മെൽബൺ: 2022-ൽ വിക്ടോറിയയിൽ രണ്ട് റേസിംഗ് താരങ്ങളുടെ ദാരുണ മരണത്തിനിടയാക്കിയ ഓഫ്-റോഡ് റേസിംഗ് അപകടത്തിൽ നിർണ്ണായക അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് കോറോണർ. റെയിൻബോയിൽ നടന്ന ഡെസേർട്ട് എൻഡ്യൂറോ റേസിംഗിനിടെ വാഹനം നിയന്ത്രണം വിട്ട് മരത്തിലിടിച്ച് തീപിടിച്ച് കൊല്ലപ്പെട്ട ജെറാൾഡ് ഹോക്‌സ്ട്ര (46), ഈഡ് താരിക് (50) എന്നിവരുടെ മരണത്തിലാണ് കോറോണർ ഇംഗ്രിഡ് ഗൈൽസ് (Ingrid Giles) സമഗ്രമായ റിപ്പോർട്ട് സമർപ്പിച്ചത്.
അപകടത്തിൽപ്പെട്ട വാഹനം പെട്ടെന്ന് തീപിടിച്ചതാണ് താരങ്ങൾ കൊല്ലപ്പെടാൻ ഇടയാക്കിയത്. അപകടത്തെ തുടർന്ന് വാഹനത്തിലെ ഫ്യുവൽ ടാങ്കിലെ പ്ലാസ്റ്റിക് ക്യാപ്പ് തകരുകയും റീഫ്ലക്സ് വാൽവ് (Reflux Valve) ഇല്ലാത്തതിനാൽ ഇന്ധനം പുറത്തേക്ക് ഒഴുകി കാറ്റലിറ്റിക് കൺവെർട്ടറിന്റെ ചൂടേറ്റ് അതിവേഗം തീപടരുകയുമായിരുന്നു. നിലവിലുള്ള കെയ്യാൽ പ്രവർത്തിപ്പിക്കുന്ന ഫയർ എക്‌സ്റ്റിംഗുഷറുകൾ ഇത്തരത്തിലുള്ള തീപിടുത്തങ്ങൾ അണയ്ക്കാൻ പര്യാപ്തമല്ലെന്ന് കോറോണർ കണ്ടെത്തി. റേസിംഗ് വാഹനങ്ങളിൽ ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന പ്ലംബ്ഡ്-ഇൻ ഫയർ എക്‌സ്റ്റിംഗുഷർ (Plumbed-in Fire Extinguisher) സംവിധാനം നിർബന്ധമാക്കണമെന്നും, അപകടമുണ്ടായാൽ 10 സെക്കൻഡിനുള്ളിൽ റേസർമാർക്ക് സ്വയം പുറത്തുകടക്കാനാകുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ കർശനമായ ഡ്രിൽ പരിശോധന നടപ്പിലാക്കണമെന്നും മോട്ടോർസ്‌പോർട് ഓസ്‌ട്രേലിയയോട് (Motorsport Australia) കോറോണർ ശുപാർശ ചെയ്തു.