്റിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അലൻ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്ന കാര്യം പ്രഖ്യാപിച്ചത്.

Safvana Jouhar

മെൽബൺ: മുൻ വിക്ടോറിയൻ പ്രീമിയറും ലേബർ പാർട്ടി നേതാവുമായ ജസീന്ത അലൻ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. ലേബർ പാർട്ടി നേതൃസ്ഥാനത്ത് നിന്ന് പടിയിറങ്ങി രണ്ടാഴ്ച പിന്നിടുന്നതിനിടെയാണ് നവംബർ സംസ്ഥാന തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് അവർ അറിയിച്ചത്. വെള്ളിയാഴ്ച രാവിലെ സ്വന്തം മണ്ഡലമായ ബെൻഡിഗോ ഈസ്റ്റിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അലൻ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്ന കാര്യം പ്രഖ്യാപിച്ചത്.

“ഞാൻ ഒരു ദിവസവും പാഴാക്കിയില്ലെന്ന് അഭിമാനത്തോടെ പറയാം,” അലൻ പറഞ്ഞു. പൊതുജനാരോഗ്യത്തിലും വിദ്യാഭ്യാസത്തിലും മികച്ച നിക്ഷേപം, ശക്തമായ ട്രേഡ് യൂണിയൻ പ്രസ്ഥാനം, മറ്റുള്ളവരോടുള്ള ബഹുമാനം, തീരുമാനമെടുക്കുന്നതിൽ സമൂഹത്തിന്റെ പങ്കാളിത്തം തുടങ്ങിയ മൂല്യങ്ങൾ തന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം പിന്തുടർന്നതായി അവർ പറഞ്ഞു. “മാന്യമായ വേതനത്തോടെയുള്ള മാന്യമായ തൊഴിലുകൾ ഉറപ്പാക്കുന്നതിനുള്ള പോരാട്ടമാണ് ലേബർ സർക്കാരുകളുടെ പ്രവർത്തനങ്ങളുടെ കേന്ദ്രത്തിൽ ഉണ്ടായിരിക്കേണ്ടത്,” അവർ കൂട്ടിച്ചേർത്തു.

29-ാം വയസ്സിൽ മന്ത്രിസ്ഥാനത്ത് എത്തി.

1999ൽ, 26-ാം ജന്മദിനത്തിന് ഒരു ദിവസം മുമ്പാണ് ജസീന്ത അലൻ ആദ്യമായി വിക്ടോറിയൻ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അന്ന് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ എംപിയായിരുന്നു അവർ. 29-ാം വയസ്സിൽ മന്ത്രിസ്ഥാനത്തേക്കും ഉയർന്നു. അതേസമയം 2023 സെപ്റ്റംബറിലാണ് ഡാനിയൽ ആൻഡ്രൂസ് രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചതിനെ തുടർന്ന് ജസീന്ത അലൻ വിക്ടോറിയൻ പ്രീമിയറായത്. എന്നാൽ ജൂലൈ 27ന് പാർട്ടിയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും പിന്തുണ നഷ്ടപ്പെട്ടതിനെ തുടർന്ന് അവർ ലേബർ നേതൃസ്ഥാനത്ത് നിന്ന് പിന്മാറുകയായിരുന്നു. തുടർന്ന് അവരുടെ ഡെപ്യൂട്ടി ബെൻ കരോൾ പുതിയ പ്രീമിയറായി ചുമതലയേറ്റു.

ജസീന്ത അലന്റെ രാഷ്ട്രീയ സേവനത്തെ ബെൻ കരോൾ പ്രശംസിച്ചു.

ജസീന്ത അലന്റെ രാഷ്ട്രീയ സേവനത്തെ ബെൻ കരോൾ പ്രശംസിച്ചു. 27 വർഷമായി ബെൻഡിഗോയിലെയും വിക്ടോറിയയിലെയും ജനങ്ങൾക്കായി അവർ സേവനം ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. “അവർ ബെൻഡിഗോയെ മികച്ച രീതിയിൽ മാറ്റിമറിച്ചു. ഭാവിയിൽ എല്ലാ വിജയങ്ങളും ആശംസിക്കുന്നു,” കരോൾ പറഞ്ഞു. 1999 മുതൽ 27 വർഷത്തോളം വിക്ടോറിയൻ രാഷ്ട്രീയത്തിൽ സജീവമായിരുന്ന ജസീന്ത അലന്റെ രാഷ്ട്രീയ യാത്ര ഇതോടെ അവസാനിക്കുകയാണ്.

SCROLL FOR NEXT