ABC News: Jane Cowan
Victoria

മെൽബൺ ക്രൗൺ കാസിനോയിൽ ലഹരിമരുന്ന് ഉപയോഗം കൂടുന്നു; രണ്ട് വർഷത്തിനിടെ 59 കേസുകൾ

കാസിനോയിൽ ലഹരിമരുന്ന് കൈവശം വെച്ചതിനും കടത്തിയതിനുമുള്ള കേസുകൾ ലഹരി ഉപയോഗ കേസുകളെ അപേക്ഷിച്ച് വളരെ കുറവാണ്.

Elizabath Joseph

ആംബുലൻസ് വിക്ടോറിയയുടെ കണക്കുകൾ പ്രകാരം 2024, 2025 വർഷങ്ങളിലായി ക്രൗൺ കാസിനോ സമുച്ചയത്തിനുള്ളിൽ 59 ഓവർഡോസ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ ഗെയിമിംഗ് ഏരിയകൾ, റെസ്റ്റോറന്റുകൾ, നൈറ്റ് ക്ലബ്ബുകൾ, ഹോട്ടലുകൾ എന്നിവ ഉൾപ്പെടുന്നു. ഇതിനുപുറമെ കാസിനോയ്ക്ക് പുറത്തുള്ള യാര പ്രൊമെനേഡിൽ (Yarra Promenade) മൂന്ന് കേസുകൾ കൂടി രേഖപ്പെടുത്തിയിട്ടുണ്ട്. മിക്ക കേസുകളിലും ഏത് തരം ലഹരിമരുന്നാണ് ഉപയോഗിച്ചതെന്ന് വ്യക്തമല്ലെങ്കിലും, നിയമവിരുദ്ധ മരുന്നുകളും കുറിപ്പടി പ്രകാരം ലഭിക്കുന്ന മരുന്നുകളും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ഈ കേസുകളിലൊന്നും മദ്യം ലഹരിവസ്തുവായി ലിസ്റ്റ് ചെയ്തിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

കാസിനോകളിൽ നടക്കുന്ന ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിൽ സർക്കാരുകൾ "മനഃപൂർവ്വമായ അന്ധത" (Wilful blindness) കാണിക്കുന്നുവെന്ന് ക്രിമിനോളജിസ്റ്റ് വിൻസെന്റ് ഹർലി വിമർശിച്ചു. ടൂറിസത്തെയും അന്താരാഷ്ട്ര പ്രതിച്ഛായയെയും ബാധിക്കുമെന്ന ഭയത്താൽ കാസിനോകളിൽ ലഹരിമരുന്ന് പരിശോധനയ്ക്കായി നായകളെ ഉപയോഗിക്കുന്നതിനോ (Drug-dog operations) കർശനമായ പോലീസ് പരിശോധനയ്ക്കോ സർക്കാർ അനുമതി നൽകുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. ക്രൈം സ്റ്റാറ്റിസ്റ്റിക്സ് ഏജൻസിയുടെ കണക്കുകൾ പ്രകാരം, കാസിനോയിൽ ലഹരിമരുന്ന് കൈവശം വെച്ചതിനും കടത്തിയതിനുമുള്ള കേസുകൾ ലഹരി ഉപയോഗ കേസുകളെ അപേക്ഷിച്ച് വളരെ കുറവാണ്.

അതേസമയം, ആംബുലൻസ് വിക്ടോറിയയുടെ ഈ കണക്കുകളെ ക്രൗൺ അധികൃതർ എതിർത്തു. റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളെല്ലാം ലഹരിമരുന്നിന്റെ അമിത ഉപയോഗം മൂലമുള്ളതാകണമെന്നില്ലെന്നും, മരുന്നുകളുടെ പ്രതിപ്രവർത്തനമോ മദ്യപാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളോ ആകാം ഇതെന്നും അവർ അവകാശപ്പെട്ടു. വർഷം തോറും 2.6 കോടി ആളുകൾ സന്ദർശിക്കുന്ന ക്രൗൺ ഒരു ചെറിയ നഗരത്തിന് സമാനമാണെന്നും അവിടുത്തെ തിരക്ക് പരിഗണിക്കുമ്പോൾ ഈ കണക്കുകൾ വലുതല്ലെന്നുമാണ് കാസിനോയുടെ നിലപാട്. എങ്കിലും, ഒരു ചെറിയ പ്രദേശത്ത് ഇത്രയധികം കേസുകൾ ഉണ്ടാകുന്നത് ആശങ്കാജനകമാണെന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ച് ഇതിനെതിരെ നടപടി വേണമെന്നും ആരോഗ്യ വിദഗ്ധർ ആവശ്യപ്പെടുന്നു.

SCROLL FOR NEXT