മുൻ കാർൾട്ടൺ ഫുട്ബോൾ ക്ലബ് പ്രസിഡന്റ് ലൂക്ക് സെയേഴ്സ്  (Photograph: Joel Carrett/AAP)
Victoria

മുൻ ഭാര്യയോട് മാപ്പുപറഞ്ഞ് മുൻ കാർൾട്ടൺ പ്രസിഡന്റ് ലൂക്ക് സെയേഴ്സ്; മാനനഷ്ടക്കേസ് ഒത്തുതീർപ്പായി

കേസ് ഒത്തുതീർപ്പായതിനെ തുടർന്നാണ് വിക്ടോറിയ സുപ്രീം കോടതിയിൽ വെള്ളിയാഴ്ച മാപ്പപേക്ഷ വായിച്ചത്. സെയേഴ്സിന് വേണ്ടി അഭിഭാഷകൻ സന്ദീപ് മുഖർജിയയാണ് കോടതിയിൽ മാപ്പപേക്ഷ വായിച്ചത്.

Safvana Jouhar

മെൽബൺ: അശ്ലീല ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തെന്ന ആരോപണവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ മുൻ കാർൾട്ടൺ ഫുട്ബോൾ ക്ലബ് പ്രസിഡന്റ് ലൂക്ക് സെയേഴ്സ് മുൻ ഭാര്യ കേറ്റ് സെയേഴ്സിനോട് മാപ്പുപറഞ്ഞു. കേസ് ഒത്തുതീർപ്പായതിനെ തുടർന്നാണ് വിക്ടോറിയ സുപ്രീം കോടതിയിൽ വെള്ളിയാഴ്ച മാപ്പപേക്ഷ വായിച്ചത്. സെയേഴ്സിന് വേണ്ടി അഭിഭാഷകൻ സന്ദീപ് മുഖർജിയയാണ് കോടതിയിൽ മാപ്പപേക്ഷ വായിച്ചത്. അശ്ലീല ചിത്രം കേറ്റ് സെയേഴ്സ് പോസ്റ്റ് ചെയ്തതായോ ചെയ്യാൻ സാധ്യതയുണ്ടായിരുന്നതായോ സൂചിപ്പിച്ചതിലൂടെ അവർക്കുണ്ടായ കടുത്ത വേദനയും ദോഷവും താൻ അംഗീകരിക്കുന്നതായി സെയേഴ്സ് വ്യക്തമാക്കി. “അവർ ഇത് ചെയ്തിട്ടില്ലെന്ന് ഞാൻ അംഗീകരിക്കുന്നു. മറിച്ചൊരു ധാരണ ഞാൻ സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ, ആത്മാർത്ഥമായി മാപ്പ് ചോദിക്കുന്നു,” എന്നായിരുന്നു മാപ്പപേക്ഷ.

2025 ജനുവരിയിൽ തന്റെ എക്സ് അക്കൗണ്ടിൽ പ്രവേശിച്ച് ജനനേന്ദ്രിയത്തിന്റെ ചിത്രം പോസ്റ്റ് ചെയ്യുകയും ബുപയിലെ ഒരു വനിതാ എക്സിക്യൂട്ടീവിനെ ടാഗ് ചെയ്യുകയും ചെയ്തതായി കേറ്റ് സെയേഴ്സിനെതിരെ ലൂക്ക് സെയേഴ്സ് സത്യവാങ്മൂലത്തിൽ ആരോപിച്ചിരുന്നു. വിവാദ പോസ്റ്റ് പിന്നീട് ഉടൻ നീക്കം ചെയ്യുകയും AFLയും കാർൾട്ടൺ ക്ലബ്ബും അന്വേഷണങ്ങൾ നടത്തുകയും ചെയ്തു. കേസ് സ്വകാര്യമായി പരിഗണിക്കുന്നതിനായി ഫെഡറൽ സർക്യൂട്ട് ആൻഡ് ഫാമിലി കോടതിയിലേക്ക് മാറ്റണമെന്ന സെയേഴ്സിന്റെ ആവശ്യം ജൂണിൽ ജസ്റ്റിസ് ആൻഡ്രൂ വാട്ട്സൺ തള്ളിയിരുന്നു. മാനനഷ്ടക്കേസിന് സുപ്രീം കോടതിയാണ് കൂടുതൽ അനുയോജ്യമെന്ന് അദ്ദേഹം വിലയിരുത്തി.

വെള്ളിയാഴ്ച കേസ് തള്ളിയ കോടതി, ഇരുപക്ഷവും ഒത്തുതീർപ്പിലെത്തിയതിനെ അഭിനന്ദിച്ചു. ഒത്തുതീർപ്പിന്റെ സാമ്പത്തിക വ്യവസ്ഥകൾ കോടതിയിൽ വെളിപ്പെടുത്തിയില്ല. കോടതിക്ക് പുറത്ത് കേറ്റ് സെയേഴ്സ് മുൻ ഭർത്താവിന്റെ മാപ്പപേക്ഷ സ്വീകരിച്ചതായി പറഞ്ഞു. ഈ ഒത്തുതീർപ്പ് തന്റെ ജീവിതത്തിലെ “വേദനാജനകവും ബുദ്ധിമുട്ടേറിയതുമായ ഒരു അധ്യായം” അവസാനിപ്പിച്ചതായും അവർ വ്യക്തമാക്കി. 2021 മുതൽ 2025 വരെ കാർൾട്ടൺ ക്ലബ്ബിന്റെ ചെയർമാനായിരുന്നു ലൂക്ക് സെയേഴ്സ്. അതിന് മുമ്പ് 2012 മുതൽ 2020 വരെ PwC Australiaയുടെ മേധാവിയായും പ്രവർത്തിച്ചിരുന്നു.

SCROLL FOR NEXT