മെൽബൺ: പെറുവിലെ ഹുവായ്‌വാഷ് (Huayhuash) പർവതനിരകളിൽ ട്രെക്കിങ്ങിനിടെ കാണാതായ ഓസ്‌ട്രേലിയൻ യുവാവ് ജോർദാൻ യാപിനെ (30) മരിച്ച നിലയിൽ കണ്ടെത്തി. ആഴ്ചകൾ നീണ്ട തിരച്ചിലിനൊടുവിലാണ് യുവാവിന്റെ മരണം സ്ഥിരീകരിച്ചത്. കുടുംബാംഗങ്ങളാണ് ഞായറാഴ്ച പ്രസ്താവനയിലൂടെ വിവരം അറിയിച്ചത്.
മെൽബൺ സ്വദേശിയായ ജോർദാൻ യാപ് സെപ്റ്റംബർ 14നാണ് കുടുംബവുമായി അവസാനമായി സംസാരിച്ചത്. ഏകദേശം 120 കിലോമീറ്റർ ദൈർഘ്യമുള്ള കോർഡില്ലേറ ഹുവായ്‌വാഷ് സർക്യൂട്ട് എന്ന ട്രെക്കിങ് പാതയിലൂടെ ഒറ്റയ്ക്ക് യാത്ര ആരംഭിക്കാനിരിക്കെയായിരുന്നു ഇത്. സെപ്റ്റംബർ 23ന് ഹുവാറാസ് നഗരത്തിലെ ഹോസ്റ്റലിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും യുവാവ് എത്തിയില്ല. ഇതോടെ കുടുംബവും സുഹൃത്തുക്കളും തിരച്ചിൽ ആരംഭിക്കുകയായിരുന്നു.
പെറുവിന്റെ തലസ്ഥാനമായ ലിമയിൽനിന്ന് ഏകദേശം 280 കിലോമീറ്റർ വടക്കുള്ള ഹുവാറാസിലായിരുന്നു യുവാവിനെ അവസാനമായി പ്രതീക്ഷിച്ചിരുന്നത്. സാധനങ്ങൾ തിരിച്ചെടുക്കാനും ലിമയിലേക്ക് ബസ് പിടിക്കാനുമായി സെപ്റ്റംബർ 23ന് ഹോസ്റ്റലിൽ എത്തേണ്ടതായിരുന്നു. എന്നാൽ, തിരിച്ചെത്താതിരുന്നതോടെ അടുത്ത ദിവസം കുസ്‌കോയിലേക്കുള്ള വിമാനവും നഷ്ടമായി. യുവാവിനെ കണ്ടെത്താൻ മാതാപിതാക്കൾ ഹുവാറാസിലെത്തി ഓസ്‌ട്രേലിയൻ വിദേശകാര്യ-വ്യാപാര വകുപ്പിന്റെ (DFAT) സഹായത്തോടെ തിരച്ചിൽ ഏകോപിപ്പിച്ചിരുന്നു. സ്വകാര്യ രക്ഷാപ്രവർത്തക സംഘത്തെയും നിയോഗിച്ചു. സാമൂഹികമാധ്യമങ്ങളിലൂടെ തിരച്ചിൽ വിവരങ്ങൾ പങ്കുവെച്ചവർക്കും 100,000 ഡോളറിലധികം തുക സമാഹരിച്ചവർക്കും കുടുംബം നന്ദി അറിയിച്ചു.
പ്രകൃതിയെയും സാഹസിക യാത്രകളെയും ഏറെ ഇഷ്ടപ്പെട്ടിരുന്നയാളായിരുന്നു ജോർദാനെന്ന് പിതാവ് വിൻ ദാവോ നേരത്തെ പറഞ്ഞിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ട്രെക്കിങ് നടത്തിയിട്ടുണ്ടെങ്കിലും ഒറ്റയ്ക്കുള്ള യാത്ര ആദ്യമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. യുവാവിന്റെ പങ്കാളിയായ അനിതയും തിരോധാനത്തിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു. സമുദ്രനിരപ്പിൽനിന്ന് 5,000 മീറ്റർ വരെ ഉയരത്തിലെത്തുന്ന കോർഡില്ലേറ ഹുവായ്‌വാഷ് സർക്യൂട്ട് മനോഹരമായ കാഴ്ചകൾക്ക് പേരുകേട്ടതാണെങ്കിലും ദുഷ്കരമായ ട്രെക്കിങ് പാതയായാണ് കണക്കാക്കപ്പെടുന്നത്. അതേസമയം യുവാവിന്റെ മരണത്തിൽ ഓസ്‌ട്രേലിയൻ വിദേശകാര്യ-വ്യാപാര വകുപ്പ് കുടുംബത്തിന് കോൺസുലർ സഹായം നൽകിവരുന്നതായി അറിയിച്ചു. ദുഃഖകരമായ ഈ സമയത്ത് കുടുംബത്തോടൊപ്പം ദുഃഖം പങ്കിടുന്നതായും വകുപ്പ് വക്താവ് പറഞ്ഞു. സ്വകാര്യത മാനിക്കണമെന്നും ദുഃഖം തരണം ചെയ്യാൻ സമയം അനുവദിക്കണമെന്നും കുടുംബം അഭ്യർഥിച്ചു.