Helen Haines Image Posted on X @UKDispatch
Victoria

ഓസ്‌ട്രേലിയൻ എംപി ഹെലൻ ഹെയ്ൻസിന് നേരെ കാറിടിച്ച് വധശ്രമം; നില അതീവ ഗുരുതരം, അന്വേഷണം ആരംഭിച്ചു

വൈറ്റ് ടൊയോട്ട ലാൻഡ് ക്രൂയിസർ വാഹനം ഹെയ്ൻസിന്റെ നേരെ മനഃപൂർവ്വം ഓടിച്ചുകയറ്റുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി

Elizabath Joseph

സിഡ്നി: സ്വതന്ത്ര ഓസ്‌ട്രേലിയൻ പാർലമെന്റ് അംഗം ഹെലൻ ഹെയ്ൻസിന് നേരെ ഓഫീസിന് പുറത്തുവെച്ച് കാറിടിപ്പിച്ച് വധശ്രമം. ഗുരുതരമായി പരിക്കേറ്റ 65-കാരിയായ ഹെയ്ൻസിനെ എയർ ആംബുലൻസ് മാർഗ്ഗം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. തിങ്കളാഴ്ച മെൽബണിൽ നിന്ന് മൂന്ന് മണിക്കൂർ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന വാങ്കരട്ടയിലെ (Wangaratta) മർഫി സ്ട്രീറ്റിലുള്ള എംപിയുടെ ഓഫീസിന് മുന്നിലായിരുന്നു സംഭവം. ആക്രമണം നടത്തിയ 43-കാരനായ ഡ്രൈവറെ നാട്ടുകാർ തടഞ്ഞുവെച്ച് വിക്ടോറിയ പോലീസിന് കൈമാറി.

വൈറ്റ് ടൊയോട്ട ലാൻഡ് ക്രൂയിസർ വാഹനം ഹെയ്ൻസിന്റെ നേരെ മനഃപൂർവ്വം ഓടിച്ചുകയറ്റുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. പ്രതിയുടെ വാഹനത്തിനുള്ളിൽ നിന്ന് ഒരു കത്തിയും കണ്ടെടുത്തിട്ടുണ്ട്. സംഭവം ഞെട്ടലുളവാക്കുന്നതാണെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി ആന്റണി ആൽബനീസ്, പ്രത്യേക ഭീകരവിരുദ്ധ ടാസ്ക് ഫോഴ്സ് കേസ് അന്വേഷിക്കുമെന്ന് വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാഷ്ട്രീയത്തിന് ചുറ്റും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ രൂപപ്പെടുന്ന അസഹിഷ്ണുതയും വിദ്വേഷവും ഇത്തരം അക്രമങ്ങൾക്ക് ആക്കം കൂട്ടുന്നുണ്ടെന്ന് പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. പൊതുജനങ്ങൾക്ക് മറ്റെവിടെയും ഭീഷണിയില്ലെന്നും ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും പോലീസ് അറിയിച്ചു.

ഓസ്‌ട്രേലിയൻ രാഷ്ട്രീയത്തിൽ ജനപ്രതിനിധികൾക്ക് നേരെയുള്ള അക്രമങ്ങൾ അതീവ അപൂർവ്വമാണെന്നിരിക്കെ, സംഭവത്തെ പ്രതിപക്ഷ നേതാവ് ആംഗസ് ടെയ്‌ലർ ശക്തമായി അപലപിച്ചു. അക്രമങ്ങൾ ഒരിക്കലും സാധാരണവൽക്കരിക്കപ്പെടാൻ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഓസ്‌ട്രേലിയയിൽ രാഷ്ട്രീയക്കാർക്ക് നേരെയുള്ള ഭീഷണികളും ഉപദ്രവങ്ങളും 1,067 ആയി ഉയർന്നതായി ആഭ്യന്തര മന്ത്രി ടോണി ബർക്ക് ചൂണ്ടിക്കാട്ടി. 2019 മുതൽ ഇൻഡി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സ്വതന്ത്ര എംപിയാണ് ഹെലൻ ഹെയ്ൻസ്. എംപിയുടെ ജീവൻ രക്ഷിക്കാൻ പ്രാർത്ഥിക്കുന്നതായും കുടുംബത്തിനൊപ്പമുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

SCROLL FOR NEXT