വാഹനങ്ങൾ പരിശോധിച്ചപ്പോൾ ആകെ 168 ഷെല്ല് നീക്കം ചെയ്ത അബലോണുകൾ കണ്ടെത്തി. (Victorian Fisheries Authority)
Victoria

നിയമവിരുദ്ധമായി അബലോൺ മത്സ്യബന്ധനം; രണ്ട് മത്സ്യത്തൊഴിലാളികൾക്ക് 6,000 ഡോളറിലേറെ പിഴ

പെർത്ത് സ്വദേശികളായ ഇരുവരും ഡൺസ്ബറോയ്ക്കു സമീപമുള്ള കേപ് നാച്ചുറലിസ്റ്റിൽ റോസ് അബലോൺ പിടിക്കുന്നതിനിടെ അനുവദനീയമായ പരിധിയേക്കാൾ കൂടുതൽ ശേഖരിച്ചിരുന്നു.

Safvana Jouhar

പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ നിയമവിരുദ്ധമായി അബലോൺ ശേഖരിച്ച രണ്ട് മത്സ്യത്തൊഴിലാളികൾക്ക് 6,000 ഓസ്ട്രേലിയൻ ഡോളറിലധികം പിഴ കോടതി വിധിച്ചു. പെർത്ത് സ്വദേശികളായ ഇരുവരും ഡൺസ്ബറോയ്ക്കു സമീപമുള്ള കേപ് നാച്ചുറലിസ്റ്റിൽ റോസ് അബലോൺ പിടിക്കുന്നതിനിടെ അനുവദനീയമായ പരിധിയേക്കാൾ കൂടുതൽ ശേഖരിച്ചിരുന്നു. സംശയം തോന്നിയ ഒരു ബീച്ച് സന്ദർശകൻ FishWatch- നെ വിവരം അറിയിച്ചതിനെ തുടർന്ന് മത്സ്യബന്ധന ഉദ്യോഗസ്ഥർ സമീപത്ത് പരിശോധനാ കേന്ദ്രം ഒരുക്കി.

പരിശോധനാ കേന്ദ്രത്തിൽ എത്തുന്നതിന് ഏകദേശം 200 മീറ്റർ മുമ്പ് 37-കാരനായ ഒരാൾ കാർ നിർത്തി, അബലോൺ നിറച്ച ബാഗ് കുറ്റിക്കാട്ടിലേക്ക് എറിയാൻ ശ്രമിച്ചത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. പിന്നാലെ വന്ന 47-കാരനും വാഹനം നിർത്തി. ഇരുവരുടെയും വാഹനങ്ങൾ പരിശോധിച്ചപ്പോൾ ആകെ 168 ഷെല്ല് നീക്കം ചെയ്ത അബലോണുകൾ കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, അബലോണിന്റെ ഷെൽ കടലിൽവെച്ചുതന്നെ നീക്കം ചെയ്തതായും ഇരുവരും സമ്മതിച്ചു. ഇത് നിയമലംഘനമാണെന്ന് പ്രാഥമിക വ്യവസായ-പ്രാദേശിക വികസന വകുപ്പിലെ (DPIRD) ഉദ്യോഗസ്ഥർ അറിയിച്ചു.

ദക്ഷിണ മേഖലയിൽ ഒരാൾക്ക് പ്രതിദിനം 20 റോസ് അബലോൺ മാത്രമാണ് പിടിക്കാൻ അനുമതിയുള്ളത്. കൂടാതെ, അബലോൺ ഉൾപ്പെടെയുള്ള ഭക്ഷ്യയോഗ്യമായ മോളസ്കുകൾ തീരത്ത് നിന്ന് 200 മീറ്ററിലധികം അകലെ എത്തുന്നതുവരെ ഷെല്ലോടുകൂടി തന്നെ സൂക്ഷിക്കണമെന്നും നിയമം വ്യക്തമാക്കുന്നു.

37-കാരൻ സാധുവായ വിനോദ മത്സ്യബന്ധന ലൈസൻസ് ഇല്ലാതെയാണ് അബലോൺ പിടിച്ചതെന്നും കണ്ടെത്തി. ബസ്സൽട്ടൺ കോടതിയിൽ ഹാജരാക്കിയ ഇരുവർക്കും അനുവദനീയമായ പരിധി ലംഘിക്കൽ, നിയമവിരുദ്ധമായി ഷെൽ നീക്കം ചെയ്യൽ, ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തൽ, ലൈസൻസില്ലാതെ മത്സ്യബന്ധനം നടത്തൽ തുടങ്ങിയ കുറ്റങ്ങൾക്ക് 6,000 ഡോളറിലധികം പിഴയും മറ്റ് ശിക്ഷകളും വിധിച്ചു. നിലവിൽ ദക്ഷിണ മേഖലയിലെ അബലോൺ മത്സ്യബന്ധനം അടച്ചിരിക്കുകയാണ്. ഇത് ഒക്ടോബർ 1 മുതൽ വീണ്ടും തുറക്കും.

SCROLL FOR NEXT