മെൽബൺ: തെക്കുകിഴക്കൻ ഓസ്‌ട്രേലിയയിൽ അനുഭവപ്പെട്ടിരുന്ന ചൂടേറിയ വസന്തകാല കാലാവസ്ഥയ്ക്ക് താൽക്കാലിക വിരാമം. ചൊവ്വാഴ്ച മുതൽ ശക്തമായ തണുത്ത കാറ്റിനൊപ്പം താപനില കുത്തനെ താഴുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. വിക്ടോറിയ, ന്യൂ സൗത്ത് വെയിൽസ്, ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി, ടാസ്മാനിയ എന്നിവിടങ്ങളിലായി ദശലക്ഷക്കണക്കിന് ആളുകളെയാണ് കാലാവസ്ഥാ മാറ്റം ബാധിക്കുക. 20 ഡിഗ്രിക്ക് മുകളിൽ താപനില അനുഭവപ്പെട്ടിരുന്ന പ്രദേശങ്ങളിൽ ചൊവ്വാഴ്ച മുതൽ കടുത്ത തണുപ്പ് അനുഭവപ്പെടും.
ടാസ്മാനിയയിലും വിക്ടോറിയയിലും ചൊവ്വാഴ്ച താപനില ഗണ്യമായി താഴും. ഹോബാർട്ടിൽ പരമാവധി താപനില 13 ഡിഗ്രി സെൽഷ്യസിലും മെൽബണിൽ 14 ഡിഗ്രിയിലും ഒതുങ്ങുമെന്നാണ് പ്രവചനം. വിക്ടോറിയയിലെ ഈസ്റ്റ് ഗിപ്‌സ്‌ലാൻഡ് തീരത്തും ടാസ്മാനിയയുടെ പടിഞ്ഞാറൻ തീരത്തും കാലാവസ്ഥാ വകുപ്പ് ശക്തമായ കാറ്റിനുള്ള മുന്നറിയിപ്പും നൽകി. ബുധനാഴ്ച തണുത്ത കാറ്റ് ന്യൂ സൗത്ത് വെയിൽസിലേക്കും ACTയിലേക്കും വ്യാപിക്കും. തിങ്കളാഴ്ച 26 ഡിഗ്രി വരെ ചൂട് രേഖപ്പെടുത്തിയ സിഡ്‌നിയിൽ ബുധനാഴ്ച പരമാവധി 18 ഡിഗ്രി മാത്രമായിരിക്കും. ശക്തമായ കാറ്റിനെ തുടർന്ന് അനുഭവപ്പെടുന്ന തണുപ്പ് ഇതിലും കൂടുതലായിരിക്കും.
കാൻബറയിൽ തിങ്കളാഴ്ച 21 ഡിഗ്രി വരെ താപനില രേഖപ്പെടുത്തിയെങ്കിലും ബുധനാഴ്ച ഇത് ഏകദേശം 13 ഡിഗ്രിയായി താഴും. വ്യാഴാഴ്ച രാവിലെ മഞ്ഞുമൂടിയ കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. വിക്ടോറിയൻ ഹൈ കൺട്രിയിലും തെക്കൻ ന്യൂ സൗത്ത് വെയിൽസിലും നേരിയ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്. ചില പ്രദേശങ്ങളിൽ സമുദ്രനിരപ്പിൽ നിന്ന് 800 മീറ്റർ ഉയരത്തിൽ വരെ മഞ്ഞുവീഴ്ചയ്ക്കുള്ള സാഹചര്യമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. എന്നാൽ ഈ തണുത്ത കാലാവസ്ഥ അധികനാൾ നീണ്ടുനിൽക്കില്ല. വെള്ളിയാഴ്ചയോടെ താപനില സാധാരണ സെപ്റ്റംബർ ശരാശരിയിലേക്ക് മടങ്ങും. വാരാന്ത്യത്തിൽ വീണ്ടും തെളിഞ്ഞതും ചൂടേറിയതുമായ കാലാവസ്ഥ പ്രതീക്ഷിക്കാം.